ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിലെ പ്രൊഫസറാണ് ഇന്ദു കൃഷ്ണൻ. വയസ് 38. ഭാര്യയാകട്ടെ 34കാരിയായ കുലീനയും ബൗദ്ധികമായ ഔന്ന്യത്യവുമുള്ള കോളേജ് അദ്ധ്യാപികയും. പേര് ഷെർമിള. ആറു മാസത്തെ അസംതൃപ്ത ദാമ്പത്യത്തിന് ശേഷമാണ് അവർ എന്നെ കാണാനെത്തിയത്.

കുശാഗ്രബുദ്ധിയും പഠനത്തോട് അടക്കാനാകാത്ത അഭിവാഞ്ചയുമുണ്ടായിരുന്ന പെൺകുട്ടിയാണ് ഷെർമിള. ഡോക്ടറേറ്റ് കിട്ടി ഒരു നല്ല ജോലിയിൽ പ്രവേശിക്കുന്നതുവരെ വിവാഹം വേണ്ടെന്നുവെക്കാൻ അവൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കല്യാണം കഴിച്ചാൽ പഠത്തിലുള്ള ശ്രദ്ധപോകുമെന്ന് പറഞ്ഞ് ഓരോ വട്ടവും മാതാപിതാക്കളെ തടഞ്ഞ അവൾ ഒരു വിജയിയെപ്പോലെയാണ് വിവാഹ ജീവിതത്തിലേയ്ക്ക് കാലൂന്നിയത്. സുമുഖനും തന്നെപ്പോലെ തന്നെ വിദ്യാസമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയപ്പോൾ ഷെർമിള അതീവ സന്തോഷവതിയായി. സിംഗപ്പൂരിലും മലേഷ്യയിലുമൊക്കെയായി ഒരു അടിപൊളി ഹണിമൂൺകാലം.

ഹണിമൂണിന്റെ ആ ആവേശമൊന്ന് കെട്ടടങ്ങിയപ്പോഴേക്കും ഷെർമിളയുടെ മനസിൽ മ്ലാനതയുടെ നിഴൽ വീണു തുടങ്ങി. ആറ് മാസമായപ്പോഴേക്കും വൈവാഹിക ജീവിതം വേർപിരിയലിന്റെ വക്കിലേയ്ക്ക് വരെ നീണ്ടു. ഷെർമിള ആകെ തളർന്നു. അവളുടെ സ്വപ്‌നങ്ങളും അവസാനം വീട്ടുകാർ ഇടപെട്ടാണ് ഷെർമിളയും ഇന്ദുകൃഷ്ണനും എന്നെ കാണാനെത്തിയത്.

ഇന്ദു എന്റെ നല്ലൊരു സുഹൃത്താണ് പക്ഷേ, നല്ല ഭർത്താവാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയേണ്ടിവരും. ഷർമിള പറഞ്ഞുതുടങ്ങി. ആറു മാസമായിട്ടും ഒരിക്കൽപ്പോലും ദാമ്പത്യ ബന്ധം നിറവേറ്റാനായില്ല. ഇക്കാലമത്രയും തന്റെ പാതിവൃത്യം കാത്തുസൂക്ഷിച്ചത് വെറുതെയായിപ്പോയില്ലേ എന്ന് പലപ്പോഴും തോന്നി. ഭർത്താവിനെക്കൊണ്ട് ഒന്നും കഴിയുന്നില്ല. അയാൾക്ക് ഒന്നും അറിയുകയുമില്ല. ഇന്ദു കൃഷ്ണന്റെ ആദ്യ വിവാഹവും വിവാഹ മോചനത്തിലേയ്ക്ക് എത്തിയതിന്റെ കാരണം അതാണെന്ന് അവൾക്ക് എപ്പോഴോ മനസിലായിക്കഴിഞ്ഞു.

