തലശ്ശേരിയിൽ നിന്നാണ് മസൂദ് വന്നത്. വിവാഹം കഴിഞ്ഞിട്ട് 11 മാസം ഇപ്പോൾ ഭാര്യ നാല് മാസം ഗർഭിണിയാണ്. ഭാര്യയെ സ്‌നേഹിക്കാൻ കഴിയുന്നില്ല. ഒറ്റക്കിരിക്കുമ്പോഴെല്ലാം അവളെപ്പറ്റിയുള്ള സംശയങ്ങളാണ് മനസ് നിറയെ.

”യാസീനും അവളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ?, അവളിപ്പോഴും ആരുടെയെങ്കിലും ഒപ്പം പോകുന്നുണ്ടോ?” അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് എന്റേത് തന്നെയാണോ? ഇതൊക്കെയായിരുന്നു അയാളെ വലച്ചിരുന്ന സംശയങ്ങൾ.

വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ മനസിൽ കയറിയതാണ് ഈ സംശയങ്ങൾ. കല്യാണം കഴിഞ്ഞ് ആറ് മാസമായപ്പോൾ സ്ഥിരം കലഹം ഉണ്ടാകുന്ന തരത്തിലേക്ക് വരെ കാര്യങ്ങളെത്തി. കുറ്റപ്പെടുത്തലുകളും സംശയങ്ങളും സഹിക്കാനാകാതെ സുഹ്‌റ രണ്ടു മാസം അവളുടെ വീട്ടിൽ പോയി നിന്നു. മസൂദിനെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു. കുറേ മരുന്നുകൾ കൊടുത്തു. ഒരാഴ്ച കഴിച്ചു. പിന്നീട് സ്വയം നിർത്തി. മസൂദിന് കാര്യമായ രോഗങ്ങളൊന്നുമില്ല. ഡോക്ടർ പറഞ്ഞതുകൊണ്ടാണ് സുഹ്‌റ വീണ്ടും അയാളുടെ കൂടെ ജീവിക്കാൻ തയ്യാറായത് തന്നെ. മസൂദിന്റെ വിവരങ്ങളെല്ലാം വിശദമായി കേട്ടു. ഇപ്പോൾ എന്നെ കാണാൻ വന്ന വിഷയം ഇതൊന്നുമല്ല. അയാളുടെ ശീഘ്ര സ്ഖലനമായിരുന്നു എന്നോട് പങ്കുവെക്കുവാനുള്ളത്. ഒന്ന് കണ്ണടച്ചു തുറക്കും മുൻപേ എല്ലാം കഴിയുമായിരുന്നു. അതോടെ അയാളുടെ സംശയവും കൂടി. അവൾക്ക് വേണ്ടത്ര തൃപ്തി കിട്ടിയില്ലെങ്കിൽ അവൾ മറ്റാരുടെയെങ്കിലും കൂടെ പോയാലോ?

മസൂദിന് ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല. കണ്ണടക്കുമ്പോൾ ഇത്തരം ചിന്തകൾ നിരന്തരം വേട്ടയാകും. രാത്രി ഉറങ്ങാൻ കഴിയുന്നില്ല. ഇത്രയും മനസിലാക്കിയപ്പോൾ മസൂദിനോട് പറഞ്ഞു വീട്ടിൽ പോയി ഒരാഴ്ച ഇവിടെ താമസിക്കാൻ തയ്യാറായി വാ. കുറേക്കൂടി കാര്യങ്ങൾ മനസിലാക്കാനുണ്ട്. നാലാം ദിവസം അയാൾ മടങ്ങിയെത്തി. കൂട്ടത്തിൽ മസൂദിന്റെ വാപ്പയും. നാലഞ്ച് ദിവസങ്ങൾകൊണ്ട് മസൂദിനെ ഏറെ ആഴത്തിൽ പഠിക്കുവാൻ കഴിഞ്ഞു.

പെണ്ണുകാണൽ കഴിഞ്ഞ് മടങ്ങി പോയപ്പോൾ തന്നെ വെളുത്ത് കൊലുന്നനെയുള്ള ആ മൊഞ്ചത്തിയെ മസൂദിന് ഏറെ ഇഷ്ടമായി. താൻ മനസിൽ സങ്കൽപ്പിച്ചതിലും ഏറെ സുന്ദരിയായ ഒരു ഹൂറി. ആ വിവാഹം ഉറപ്പിച്ചപ്പോൾ മസൂദിന്റെ മനസ് ആനന്ദംകൊണ്ട് തുള്ളിച്ചാടി. അടുത്ത ദിവസം തന്നെ കൂട്ടുകാർക്ക് പാർട്ടി കൊടുത്തു. അവരോടെല്ലാം തന്റെ സന്തോഷം പങ്കുവെച്ചു. തന്റെ അടുത്ത ചങ്ങാതിയായ യാസീനോട് അവൻ പറഞ്ഞു ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അവളെപ്പറ്റി കുറേനേരം യാസീനോട് വർണ്ണിച്ചു.

