ഒക്ടോബര്‍ 10- ലോകാരോഗ്യ സംഘടനയുടെ ലോക മാനസികാരോഗ്യദിനം-ആത്മഹത്യാ പ്രതിരോധമാണ് ഈ വര്‍ഷത്തെ ചര്‍ച്ചാ വിഷയം 
ലോകത്ത് ഓരോ 40 സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. ആത്മഹത്യ ചെയ്യുന്നതില്‍ വിജയിക്കുന്നവരേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് ആത്മഹത്യ ചെയ്യാനുള്ള നീക്കത്തില്‍ പരാജയപ്പെട്ടവര്‍. അവരുടെ കണക്കുകൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ മനസ്സിലൊരു മുഴം കയറും ഒരു കൊച്ചു വിഷക്കുപ്പിയും പേറി നമുക്കുചുറ്റും ഒരത്താണി തേടി നടക്കുന്നവരുടെ എണ്ണം ഭീതിതമാം വിധം വര്‍ദ്ധിക്കുന്നുവെന്ന് കാണാം.
ആത്മഹത്യ വെറും ഒരു നിമിഷത്തെ തോന്നലല്ല. മനസ്സില്‍ അടുക്കിവെച്ച ഒരു കൂട്ടം വ്യഥകൾ ദീര്‍ഘനാളായി പിന്‍തുടരുന്നതിന്റെ പരിണിത ഫലമാണത്. ചിലരുണ്ട്, ഒറ്റ നിമിഷത്തെ തോന്നലിനു ജീവിതം വലിച്ചെറിയുന്നവര്‍…കര്‍ഷക ആത്മഹത്യകള്‍, ഒരു കുടുംബത്തിലെ അംഗങ്ങളുടെ കൂട്ട ആത്മഹത്യ എന്നിങ്ങനെയുള്ള ചിലത് കേള്‍ക്കുമ്പോള്‍ മാത്രം എന്തുകൊണ്ട് എന്ന ഒരു ചോദ്യം അനുകമ്പയോടെ പലരും ഉയര്‍ത്തും. ഒരു പെണ്‍കുട്ടിയോ ഒരു യുവാവോ ആത്മഹത്യചെയ്താല്‍ അവരുടെ ജീവിതത്തിന്റെ പിന്നാമ്പുറകഥകള്‍ തേടി അലയാനാകും പലര്‍ക്കും ആവേശം. ആത്മഹത്യ എന്നാല്‍ രണ്ടു ദിവസം പരദൂഷണം പറയാനുള്ള ഒന്നുമാത്രമാണ് ഇന്ന് നമ്മളില്‍ പലര്‍ക്കും.
പഠനത്തില്‍ പിന്നിലാകുമ്പോഴും പ്രണയത്തില്‍ പരാജയപ്പെടുമ്പോഴും കുറ്റപ്പെടുത്തലുകള്‍ താങ്ങാനാകാതെ വരുമ്പോഴും സ്വയം ജീവനൊടുക്കുന്നവരെ ഓര്‍ത്ത് ഒരു നിമിഷം ഏവരും വേദനിക്കും. ആ വേദനക്ക് നിമിഷങ്ങളുടെ മാത്രം ആയുസ്സാണുള്ളത്. പിന്നീട് പലരുടെയും മനസ്സിലെ പരിഹാസ കഥാപാത്രങ്ങളാകും ഒരു നിമിഷത്തെ തോന്നലില്‍ ജീവന്‍ വെടിഞ്ഞവര്‍. എന്തിന് മറ്റുള്ളവര്‍ക്ക് പരിഹസിക്കാനുള്ള ഒരു കഥാപാത്രമായി നീ മാറണമെന്നും നിന്റെ ജീവന്‍ കേവലമൊരു തമാശയല്ലായെന്നും അതിനു വിലയുണ്ടെന്നും ഉള്ള ചിന്ത ഫലപ്രദമായി ദുര്‍ബ്ബല ഹൃദയരിലേക്ക് പകരുകയാണ് ആത്മഹത്യാ പ്രതിരോധത്തിനുള്ള ആദ്യ ചുവട്.
