പങ്കാളിയെ പിരിഞ്ഞ് വിദേശത്തു ജോലി ചെയ്യുന്നവരുടെ ദാമ്പത്യ ജീവിതത്തിൽ വളരെയധികം മാനസിക സമ്മർദത്തിനു സാധ്യതയുണ്ട്. ചിലർ വിവാഹശേഷം പങ്കാളിയെ ഒപ്പം കൊണ്ടു പോകുമ്പോൾ ഭൂരിപക്ഷം പേർക്കും അതിനുള്ള സാഹചര്യമുണ്ടാകില്ല. വിവാഹത്തിന്റെ ആദ്യദിനങ്ങളിലെ ജീവിതത്തിനു ശേഷം ചിലപ്പോൾ അടുത്ത സമാഗമത്തിന് ഒന്നോ രണ്ടോ വർഷത്തെ കാത്തിരിപ്പുണ്ടാകും. അത്രയും നാൾ ഇരുവരും അനുഭവിക്കുന്നത് വലിയ ഏകാന്തതയാണ്.

അവധിക്കുവരുമ്പോൾ അനവധി തിരക്കുകൾ കാരണം പലപ്പോഴും തൃപ്തമായ ലൈംഗിക ജീവിതം ആസ്വദിക്കുവാൻ സാധിക്കണമെന്നില്ല. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇരുവരും ലൈംഗിക ജീവിതം ആസ്വദിക്കാൻ തുടങ്ങുമ്പോഴാകും അവധി തീരുന്നത്. പെട്ടെന്നുള്ള വേർപിരിയൽ‍ വിഷാദത്തിനും ഏറെനാൾ ലൈംഗികതയിൽനിന്ന് അകന്നു കഴിയുന്നത് ചിലരുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കാനും ഇടയുണ്ട്. പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം ദൃഢമാക്കുന്നതിലൂടെ വേർപിരിയിലിന്റെ വിഷാദത്തെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.