ആദ്യരാത്രിയെന്നത് കഴിവു തെളിയിക്കാനുള്ള ഗോദയാണോ ?

2532 Views 0 Comment

മനോരമ ഓണ്‍ലൈനില്‍ നവംബര്‍ 29ന് വന്ന ലേഖനം 

അവിവാഹിതരായ പല പുരുഷന്മാരുടെയും മനഃസമാധാനം കെടുത്തുന്ന കാര്യമാണ് ആദ്യരാത്രി. സിനിമകളിൽ കണ്ടു പരിചയിച്ച രംഗങ്ങളും വിവാഹിതരായ കൂട്ടുകാരിൽനിന്നു ലഭിക്കുന്ന അറിവുകളുമെല്ലാം പലർക്കും അമിത ഉത്കണ്ഠ സമ്മാനിക്കും. അങ്ങനെ ചിന്തിക്കുന്നവരിൽ പലരും മണിയറിലേക്ക് കടക്കുന്നത് ഗുസ്തിക്കാരന്റെ മനോഭാവത്തോടെയാണ്. എങ്ങനെയെങ്കിലും ആദ്യരാത്രിയിൽ ലൈംഗികബന്ധം നടത്തി ഇണയുടെ മുൻപിൽ തന്റെ കഴിവു തെളിയിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

അങ്ങനെ ഒരു നിയമമുണ്ടോ?
ആദ്യരാത്രിയിൽത്തന്നെ പങ്കാളിയുമായി ലൈംഗിക ബന്ധം വേണമെന്നാണ് ചിലരുടെ ചിന്ത. എവിടെ നിന്നാണ് അങ്ങനെയൊരു ചിന്ത സമൂഹത്തിൽ പടർന്നതെന്ന് അറിയില്ല. കാലകാലങ്ങളായി പലർക്കുമുള്ള തെറ്റിദ്ധാരണയാണ് ആദ്യരാത്രിയിൽ പെൺകുട്ടിയെ കീഴ്പ്പെടുത്തിയുള്ള ലൈംഗിക ബന്ധം. പങ്കാളിയുമായി മുൻപ് അടുപ്പമുണ്ടെങ്കിലോ പ്രേമ വിവാഹമാണെങ്കിലോ ആദ്യരാത്രിയിൽ ബന്ധപ്പെടുന്നതു കൊണ്ട് തെറ്റില്ലെങ്കിലും പരസ്പര ഇഷ്ടത്തോടും ഉഭയസമ്മതത്തോടും ചെയ്യേണ്ടതാണ് ലൈംഗിക ബന്ധം.

ആദ്യം ക്ഷീണം മാറട്ടെ
വിവാഹദിവസം വരനും വധുവിനും ക്ഷീണത്തിന്റെ ദിനമാണ്. ചില സന്ദർഭങ്ങളിൽ വിവാഹ സ്ഥലത്തേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടതായും വരുന്നു. വിവാഹത്തിനു ശേഷമുള്ള സത്കാര ചടങ്ങും മറ്റും കഴിയുമ്പോൾ ഏറെ വൈകിയെന്നും വരാം. കഴിയുമെങ്കിൽ ഇരുവരും സ്വസ്ഥമായി വിശ്രമിക്കുന്നതാണ് നല്ലത്. ദാമ്പത്യജീവിതത്തിന്റെ ആദ്യ ദിനങ്ങൾ പരസ്പരം മനസ്സിലാക്കുവാനാണ് സമയം കണ്ടെത്തേണ്ടത്. പരസ്പരം അടുപ്പത്തോടെയും ഇഷ്ടത്തോടെയുമുള്ള ലൈംഗിക ബന്ധം ദാമ്പത്യജീവിതത്തിന് ഊഷ്മളത പകരും. ഒാർക്കുക, ആദ്യരാത്രിയെന്നത് കഴിവു തെളിയിക്കാനുള്ള ഗോദയല്ല !

0 Comments

Leave a Comment