ഉത്ക്കണ്ഠ (anxiety disorders )

ചിലരെ കണ്ടിട്ടുണ്ടോ ? എന്തുപ്രശ്‌നം വന്നാലും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടുകാർ ആയിരിക്കും അവർ. എടാ…ഇവനൊന്നും ഒരു ഉത്ക്കണ്ഠയും ഇല്ലേ എന്ന് ആലോചിച്ചു നമുക്ക് ആശങ്ക തോന്നും വിധം കൂൾ കൂൾ..മറ്റു ചിലരോ എന്തിനും എപ്പോഴും ഇങ്ങനെ ആശങ്കപ്പെട്ടു കൊണ്ടേ ഇരിക്കും. സാധാരണ നിലവിട്ടുള്ള ഉത്ക്കണ്ഠ കാട്ടുന്നവർ ആണെങ്കിലോ ? അത്തരക്കാരെ കുറിച്ചാണ് ഈ കുറിപ്പ്..

പലതരത്തിലുള്ള ഉത്ക്കണ്ഠകൾ നിത്യജീവിതത്തിന്റ ഭാഗമാണ്.ചിലസമയങ്ങളിൽ നമ്മളെല്ലാവരും ഇത്തരത്തിലുള്ള അവസ്ഥ കളിലൂടെ കടന്നു പോയിട്ടുണ്ടാവാം. എന്നാൽ ദീർഘകാലത്തെക്കു നീണ്ടു നിൽക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ മാനസികരോഗത്തിൻറ ഭാഗമാണ്. ഇത്തരക്കാർക്ക് എല്ലാകാര്യങ്ങളിലും ഉത്ക്കണ്ഠയായിരിക്കും. ദീർഘകാലത്തേക്കു ഈ അവസഥ അവരിൽ നിലനിൽക്കുന്നു. ദൈനംദിന കാര്യങ്ങളിൽ പോലും ഇത് ഇവർക്ക് താളപിഴകൾ സൃഷ്ടിക്കുന്നു.ആശങ്കകൾ ഒരിക്കലും ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല.സമൂഹത്തിലേ പലതിനോടും ഇവർക്ക് അനിയന്ത്രിതമായ ആശങ്കയായിരിക്കും. മറ്റുവ്യക്തികളോട് നല്ലബന്ധം സ്ഥാപിക്കാൻ ഇവർക്ക് കഴിയാതെ പോകുന്നു.

അനിയന്ത്രിതമായ ഭയമാണ് രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ. അതിനുശേഷം ഉറക്കകുറവുൾപ്പെടയുളള പ്രശ്‌നങ്ങൾ രോഗിയെ അലട്ടി തുടങ്ങും. ദിവസേന ചെയ്തിരുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. വയറെരിച്ചിലും ദഹനപ്രശ്‌നങ്ങളും കടുത്ത ക്ഷീണവും രോഗത്തിൻറ ലക്ഷണങ്ങളാണ്. മരുന്നുകൾക്ക് പുറമെ കോഗ്‌നിറ്റിവ് ബിഹേറിയൽ തെറാപ്പിയാണ് ചികിൽസ രീതി. സമാനപ്രശ്‌നങ്ങളുള്ളവരുമായി സംവേദിക്കുന്നത് രോഗികൾക്ക് ആശ്വാസമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഈ രോഗം ബാധിച്ച ആളുകളുടെ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അവർക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്നതും ഇപ്പോഴുള്ള ചികിൽസ രീതിയാണ്.