പരീക്ഷാകാലമാണ്, എങ്ങനെ പഠിക്കണമെന്ന ആശങ്ക കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ കാണും. മനസിൽ ഉറച്ച് പഠിക്കാൻ ഏറ്റവും നല്ലത് എഴുതി പഠിക്കുന്നതാണ്. തലച്ചോറിന്റെയും കൈകളുടെയും കാഴ്ചയുടെയും ഒക്കെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം നടക്കുന്നത് എഴുതുമ്പോഴാണ്. തലച്ചോറിനെ കൂടുതൽ ആഴത്തിൽ മുഴുകാൻ ഇത് സഹായിക്കും. പറയുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും എഴുതിപ്പഠിക്കുമ്പോൾ തിരിച്ചറിയാം. മനസ്സിൽ ഉറയ്ക്കാനും ദീർഘകാലം മറക്കാതിരിക്കാനും എഴുതിപ്പഠിക്കൽ ഗുണംചെയ്യും.

പഠനം ഇന്ദ്രിയബോധം അനുസരിച്ച്

ദൃശ്യബോധം കൂടുതലുള്ളവർ, ശ്രവണബോധം കൂടുതലുള്ളവർ എന്നിങ്ങനെ ഇന്ദ്രിയബോധം അനുസരിച്ച് കുട്ടികളെ രണ്ടായി തിരിക്കാം. ദൃശ്യബോധം കൂടുതലുള്ളവർ ഉറക്കെ വായിച്ചുപഠിക്കേണ്ടതില്ല. മറിച്ച് ചിത്രങ്ങൾ, ചാർട്ടുകൾ ഇവ ഉപയോഗിച്ചുള്ള പഠനമാണ് ഇവർക്ക് അനുയോജ്യം. പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്തി വായിക്കുന്നതും ഇവർക്ക് പഠനം എളുപ്പമാക്കും. എന്നാൽ ശ്രവണബോധം കൂടുതലുള്ള കുട്ടികൾ ഉറക്കെ വായിച്ചുപഠിക്കുന്നതും പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ പറഞ്ഞുകേൾപ്പിക്കുന്നതും ചർച്ചചെയ്യുന്നതും വളരെ പ്രയോജനംചെയ്യും.

ഏകാഗ്രതയും ഇടവേളകളും

ഇതുവരെ പഠിച്ച കാര്യങ്ങളെ തലച്ചോറിന് അപഗ്രഥിച്ച് സൂക്ഷിച്ചുവയ്ക്കാൻ പഠിത്തത്തിനിടയിൽ സെക്കൻഡുകളോ, ഏതാനും മിനിറ്റോ ദൈർഘ്യമുള്ള ഇടവേളകൾ അനിവാര്യമാണ്. ഇടവേളയ്ക്കുശേഷം ബോധപൂർവം തിരിച്ച് പഠനത്തിലേക്കുവരാനും കുട്ടികൾ ശ്രദ്ധിക്കണം.

ഓർമശക്തി വർധിപ്പിക്കാൻ

വായിക്കുമ്പോൾ തലച്ചോറിൽ ആദ്യം രേഖപ്പെടുത്തുന്നത് ഹ്രസ്വകാല ഓർമയായാണ്. അത് ദീർഘകാല ഓർമയിലേക്ക് മാറ്റപ്പെട്ടെങ്കിൽ മാത്രമേ വീണ്ടും ഓർത്തെടുക്കാൻകഴിയൂ. ആവർത്തിച്ച് പഠിക്കുക, പഠിച്ചത് ഓർക്കാൻ ശ്രമിക്കുക തുടങ്ങിയവ ദീർഘകാല ഓർമയായി രേഖപ്പെടുത്താൻ സഹായിക്കും. പദ്യം, ഗദ്യം, പേരുകൾ, തീയതികൾ ഇവ ഉറക്കെ ആവർത്തിച്ചുപഠിക്കുന്നത് ഓർക്കാനുള്ള എളുപ്പവഴിയാണ്. പദ്യങ്ങൾ വിഭജിച്ച് ഇത്തരത്തിൽ പഠിക്കാം. വായിച്ചത് അഞ്ചുമിനിറ്റിനുള്ളിൽ ഓർത്തെടുക്കുക, രണ്ടു സെക്കൻഡ് വിശ്രമിച്ചശേഷം അടുത്തഭാഗം പഠിക്കുക എന്നിവവഴി ആദ്യം പഠിച്ചത് ഓർമയിൽനിന്ന് നഷ്ടപ്പെടാതിരിക്കും. അന്നന്ന് പഠിച്ച കാര്യങ്ങളെല്ലാം ഉറങ്ങാൻകിടക്കുമ്പോൾ ഓരോന്നായ് ഓർക്കുക, രാത്രിയിൽ നേരത്തെ കിടന്ന് അതിരാവിലെ പഠിക്കുന്നതും ഓർമ കൂട്ടാറുണ്ട്.

ഉയർന്ന മാർക്ക് നേടാൻ

പുതുതായി നേടുന്ന അറിവുകളെ പഴയ അറിവുകളുമായി കോർത്തിണക്കുന്നത് പരീക്ഷയ്ക്ക് സഹായകമാകും. കൂടാതെ ഏകാഗ്രതയോടെ പഠിക്കുക, പഠിക്കേണ്ടഭാഗങ്ങളെ ചെറുഘടകങ്ങളാക്കി തിരിച്ച് പഠിക്കുക, ആവർത്തിച്ച് പഠിക്കുക ഇവയും ഉയർന്ന മാർക്ക് ഉറപ്പാക്കും. മുൻ ചോദ്യക്കടലാസിലെ ചോദ്യങ്ങൾക്കുത്തരം സമയബന്ധിതമായി എഴുതാൻ ശ്രമിക്കണം. പഠിക്കുമ്പോൾ പ്രധാനപ്പെട്ടവ ലഘുലേഖകളായി സൂക്ഷിക്കുക, ഡയഗ്രം, ഗ്രാഫ്, ചിത്രങ്ങൾ, പദ്യ-ഗദ്യ രൂപത്തിലാക്കി ഓർക്കുക, വാക്കുകളുടെ ആദ്യക്ഷരങ്ങൾ ചേർത്തുവച്ച് ഓർമിക്കുക ഇവ ഉയർന്ന മാർക്ക് ലഭിക്കാൻ സഹായകമാകും.

ഉറക്കം ഒരു ഔഷധം
പഠനത്തിന് ഊർജംപകരുന്ന, മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന ഔഷധമാണ് ഉറക്കം. ബൌദ്ധിക കഴിവുകൾ വികസിക്കാൻ കുട്ടികൾ ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങണം. പകൽ ആർജിക്കുന്ന അറിവും അനുഭവങ്ങളുമെല്ലാം ഉറങ്ങുമ്പോഴാണ് വേർതിരിക്കുന്നതും ഓർമച്ചെപ്പുകളാക്കുന്നതും. കുട്ടികൾ ഉറക്കത്തിന് ചിട്ടപാലിക്കുന്നത് ഗുണംചെയ്യും. രാവിലെ 5-6ന് എഴുന്നേൽക്കത്തക്കവിധം രാത്രി ഉറങ്ങാൻകിടക്കണം. പഠനത്തിന് ഇത് വളരെ പ്രയോജനംചെയ്യും.