റസിയയുടെ ജീവിതത്തില്‍ വില്ലനായത് വെറും ഒരു പല്ലി ആയിരുന്നു…പഠിക്കുന്ന കാലത്ത് ഇംഗ്ലീഷില്‍ അല്‍പ്പം പിന്നോക്കമായിരുന്നു റസിയ ബീഗം..മറ്റെല്ലാ വിഷയത്തിനും നല്ല മാര്‍ക്ക് ലഭിക്കുന്ന റസിയയുടെ ഇംഗ്ലീഷ് പേടി മാറ്റാനായി വീട്ടുകാര്‍ ഒരു ട്യൂഷന്‍ അധ്യാപകനെ ഏര്‍പ്പാടാക്കി..വീട്ടില്‍ വെച്ചായിരുന്നു ട്യൂഷന്‍.

ഒരു ദിവസം മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ട്യൂഷന്‍ മാസ്റ്റര്‍ റസിയയെ തന്നോട് ചേര്‍ത്തിരുത്തി ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ഉറക്കെ നിലവിളിക്കണം എന്നും ബഹളം ഉണ്ടാക്കണം എന്നുമെല്ലാം റസിയയ്ക്ക് തോന്നി എങ്കിലും അവള്‍ക്ക് ഒന്നിനും കഴിഞ്ഞില്ല. വാപ്പയും ഉമ്മയും അറിഞ്ഞാല്‍ എന്തുകരുതും എന്ന ചിന്തയും പഠിക്കാന്‍ മടി ആയതിനാല്‍ കള്ളക്കഥ പറയുക ആണോ എന്ന് കരുതുമോ എന്ന ചിന്തയും എല്ലാം അവളെ ഉലച്ചു കളഞ്ഞു. മനപ്രയാസവും ഭയവും മൂലം ഒന്ന് ഒച്ചയെടുക്കാന്‍ കഴിയാതെ അവള്‍ വിറച്ചു.

പെട്ടന്നാണ് മുകളില്‍ നിന്നൊരു പല്ലി റസിയയുടെ തലയിലേക്ക് എടുത്തുചാടിയത്. അയ്യോ പല്ലിയെന്നു ഉറക്കെ നിലവിളിച്ചുകൊണ്ട് അവള്‍ മുറിയില്‍ നിന്നും പുറത്തേക്ക് ഓടി..ഒച്ചകേട്ട് വീടിനു പുറത്തു നിന്നവര്‍ എല്ലാം മുറിയിലേക്ക് വന്നതോടെ ട്യൂഷന്‍ അധ്യാപകന്‍റെ ലൈംഗീകമായ കടന്നു കയറ്റത്തില്‍ നിന്നും അവള്‍ രക്ഷപെട്ടു. ആ സാഹചര്യത്തില്‍ നിന്നും രക്ഷപെടാന്‍ പല്ലി ഒരു നിമിത്തമായി എന്ന് പറയാം. പിന്നീട് അവള്‍ ഉമ്മയോട് നടന്ന കാര്യമെല്ലാം തുറന്നു പറഞ്ഞു. അങ്ങനെ ഇംഗ്ലീഷ് ട്യൂഷനും നിന്നു. എന്നാല്‍ പതിയെ പതിയെ അവള്‍ക്കു പല്ലിയെ കാണുന്നത് തന്നെ ഭയമായി മാറി.

റസിയ ഇന്ന് ദുബൈയില്‍ ഒരു ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്. ഭര്‍ത്താവ് ഐടി പ്രൊഫഷണലും. വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി. കല്യാണം കഴിഞ്ഞതിനു തൊട്ടു പിന്നാലെ ദുബൈയില്‍ എത്തിയതാണ് അവള്‍. ഈ ആറു വര്‍ഷത്തിന് ഇടയില്‍ ഒരിക്കല്‍ പോലും ഇരുവര്‍ക്കും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആയിട്ടില്ല . ഭര്‍ത്താവ് റസിയയെ പുണരുമ്പോള്‍ എല്ലാം അവളുടെ മനസിലേക്ക് ഒരു പല്ലിയുടെ രൂപം എത്തും. അവള്‍ കരഞ്ഞു കൊണ്ട് അയാളെ തള്ളി മാറ്റും.

എല്ലാകാര്യങ്ങളും തുറന്നു സംസാരിക്കുന്ന ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ആയിരുന്നു അവര്‍. റസിയയുടെ ഭയത്തെ കുറിച്ച് മനസിലാക്കിയ ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ ചികിത്സയ്ക്ക് തയാറായി. മൂന്നു ഗൈനക്കോളജി വിദഗ്ദരെ ആണ് അവര്‍ മാറി മാറി കണ്ടത്. മൂന്നിടത്ത് നിന്നും ഒരേ മറുപടിയും ലഭിച്ചു-ഇരുവര്‍ക്കും ശാരീരികമായി ഒരു കുഴപ്പവും ഇല്ല . മൂന്നാമത്തെ ഗൈനക്കോളജിസ്റ്റാണ് റസിയക്ക് ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് റെഫര്‍ ചെയ്തത്.

റസിയയെയും ഭര്‍ത്താവിനെയും വിശദമായി പരിശോധിച്ചു. ശാരീരിക ബന്ധം നടക്കാതെ പോകുന്നതിന്‍റെ കാരണം റസിയയുടെ ഭയവും മാനസീക പ്രശ്നങ്ങളും മൂലമാണ് എന്ന് കണ്ടെത്തുകയും ചെയ്തു.രണ്ടാഴ്ച സമയം തന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാമെന്ന് പറഞ്ഞുവെങ്കിലും വേണ്ടത്ര ലീവ് ഇല്ലാത്തതിനാല്‍ അവര്‍ ദുബൈക്ക് മടങ്ങി. ഒരു വര്‍ഷത്തിന് ശേഷമാണു അവര്‍ വീണ്ടും ഒരു മാസത്തെ ലീവ് വാങ്ങി എത്തിയത്. റസിയയെ രണ്ടാഴ്ച അഡ്മിറ്റ്‌ ചെയ്തു.

കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും സെക്സ് തെറാപ്പിയും സമന്വയിപ്പിച്ചുള്ള ചികിത്സയിലൂടെ പതിനൊന്നാം ദിവസം അവരുടെ ദാമ്പത്യം സഫലമായി. മൂന്നു ദിവസം കൂടി ആശുപത്രിയില്‍ അവര്‍ ചിലവഴിച്ചു. ശാരീരിക ബന്ധത്തിനുള്ള മാനസീക അവസ്ഥ പൂര്‍ണമായും വീണ്ടെടുത്തു കഴിഞ്ഞപ്പോള്‍ അവരെ ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ദിവസം റസിയ ഒരു സന്തോഷ വാര്‍ത്തയുമായാണ് വിളിച്ചത്. അവളിപ്പോള്‍ ഒന്നര മാസം ഗര്‍ഭിണിയാണ്…