തനിക്ക് അനുയോജ്യനായ വിദ്യാസമ്പന്നനായ ഒരാളെ കിട്ടിയപ്പോൾ അയാൾ ഒരു രണ്ടാംകെട്ടുകാരനാണെന്നതിന് യാതൊരു പ്രാധാന്യവും ഷെർമ്മിള കൽപിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് എപ്പോഴും തോന്നുന്നു. എന്തായാലും വിശദമായ പരിശോധനകൾക്കായി ദമ്പതികളെ ഒരാഴ്ച അഡ്മിറ്റ് ചെയ്തു. വരും ദിവസങ്ങളിൽ അയാളുടെ മനസിന്റെ അകത്തളങ്ങളിലേയ്ക്ക് ചെന്നെത്താനുമായി.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അൽപം നഗ്നത പ്രദർശിപ്പിക്കുന്ന ഒരു സിനിമാ നോട്ടീസിലെ ചിത്രം- നനഞ്ഞൊട്ടി നിൽക്കുന്ന സ്ത്രീയുടെ ചിത്രം- ഇന്ദു ആവേശപൂർവ്വം ആസക്തിയോടെ നോക്കിയിരുന്നു. പുറകിൽനിന്നും കൊച്ചുമകന്റെ കയ്യിലുള്ള നോട്ടീസ് കണ്ടുകൊണ്ടാണ് മുത്തച്ഛനെത്തിയത്. തലയുടെ പിന്നിൽ കടുത്ത ഒരു പ്രഹരമായിരുന്നു. കണ്ണിൽ ഈച്ച പറക്കുന്നതുപോലെ തോന്നി അവന്. അൽപനേരം ഇരുട്ട്. ബോധം പോയി. തറയിൽനിന്നും എഴുന്നേറ്റ് വരുമ്പോൾ ദേഷ്യംകൊണ്ട് ഗർജ്ജിക്കുന്ന മുത്തച്ഛനെയാണ് അയാൾ കണ്ടത്.

നിനക്ക് ഇതൊക്കെ പാപമാണെന്ന് അറിയില്ലേ? മേലാൽ ഇത്തരം കാര്യങ്ങൾ നോക്കുകയോ കാണുകയോ പറയുകയോ ചെയ്യരുത്. മുത്തച്ഛൻ കടുത്ത ശബ്ദത്തിൽ താക്കീത് നൽകി. അന്നു മുതൽ ഇന്ദുവിന് അത്തരം കാര്യങ്ങൾ ഭയമായിത്തീർന്നു. കോളേജിൽ പഠിക്കുമ്പോഴോ, ഹോസ്റ്റലിൽ താമസിക്കുമ്പോഴോ ഒക്കെ കൂട്ടുകാർ എന്തെങ്കിലും ലൈംഗിക ചുവയുള്ള വർത്തമാനം പറഞ്ഞാൽ ഇന്ദു പതുക്കെ അവിടന്ന് തടിയൂരും. ജീവിതത്തിൽ ഒരിക്കലും സ്വയംഭോഗം ചെയ്തിട്ടില്ല. ആദ്യ വിവാഹത്തിന് ശേഷമാണ് കുട്ടികളുണ്ടാകണമെങ്കിൽ പുരുഷനും സ്ത്രീയും തമ്മിൽ എന്തൊക്കെയോ പ്രവൃത്തിയെടുക്കണമെന്ന് മനസിലായത്. അതിൽ കൂടുതൽ അറിവൊന്നും ഇപ്പോഴും അയാൾക്കില്ല.

സഫലമാകാത്ത അഞ്ച് വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ആദ്യം വിവാഹമോചനത്തിലേയ്ക്ക് എത്തിയത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു രണ്ടാം വിവാഹം. ഇന്ദുവിനെ ഒരു സുഹൃത്ത് എന്ന നിലയിലും ഒരു സ്‌കോളർ എന്ന നിലയിലും ഷെർമിള അംഗീകരിക്കുന്നതുകൊണ്ടും ഇരുവർക്കുമിടയിൽ പരസ്പരം നല്ല സ്‌നേഹമുണ്ടായിരുന്നതുകൊണ്ടും അവർ ദാമ്പത്യത്തെ ബാധിച്ചിരുന്ന ആ കരിനിഴൽ നീക്കാൻ തയ്യാറായി. വീട്ടുകാരുടെ പൂർണ്ണ പിന്തുണയും ആ തീരുമാനത്തിനുണ്ടായിരുന്നു. മൂന്നാഴ്ചത്തെ ചികിത്സയിലൂടെ ദാമ്പത്യം പൂവണിഞ്ഞു. ഷർമിള ഏതാനും മാസത്തിനുള്ളിൽ അമ്മയാവുകയും ചെയ്യും.