അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നിഷ വളരെ നേരത്തെ ഉണർന്ന് എഴുന്നേറ്റ് കുളിച്ചു റെഡിയായി. ആശുപത്രിയിൽ പോകാൻ തയാറായി. ശരത് അപ്പോഴും ഉറക്കത്തിൽ തന്നെയായിരുന്നു. കുറച്ചു വെള്ളമെടുത്ത് അയാളുടെ മുഖത്ത് തളിച്ച് ശരതിനെ ഉണർത്തി അവൾ പറഞ്ഞു. ”ഏട്ടാ ഇന്നല്ലേ ആശുപത്രിയിൽ ചെല്ലാമെന്ന് പറഞ്ഞത്. എന്നിട്ട് എന്താണ് ഇങ്ങനെ കിടന്നുറങ്ങുന്നത്. വേഗം റെഡിയാകൂ. 10 മണിക്ക് എത്താനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്” 9.30 ആയപ്പോഴേക്കും ശരതിന്റെ കാർ ആശുപത്രിയുടെ ഗേറ്റ് കടന്നു. ശരത് നേരേ ഹോസ്പിറ്റൽ റിസപ്ഷനിലേക്കു പോയി. അൽപനേരമൊക്കെ കാറിനടുത്ത് ചുറ്റിപ്പറ്റി നിന്ന നിഷ പെട്ടെന്ന് ഗേറ്റ് കടന്നു പുറത്തേക്ക് ഓടി. ഫയൽ എടുത്ത് ശരത് മടങ്ങിയെത്തിയപ്പോൾ നിഷയെ അവിടെയെങ്ങും കാണാനില്ലായിരുന്നു. അയാൾ കുറച്ചു നേരം കാത്തു നിന്നു. എല്ലായിടത്തും നോക്കിയിട്ടും നിഷയെ കാണാനില്ല. അൽപം കഴിഞ്ഞപ്പോൾ മാമന്റെ ഫോൺ വന്നു. അവൾ ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ട്. മാമൻ ആശുപത്രിയിലേക്കു വന്ന വഴിയാണ് കണ്ടത്. അപ്പോൾ തന്നെ ശരതിനെ വിളിച്ചു വരുത്തി. അവൾ ഒരു കാരണവശാലും ആശുപത്രിയിലേക്ക് വരാൻ തയാറായിരുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.

അഞ്ചാറു മാസം നീണ്ടു നിന്ന ഉപദേശങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ നിഷ ആശുപത്രിയിലേക്കു വരാൻ തയാറായി. ൈലംഗിക ബന്ധത്തിലേർപ്പെടാൻ അവൾക്കു ഭയമായിരുന്നു. ആ ഭയം മാറ്റാനുള്ള ചികിത്സക്കു വേണ്ടിയാണ് നിഷ ആശുപത്രിയിൽ എത്തിയത്. ആദ്യ സന്ദർശനത്തിൽ തന്നെ പരിശോധനകൾ എല്ലാം പൂർത്തിയാക്കി. രണ്ടാഴ്ചത്തെ ചികിത്സയും മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതിനു വേണ്ടി അഡ്മിറ്റാകാൻ വന്നപ്പോഴാണ് അവൾ ഭയന്ന് ഓടിപ്പോയത്.

ഇത്തവണ ഭയവും ഉത്കണ്ഠയുമെല്ലാം കടിച്ചമർത്തി ചികിത്സയോട് സഹകരിക്കുവാൻ സമ്മതിച്ചു. കഴിഞ്ഞ 28 വർഷത്തെ ക്ലിനിക്കൽ പ്രാക്ടീസിനിടയിൽ ഒരിയ്ക്കൽ പോലും ആശുപത്രിയിലേക്ക് കടന്നു വരാൻ പോലും ഭയമുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. ലൈംഗിക ബന്ധത്തിലേർപ്പെടാൻ മാത്രമല്ല അതിന്റെ ചികിത്സയെപ്പോലും ഭയപ്പെടുന്ന ഈ പെൺകുട്ടിയുടെ പേടി എങ്ങനെ മാറ്റിയെടുക്കും എന്നോർത്ത് ഞാനും അൽപം ഭയപ്പെടാതിരുന്നില്ല. എങ്കിലും ചികിത്സ ആരംഭിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ നിഷയുടെ ഭയം മാറി. 8 –ാം ദിവസം തന്നെ അവരുടെ ദാമ്പത്യം പൂവണിഞ്ഞു. അടുത്ത ദിവസം ജാസ്മിൻ കൈനിറയെ മധുര പലഹാരങ്ങളുമായാണ് ട്രീറ്റ്‌മെന്റ് റൂമിലേക്ക് വന്നത്.

കല്യാണം കഴിഞ്ഞ് 2 വർഷവും 10 മാസവും കഴിഞ്ഞപ്പോഴാണ് അവർ ചികിത്സയ്ക്കായി എത്തിയത്. വിവാഹം കഴിഞ്ഞുവെങ്കിലും അന്നുവരെ ശാരീരിക ബന്ധത്തിലേർപ്പെട്ടില്ലായിരുന്നു ഇരുവരും. ഇതിനു മുൻപ് ശരതും അമ്മയും കൂടി ഒരു ഗൈനക്കോളജിസ്റ്റിനെയും കാണിച്ചിരുന്നു. ഡോക്ടർ അവളെ വിശദമായി പരിശോധിക്കാൻ ഒരുങ്ങിയെങ്കിലും നിഷ സഹകരിച്ചില്ല. അവളുടെ കൈകാലുകൾ ബലമായി പിടിച്ചു വച്ച് അവർ പരിശോധിക്കാൻ ശ്രമം നടത്തി. എന്നിട്ടും കഴിഞ്ഞില്ല. ഈ സംഭവത്തോടെ അവളുടെ ഭയം പതിന്മടങ്ങ് വർധിച്ചെന്നു മാത്രമല്ല, ഡോക്ടേഴ്‌സിനെ കാണുന്നതും ആശുപത്രിയിൽ കാലെടുത്ത് കുത്തുന്നത് പോലും പേടിയായി തുടങ്ങി. അതുകൊണ്ടാണ് ചികിത്സയ്ക്കായി ആശപത്രിയിൽ വന്നപ്പോൾ തിരിച്ചോടിപ്പോയത്. 10–ാം ദിവസം ചികിത്സ പൂർത്തിയാക്കി ഇരുവരും വീട്ടിലേക്കു മടങ്ങി.