ഭര്‍ത്താവിന്‍റെ ഒരു നൂറ് കുറ്റങ്ങളും ആവലാതികളുമായാണ് ആ പെണ്‍കുട്ടി എന്‍റെ കണ്‍സല്‍ട്ടിംഗ് റൂമില്‍ ഇരുന്നത്. കൂടെ ഉണ്ടായിരുന്നത് ഷഫാസിന്‍റെ വാപ്പയും ഉമ്മയും. മകന്‍റെ കുടുംബ ജീവിതം താളം തെറ്റുന്നു എന്ന് കണ്ടപ്പോള്‍ മരുമകളെയും കൂട്ടി വന്നതാണ് അവര്‍. അവന് വരാന്‍ മടിയാണത്രേ..രണ്ടാളും ഇല്ലാതെ ചികിത്സ ബുദ്ധിമുട്ടാണ് എന്ന് തുറന്ന് പറഞ്ഞപ്പോള്‍ അവനെ കൊണ്ടു വരാന്‍ ഒരുപായം പറഞ്ഞു താ ഡോക്ടറെ എന്നായി…ഒടുവില്‍ അവള്‍ തന്നെ വഴി കണ്ടെത്തി..പ്രശ്നം എനിക്കാണ് എന്ന് പറയാം…അപ്പോള്‍ വരുമായിരിക്കും…

അവളുടെ രണ്ടാം വിവാഹമാണിത്..രണ്ടാം വിവാഹവും പരാജയപ്പെടുകയാണെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന നിലയിലാണ് അവളുടെ നില്‍പ്പ്..പത്തൊന്‍പതാം വയസിലായിരുന്നു ആദ്യ കല്യാണം..അയാള്‍ തികഞ്ഞ ഒരു സംശയ രോഗി…എന്ത് ചെയ്താലും എങ്ങോട്ട് തിരിഞ്ഞാലും കുഴപ്പം. ഭര്‍ത്താവിന്‍റെ വീട്ടുകാരോട് പോലും സംസാരിക്കുന്നത് ഇഷ്ടമല്ല…ഒരല്‍പം മാനസീക പ്രശ്നങ്ങളും കൂടി ആയതോടെ അവള്‍ക്ക് അവിടത്തെ ജീവിതം തന്നെ ദുഷ്കരമായി. സമ്മര്‍ദം താങ്ങാന്‍ ആകാതെ വന്നപ്പോള്‍ ആ ബന്ധം വീട്ടുകാര്‍ ഇടപെട്ടു തന്നെ വേര്‍പിരിച്ചു.

ഇരുപത്തിയൊന്നാം വയസിലാണ് രണ്ടാം വിവാഹം നടന്നത്. കാഴ്ചയിലും പെരുമാറ്റത്തിലും എല്ലാം ഷഫാസ് മിടുക്കനാണ്..എന്നാല്‍ കിടപ്പറയില്‍ എത്തുമ്പോള്‍ കാര്യം മാറി..ലൈംഗീക കാര്യങ്ങളില്‍ അത്ര തല്‍പ്പരനല്ല. ..കല്യാണം കഴിഞ്ഞിട്ട് വര്‍ഷം ഒന്നാകാറായി…ഇതുവരെ ലൈംഗീക ബന്ധം ശരിയായ തരത്തില്‍ ഉണ്ടായിട്ടില്ല.. രണ്ടു വിവാഹം കഴിച്ചുവെങ്കിലും ഞാന്‍ ഇതുവരെ ശുക്ലം കണ്ടിട്ടില്ല എന്നും കന്യാചര്‍മം മുറിഞ്ഞിട്ടില്ല എന്നും  ആ യുവതി തുറന്ന് പറഞ്ഞപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഷഫാസിന്റെ ഉമ്മ  ശരിക്കും ഒന്ന് അമ്പരന്നു…

ഇരുവരും തമ്മിലുള്ള താളപ്പിഴകള്‍ കണ്ട ഷഫാസിന്റെ മാതാപിതാക്കളാണ് പ്രാഥമീകമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ചില ടെലിവിഷന്‍ പരിപാടികള്‍ കണ്ട ഓര്‍മയില്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നതും …ഭര്‍ത്താവിനെയും കൂട്ടിവരാന്‍ പറഞ്ഞു അവരെ വിടുമ്പോള്‍ അങ്ങേര് വരുമെന്ന പ്രതീക്ഷയില്ല ഡോക്ടര്‍ എന്ന് പറഞ്ഞിട്ടാണ് അവള്‍ റൂം വിട്ടു ഇറങ്ങിയത്‌. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ വന്നു. ഷഫാസിനെയാണ് ആദ്യം വിളിച്ചത്..പ്രതീക്ഷിച്ച പോലെ തന്നെ ആള് മിണ്ടാന്‍ പോലും താല്‍പര്യമില്ലാത്ത പോലെയാണ് ഇരുന്നത്. കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ ആകൂ എന്ന് തീര്‍ത്തുപറഞ്ഞപ്പോഴാണ് അവന്‍ സംസാരിച്ചു തുടങ്ങിയത്.