വിഷാദം തന്നെയാണ് ആത്മഹത്യയുടെ കാരണങ്ങളില്‍ പ്രമുഖം. വിഷാദമെന്ന രോഗാവസ്ഥയെക്കുറിച്ചുള്ള നമ്മുടെ അവബോധം വളരെ പരിതാപകരവും തെറ്റിദ്ധാരണാജനകവുമാണ്. അതിന്റെ തെളിവാണ് ഓരോ ആത്മഹത്യാവാര്‍ത്തകളോടുമുള്ള നമ്മുടെ പ്രതികരണങ്ങള്‍. വിഷാദരോഗം എന്തെന്ന് തിരിച്ചറിയാന്‍പോലും ആ രോഗിക്കോ അയാള്‍ക്കു ചുറ്റും നില്‍ക്കുന്നവര്‍ക്കോ ആകുന്നില്ല. മൂഡൗട്ട് മാത്രമല്ല വിഷാദം എന്ന രോഗാവസ്ഥ. എല്ലാറ്റിനോടുമുള്ള ഒരു വിരക്തിയില്‍ തുടങ്ങി നെഗറ്റീവ് ചിന്തകള്‍ക്ക് അടിമപ്പെട്ട് സ്വയം ഒരു വിലയില്ലായ്മയിലേക്കും പിന്നീട് പ്രതീക്ഷയില്ലായ്മയിലേക്കും നീളുന്ന മരണംകൊണ്ടുമാത്രമേ രക്ഷയുള്ളൂവെന്ന ചിതറിയ ചിന്തയുമാണ് വിഷാദത്തിന്റെ കാതല്‍. ഉറക്കമില്ലായ്മയും അമിത ചിന്തയും ഏവരേയും തെറ്റിധരിപ്പിക്കാന്‍ പര്യാപ്തമായ ശാരീരിക ലക്ഷണങ്ങളും ഒത്തുവരുമ്പോള്‍ വിഷാദം അതിന്റെ പൂര്‍ണരൂപം പ്രാപിക്കുന്നു.
ആത്മഹത്യാപ്രവണതയുടെ ഏറ്റവും വലിയ അവകാശിയെന്ന വിഷാദത്തിന്റെ റോള്‍ കഴിഞ്ഞശേഷമേ മറ്റ് മാനസിക രോഗാവസ്ഥകള്‍ വരൂ.നിനക്ക് ഇതെല്ലാം വെറുതെ തോന്നുന്നതാണ്, നിനക്കെന്തിന്റെ കുറവാണ്? വെറുതെ ആളെ പേടിപ്പിക്കല്ലേ, ഇത്ര ധൈര്യമുള്ള നീയോ മരിക്കാന്‍ നടക്കുന്നത്? തുടങ്ങിയ സ്ഥിരം പല്ലവികള്‍ കൊണ്ട് പിന്തിരിപ്പിക്കാവുന്നതല്ല ആത്മഹത്യാ പ്രവണതയുള്ള ഒരാളുടെ മനസ്സിനെ. ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെടുകയോ അല്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് പൊളിവചനം പറയുകയോ ചെയ്യുന്നവരെ അല്പനേരം കേള്‍ക്കാന്‍ തയ്യാറാവുകയെന്നതാണ് നമുക്ക് ചെയ്യാവുന്നത്.
അയാളുടെ പ്രയാസങ്ങള്‍ നാം ഉള്‍കൊണ്ടുവെന്നും ഒരു താങ്ങായി കൂടെയുണ്ടെന്നും തോന്നിപ്പിച്ചുകൊണ്ടേയിരിക്കണം. ഒരു വിദഗ്ദന്റെ മുന്നില്‍ അയാളെ എത്തിക്കുന്നതുവരെ. ആത്മഹത്യ ചെയ്യണമെന്നു പറയുന്നവര്‍ അത് ചെയ്യില്ലായെന്നും ഒരിക്കല്‍ ശ്രമിച്ചവര്‍ പിന്നീട് ശ്രമിക്കില്ലായെന്നും ചിന്തിക്കുന്നതെല്ലാം അബദ്ധമാവുകയാണ് പതിവ്. യോഗ്യതയുള്ള ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയോ ഒരു സൈക്യാട്രിസ്റ്റിന്റെയോ മുന്നില്‍ എത്തിച്ച് മരണചിന്തയില്‍ നിന്നും അവര്‍ മുക്തരാകുന്നതുവരെ അവരുടെ കൈവിടാതെ ശ്രദ്ധാപൂര്‍വ്വം നമുക്ക് കൂടെ നടക്കാം.