ഒരാഴ്ചക്ക് ശേഷം വീണ്ടും കണ്ടപ്പോൾ യാസീൻ തന്റെ മൊബൈൽ തുറന്നു ഒരു ഫോട്ടോ മസൂദിന് കാട്ടിക്കൊടുത്തു. എന്നിട്ട് ചോദിച്ചു ഇതല്ലേ നീ നിക്കാഹ് കഴിക്കാൻ പോകുന്ന പെണ്ണ്. ഇവളുടെ ഫോട്ടോ എന്റെ കയ്യിലുണ്ട്. എനിക്കിവളെ നന്നായി അറിയാം. മസൂദിന്റെ മനസിൽ ഒരു വെള്ളിടി വെട്ടി. ഒരു നിമിഷം ഷോക്കേറ്റതുപോലെ. അയാളുടെ ശ്വാസം നിലച്ചു. അൽപ സമയത്തിന് ശേഷം മസൂദ് സ്വബോധത്തിലേക്ക് തിരികെ വന്നത് യാസീന്റെ ഒരു ചോദ്യത്തോടെയാണ്. എന്താടാ നീ ഇങ്ങനെ പകച്ചു നിൽക്കുന്നത്. അയാൾ ഒന്നും പറഞ്ഞില്ല. അടുത്ത ദിവസങ്ങളിലൊന്നും അയാൾ ഉറങ്ങിയുമില്ല. യാസീന്റെ മൊബൈലിലെ ഫോട്ടോയും വാക്കുകളും അയാളുടെ മനസിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

നിനക്ക് എങ്ങനെ അവളെ അറിയാം. ഈ ഫോട്ടോ നിനക്കെങ്ങനെ കിട്ടി. ദിവസങ്ങൾക്ക് ശേഷം മസൂദിനെ കണ്ടപ്പോൾ അയാൾ യാസീനോട് ചോദിച്ചുകൊണ്ടേയിരുന്നു. ആദ്യമെല്ലാം യാസീൻ തമാശയാക്കി എടുത്തു. മസൂദിനെ കൂടുതൽ പറ്റിക്കാനും കളിയാക്കാനും ശ്രമിച്ചു. പക്ഷേ, അൽപം കഴിഞ്ഞപ്പോഴാണ് യാസീന് പ്രശ്‌നത്തിന്റെ ഗൗരവം മനസിലായത്. അയാൾ പറഞ്ഞു. മസൂദ് നീ വിഷമിക്കരുത് എല്ലാം വെറുതെയാണ്. ഞാൻ നിന്നെയൊന്ന് പറ്റിക്കാൻ വേണ്ടി പറഞ്ഞതാണ്. ഈ ജിവിതത്തിൽ ഞാനവളെ കണ്ടിട്ടില്ല. എനിക്കവളെ അറിയുകയുമില്ല. നീ പറഞ്ഞ വിവരങ്ങളും അഡ്രസും വച്ച് നിന്റെ ഫേസ്ബുക്കിൽ കയറി അവളുടെ ഫോട്ടോ ഡൗൺലോഡ് ചെയ്ത് എടുത്തതാണ്. ഇതിന്റെ പേരിൽ നീ ഇത്ര ബേജാറാകേണ്ട കാര്യമില്ല. മസൂദിന് ആശ്വാസമായി. പക്ഷേ, ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ആ ചിന്ത അയാളെ അലട്ടാൻ തുടങ്ങി. വിവാഹ ശേഷവും സംശയങ്ങൾ മനസിൽ നിലനിന്നു. പലതവണ സുഹ്‌റയോട് അതേപ്പറ്റി ചോദിച്ചു. പറഞ്ഞു. പക്ഷേ, ആ സംശയങ്ങളിൽനിന്നും അയാൾ മോചിതനായില്ല.

ചെറുപ്പം മുതലേ ഉത്കണ്ഠാകുലനും അൽപം അപകർഷതാബോധവുമുള്ള ആളുമായിരുന്നു മസൂദ്. ചില ന്യൂറോട്ടിക് പ്രശ്‌നങ്ങളും അയാൾക്കുണ്ടായിരുന്നു. അതൊക്കെയാണ് അയാളെ സംശയ രോഗിയാക്കിയത്. ഏതാനും ദിവസത്തെ കൊഗ്‌നിറ്റീവ് തെറാപ്പിയിലൂടെ മസൂദിന്റെ മനസിനെ ശാക്തമാക്കാൻ കഴിഞ്ഞു. ശീഘ്രസ്ഖലനത്തിനുള്ള മരുന്നുകളും നൽകി. അയാളെ ഒരാഴ്ചക്കു ശേഷം ആശുപത്രിയിൽനിന്നും ഡിസ്ചാർജും ചെയ്തു. ഇപ്പോൾ മസൂദ് ഒരു കുട്ടിയുടെ അച്ഛനാണ്. മൂന്നുപേരും സന്തോഷത്തോടെ ജീവിക്കുന്നു.

ഒരു കാര്യം ഓർക്കുക. പലപ്പോഴും നമ്മൾ ആരെയെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്ന ചില തമാശകൾ ചിലപ്പോൾ ഇത്തരം അപകടങ്ങളായി ഭവിച്ചേക്കാം. കളി കാര്യമാകുന്നത് എപ്പോഴാണെന്ന് അറിയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെയും മാനസികാവസ്ഥയുടെയും നിലവാരമനുസരിച്ചായിരിക്കും അയാൾ ബാഹ്യലോകത്തെ വിലയിരുത്തുന്നത്. തനിക്ക് ചുറ്റുമുള്ള സംഭവങ്ങളെ കാണുന്നത്. അതുകൊണ്ട് കളി കാര്യമാകാതിരിക്കാൻ സൂക്ഷിക്കുക.