ഇതുവരെ ഞാന്‍ ധരിച്ചിരുന്നതിന് തീര്‍ത്തും വിപരീതമായ ഒന്നാണ് ഷഫാസ് പറഞ്ഞുവെച്ചത് . ഭാര്യക്ക് ലൈംഗീക ബന്ധത്തില്‍ താല്‍പര്യം ഇല്ലെന്ന കുറ്റപ്പെടുത്തലാണ് അവന്  ഉണ്ടായിരുന്നത്. രക്ഷപ്പെടാന്‍ പറയുന്നതാകും എന്ന കാഴ്ചപ്പാട് തെറ്റിച്ചുകൊണ്ട് അവന്‍ തന്‍റെ വിശ്വാസത്തെ പിടിച്ചു സത്യമിട്ടുകൊണ്ട് തന്‍റെ വാദം ഉറപ്പിച്ചു പറഞ്ഞു. പെണ്‍കുട്ടിയെയും  റൂമിലേക്ക്‌ വിളിപ്പിച്ചു. ഇരുവരെയും ഇരുത്തി സംസാരിച്ചപ്പോള്‍ ഷഫാസ് പറയുന്നത് ശരിയാണ് എന്ന് ബോധ്യമായി..പ്രാഥമീക പരിശോധനയില്‍ തന്നെ ഷഫാസ് ലൈംഗീകപരമായി ഒരു കുഴപ്പവും ഇല്ലാത്ത വ്യക്തിയാണ് എന്ന് വെളിവായി.

പരിശോധനാഫലം കൂടി വന്നതോടെ അതുവരെ ഭര്‍ത്താവിനെ കുറ്റം പറഞ്ഞിരുന്ന പെണ്‍കുട്ടി പ്രതിരോധം ഇല്ലാത്ത നിലയിലായി. ഈ വിവാഹവും പിരിഞ്ഞാല്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകളെക്കുറിച്ച്   അവളെ ഓര്‍മപ്പെടുത്തിയപ്പോള്‍ , വരും വരായ്കകള്‍ ഓര്‍ത്താകും സത്യം പറയാന്‍ അവള്‍ തയ്യാറായി..പ്രശ്നം തനിക്കു തന്നെയാണ്..ലൈംഗീക ബന്ധത്തിന് ഭയമാണ്..ലൈംഗീക ബന്ധത്തിന് ശ്രമിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് യോനീ സങ്കോചം (വജൈനിസ്മസ് ) ഉണ്ടെന്നും അതുകൊണ്ടാണ് ലൈംഗീക ബന്ധത്തിനുള്ള തടസം ഉണ്ടാകുന്നതെന്നും പരിശോധനകളില്‍ നിന്ന് വ്യക്തമായി. പതിനാലു ദിവസത്തെ സെക്സ് തെറാപ്പി അടക്കമുള്ള ചികിത്സയാണ്   ഇരുവര്‍ക്കും നിര്‍ദേശിച്ചത്..

ചികിത്സ തുടങ്ങി നാലാം ദിവസമാണ് ലൈംഗീക ബന്ധത്തെ ഭയക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അവള്‍ വെളിവാക്കിയത്. ആദ്യ ഭര്‍ത്താവിന് ലൈംഗീകത എന്നാല്‍ ലൈംഗീക വൈകൃതങ്ങള്‍ മാത്രമായിരുന്നു..അവള്‍ക്കാകട്ടെ അത്തരം സമീപനങ്ങളോട് കടുത്ത അറപ്പും. അയാളില്‍  നിന്നുള്ള ദുരനുഭവങ്ങള്‍ ആണ് അവളെ ലൈംഗീക ബന്ധത്തിന് ഭയം ഉള്ളവള്‍ ആക്കി മാറ്റിയത്.. പതിനാലു ദിവസത്തെ ചികിത്സക്കിടയില്‍ തന്നെ ഷഫാസിനും ഭാര്യക്കും തൃപ്തികരമായ ലൈംഗീക ബന്ധം സാധ്യമായി..അവര്‍ ഇരുവരും ആശുപത്രി വിടുന്ന അന്ന് രണ്ടു കൂട്ടരുടെയും മാതാപിതാക്കള്‍ എത്തി..നേരം പോക്കിനായി കണ്ട ടിവി പരിപാടി മക്കളുടെ ജീവിതം വഴി തിരിച്ചുവിട്ട ഒന്നായി പരിണമിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടാണ് അവര്‍ മടങ്ങിയത്…