അതിസമ്മര്‍ദ്ദംമൂലമുണ്ടാകുന്ന മൂത്ര ചോര്‍ച്ച( stress Urinary incontinence)


ചുമയ്ക്കുകയോ ചിരിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ മൂത്രം അറിയാതെ പോകുന്ന അവസ്ഥയാണ് അതി സമ്മര്‍ദ്ദംമൂലമുണ്ടാകുന്ന മൂത്ര ചോര്‍ച്ച( stress Urinary incontinence) . ചുമയ്ക്കുകയോ ചിരിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ വയറിനകത്തെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും മൂത്രസഞ്ചിയിലെ പേശികളില്‍ ഈ വര്‍ദ്ധിച്ച സമ്മര്‍ദ്ദം പ്രയോഗിക്കപ്പെടുന്നതിന്റെ ഫലമായി ചെറിയ അളവില്‍ മൂത്രം ചോരുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രസവങ്ങളുടെ ഫലമായി ഇടുപ്പിലെ പേശികള്‍ക്ക്(pelvic floor muscles) ബലം കുറയുകയും മൂത്ര നാളിയും (urethra) മൂത്രാശയ ഗളവും (bladder neck) സ്ഥാനചലനം സംഭവിച്ച് ഇടുപ്പിലെ പേശികളിലേക്ക് താഴ്ന്ന് ഇറങ്ങുകയും തല്‍ഫലമായി വയറിനകത്തെ അമിത സമ്മര്‍ദ്ദം മൂത്രാശയ ഗളത്തിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നതു മൂലമാണ് ഈ ചോര്‍ച്ച ഉണ്ടാകുന്നത്.

ഇതിനെ രോഗത്തിന്റെ കാഠിന്യം അനുസരിച്ച് മൂന്നു ഗ്രേഡുകളായി തരം തിരിക്കാം .

1 : വയറിനകത്തെ സമ്മര്‍ദ്ദം ശക്തമായി കൂടുമ്പോള്‍ ഉണ്ടാകുന്ന മൂത്ര ചോര്‍ച്ച.
ഉദാ: ശക്തമായി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മൂത്ര ചോര്‍ച്ച.

2 : വയറിനകത്തുണ്ടാകുന്ന അത്ര ശക്തമല്ലാത്ത സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന മൂത്ര ചോര്‍ച്ച.
ഉദാ: പെട്ടെന്ന് നടക്കുകയോ പടിക്കെട്ട് കയറി ഇറങ്ങുമ്പോഴോ ഉണ്ടാകുന്ന മൂത്ര ചോര്‍ച്ച.

3 : വയറിനകത്ത് ഉണ്ടാകുന്ന ചെറിയ സമ്മര്‍ദ്ദം കൊണ്ടു തന്നെ മൂത്ര ചോര്‍ച്ച ഉണ്ടാകുന്നു.
ഉദാ : എഴുന്നേറ്റു നില്‍ക്കുമ്പോള്‍ തന്നെ മൂത്ര ചോര്‍ച്ച ഉണ്ടാകുന്നു. കിടക്കുന്ന സമയത്ത് ഉണ്ടാവുകയുമില്ല.

അമിത സമ്മര്‍ദ്ദം മൂലം മൂത്ര ചോര്‍ച്ച ഉണ്ടാകുന്നത് മൂത്രാശയ ഗളപേശികള്‍ക്ക് ഉണ്ടാകുന്ന ബലക്കുറവു കൊണ്ടോ മൂത്രാശയ ഗളം ഇടുപ്പിലെ പേശികളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടോ ആണ്. ഇതിന്റെ കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

a. മൂത്രാശയ ഗളത്തിലെ പേശികള്‍ക്ക് ജന്മനാ ഉണ്ടാകുന്ന ബലക്കുറവ്
b. പ്രസവാനന്തരമോ ശസ്ത്രക്രിയക്ക് ശേഷമോ മൂത്രാശയ ഗള പേശികള്‍ക്കുണ്ടാകുന്ന ക്ഷതം
c. ആര്‍ത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍
d. ഗര്‍ഭ ധാരണം – ഗര്‍ഭ ധാരണത്തോടൊപ്പം 90% സ്ത്രീകളിലും മൂത്രാശയ ഗളത്തിന്റ ചലനം കൂടുകയും മൂത്രാശയ ഗളം ഇടുപ്പിലെ പേശികളിലേക്ക് താഴ്ന്നിറങ്ങുകയും ചെയ്യുന്നു.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)