75 തൊട്ട്‌ 85% മൂത്രാശയയകല്ലുകളും വിവിധ തരം കാല്‍സ്യം ലവണങ്ങളാണ്. പ്രധാനമായും കാത്സ്യം ഫോസ്ഫേറ്റും കാത്സ്യം ഓക്സലെറ്റും. ചിലപ്പോള്‍ ഇവയുടെ സങ്കരവും. വിവിധ കാരണങ്ങള്‍ കൊണ്ട് കാല്‍സ്യം കല്ലുകള്‍ രൂപപ്പെടാം. ഏറ്റവും പ്രധാന കാരണം Idiopathic Hypercalciuria എന്ന ജന്മനാ ഉള്ള ഒരു അവസ്ഥയാണ്. ഇത്തരക്കാരില്‍ കിഡ്നി വഴി പുറം തള്ളപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് സാധാരണയിലും കൂടുതലായിരിക്കും.

എന്നാല്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നോര്‍മല്‍ ആക്കി നിര്‍ത്താന്‍ ശരീരത്തിന് വളരെ മികച്ച സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഇവരില്‍ രക്തത്തിലെ കാല്‍സ്യം നോര്‍മല്‍ ആയിരിക്കും. ഭക്ഷണത്തിലെ ചില ക്രമീകരണങ്ങള്‍ ഇത്തരം ആളുകളില്‍ അത്യാവശ്യമാണ്. കാല്‍സ്യം കല്ലാണല്ലോ മൂത്രത്തില്‍ എന്ന് വിചാരിച്ചു ഭക്ഷണത്തിലെ കാല്‍സ്യം അളവ് കുറക്കെണ്ടതില്ല. സാധാരണ അളവില്‍ കാല്‍സ്യം കഴിക്കാം.

എന്നാല്‍ മരുന്ന് രൂപത്തില്‍ അധിക കാല്‍സ്യം കഴിക്കുന്നത്‌ ഒഴിവാക്കേണ്ടതാണ്. ഭക്ഷണത്തിലെ പ്രോട്ടീന്‍ അളവും ഉപ്പിന്‍റെ അളവും കുറയ്ക്കുന്നത് ഇത്തരം കല്ലുകള്‍ രൂപപ്പെടുന്നത് തടയാന്‍ സഹായകമാണ് . ഉപ്പും മാംസാഹാരവും മറ്റു പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങളുമാണ് കുറയ്ക്കേണ്ടത്. മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കാന്‍ ഉള്ള മരുന്നുകള്‍ ഇത്തരം കല്ലുകളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താം

പാരാതൈറോയ്‌ഡ്‌ ഗ്രന്ഥി ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ ഗ്രന്ഥിയില്‍ ഉണ്ടാവുന്ന ചില ട്യൂമറുകള്‍ രക്തത്തിലെ കാല്‍സ്യം ക്രമാതീതമായി കൂട്ടുകയും കൂടുതല്‍ അളവില്‍ കാല്‍സ്യം പുറംതള്ളാന്‍ കിഡ്നി നിര്‍ബന്ധിതമാവുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ രൂപപ്പെടുന്ന കല്ലുകളുടെ ചികിത്സ ആ ട്യൂമർ ഓപ്പറേഷൻ ചെയ്‌ത്‌ ഒഴിവാക്കുക എന്നതാണ്‌.

ശരീരത്തിലെ അമ്ലവും ക്ഷാരവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്താനുള്ള കിഡ്നിയുടെ കഴിവ് നഷ്ടപ്പെടുന്ന അസുഖങ്ങളില്‍ ( Renal tubular acidosis)കാത്സ്യം കല്ലുകള്‍ രൂപപ്പെടാം. ഈ അവസ്ഥയും വ്യക്തമായി നിര്‍ണ്ണയിച്ച്‌ ചികിത്സയെടുത്താല്‍ കല്ലുകള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ കഴിയും.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)