ഡോ. പ്രമോദ്

ദീപേഷും ഡെയ്സിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പക്ഷേ നാലു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അവര്‍ എത്തിയത് വിവാഹമോചനം എന്ന ആവശ്യവുമായി വക്കീലിനു മുന്നിലാണ്. വളരെ നാള്‍ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനമായതിനാല്‍ വക്കീല്‍ ഇരുവരെയും വിളിച്ചിരുത്തി വിശദമായി സംസാരിച്ചു. രണ്ടുപേരും പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഇരുവരും തമ്മില്‍ മാനസികമായ അകല്‍ച്ചയോ വിദ്വേഷമോ ഇല്ലെന്ന് വക്കീലിനു മനസ്സിലായി. നാലു വര്‍ഷമായിട്ടും കുട്ടികളുണ്ടായിട്ടില്ല എന്നതായിരുന്നു അവരുടെ പ്രശ്നം.

ഡെയ്സിയുടെ പ്രശ്നം കൊണ്ടാണ് കുട്ടികളുണ്ടാകാത്തത് എന്നു പറഞ്ഞ് ദീപേഷിന്‍െ വീട്ടുകാര്‍ അവളെ നിരന്തരമായ കുറ്റപ്പെടുത്താന്‍ തുടങ്ങി. വന്ധ്യതാ ചികിത്സയ്ക്ക് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴൊക്കെ ഡെയ്സി ഒഴിഞ്ഞു മാറിയത് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. ചോദ്യം ചെയ്യലുകളും കുറ്റപ്പെടുത്തലും കൂടക്കൂടി വന്നപ്പോള്‍ ഡെയ്സി മാനസികമായി ആകെ തളര്‍ന്നു.

കുഞ്ഞ് ഉണ്ടാവാത്തതിന്‍റെ കാരണം, ഒരിക്കലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നത് കൊണ്ടാണ് എന്ന സത്യം ആരോടും ഡെയ്സി പറഞ്ഞില്ല. ചോദ്യം ചെയ്യലുകള്‍ ഏറിയപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ദീപേഷിന്‍റെയും ഡെയ്സിയുടെയും പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കിയ വക്കീല്‍ ഒരു അവസാന ശ്രമം എന്ന നിലയിലാണ് എന്നെ കാണാന്‍ നിര്‍ദ്ദേശിക്കുന്നത്.

പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം ഇതായിരുന്നു: – വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ആദ്യമായി അവര്‍ ശാരീരിക ബന്ധത്തിന് ശ്രമിക്കുന്നത്. തുടക്കം അല്‍പം ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഭാഗികമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. അതു കഴിഞ്ഞ് ലൈറ്റിട്ടപ്പോഴാണ് കിടക്കവിരിയില്‍ പടര്‍ന്ന രക്തം ദീപേഷ് കാണുന്നത്. അയാള്‍ ഞെട്ടി. ശരീരം തളരുന്നതുപോലെ തോന്നി. അതിനുശേഷം ഏതാനും മാസത്തോളം അവര്‍ ശാരീരിക ബന്ധത്തിനു ശ്രമിച്ചതേയില്ല.

വിശേഷമൊന്നും ആയില്ലേ എന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം വന്നു തുടങ്ങിയപ്പോഴാണ് അവര്‍ വീണ്ടും ശ്രമിക്കുന്നത്. തുടക്കത്തില്‍ ഇരുവര്‍ക്കും നല്ല ആഗ്രഹവും അനുഭൂതിയുമൊക്കെ ലഭിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ ദീപേഷ് പാനിക് ആവുകയും ക്ഷീണവും തളര്‍ച്ചയുമൊക്കെ അനുഭവപ്പെടുകയും ചെയ്യുന്നു. ഉദ്ധാരണവും നഷ്ടപ്പെടും. ഈ കാരണത്താലായിരുന്നു ശാരീരികബന്ധം സാധ്യമാകാതെ വന്നത്.

ഉദ്ധാരണം ലഭിക്കാന്‍ പല മരുന്നുകളും മാറി മാറി കഴിച്ചിട്ടും പല ഡോക്ടര്‍മാരെ കണ്ടിട്ടും ഫലം കിട്ടിയില്ല. മൂന്നു തവണ മനഃശാസ്ത്രകൗണ്‍സലിങ്ങിനു വിധേയനായി. ഓരോ കൗണ്‍സലിങ്ങിനു ശേഷവും വളരെയേറെ പ്രതീക്ഷയോടെയും പൂര്‍വാധികം ധൈര്യത്തോടെയും ദീപേഷ് കിടപ്പറയില്‍ പ്രവേശിക്കും. പക്ഷേ അവസാനമാകുമ്പോള്‍ കാര്യങ്ങള്‍ പഴയപടി തന്നെ ! ഈ പ്രശ്നത്തില്‍നിന്നുള്ള ഒളിച്ചോട്ടമായിരുന്നു, വിവാഹമോചനം.

ദീപേഷിന്‍റെ പ്രശ്നം രക്തം കാണുമ്പോഴുള്ള ഭയമായിരുന്നു. ഹീമോഫോബിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. കുട്ടിക്കാലം മുതല്‍, രക്തം കാണുമ്പോള്‍ ഭയന്നു വിറയ്ക്കുകയും, തലകറങ്ങുകയും ചെയ്യുമായിരുന്നു. ആദ്യമായി ബന്ധപ്പെട്ടപ്പോള്‍ കിടക്കയില്‍ രക്തം കണ്ടത് ഒരു മാനസികാഘാതമായി മാറുകയും, അത്ഉദ്ധാരണശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഒരോ തവണ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴും രക്തത്തെക്കുറിച്ചുള്ള ഓര്‍മ്മ മനസ്സിലേക്ക് വരികയും ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ക്രമേണ ശാരീരിക ബന്ധത്തെക്കുറിച്ച് ഓര്‍ക്കുന്നതുപോലും ഭയമായി മാറി.

രണ്ടാഴ്ചയോളം നീണ്ടു നിന്ന ചികിത്സയിലൂടെ ദീപേഷിന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിഞ്ഞു. ചികിത്സയുടെ 11 – ാം ദിവസം അവര്‍ പൂര്‍ണ്ണസന്തോഷത്തോടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഡെയ്സി ഇപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്.

ലൈംഗികബന്ധത്തോടുള്ള ഭയവും വെറുപ്പും അറപ്പുമെല്ലാം കൂടുതലായി കാണുന്നത് സ്ത്രീകളിലാണെങ്കിലും പലപ്പോഴും പുരുഷന്‍മാരെയും ബാധിക്കാറുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഇതു പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിക്കും.

ഡോ. കെ. പ്രമോദ്
സെക്സ് തെറാപ്പിസ്റ്റ് ആന്‍ഡ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
കൊച്ചി

(2017 മെയ് 20ന് മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം)