ഇപ്പോള്‍ വേണ്ട എന്ന തുറന്ന് പറച്ചിലോ , താല്‍പര്യം ഇല്ലാത്ത തരത്തിലുള്ള ചേഷ്ടകളോ പങ്കാളി ഒരിക്കല്‍ കാണിച്ചാല്‍ അതിനെ  ഗൌരവതരമായി എടുക്കേണ്ടതില്ല, എന്നാല്‍ അത് പലവട്ടം ആവര്‍ത്തിച്ചാല്‍ ലൈംഗീക താല്‍പര്യക്കുറവ് എന്ന് നിരീക്ഷിക്കാവുന്ന ഒരു രോഗത്തിന്‍റെ ലക്ഷണമാണ്. ലൈംഗിക താൽപര്യക്കുറവ് എന്നത് സ്ത്രീക്ക് ലൈംഗിക ബന്ധത്തിലേർപ്പെടുവാനോ അതേപ്പറ്റി സംസാരിക്കുവാനോ ആഗ്രഹമില്ലാത്ത അവസ്ഥയാണിത്. ഒരിക്കൽ ആഗ്രഹമുണ്ടായിരുന്ന സ്ത്രീക്ക് പിൽക്കാലത്ത് എന്തെങ്കിലും കാരണവശാൽ അത് നഷ്ടപ്പെട്ടതുമാകാം.

സ്ത്രീ ശരീരത്തിലെ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനവും പൊണ്ണത്തടിയുമൊക്കെ ചിലപ്പോൾ ആഗ്രഹം കുറയുന്നതിനും കാരണമാകാറുണ്ട്. എന്നാൽ ഭൂരിഭാഗംപേരിലും മാനസിക കാരണങ്ങളാണ് മുഖ്യമായി കാണപ്പെടുന്നത്. പങ്കാളിയുമായുള്ള അടുപ്പക്കുറവ്, കലഹം, ലൈംഗിക കാര്യങ്ങളിലുള്ള ഭയം, ഉത്കണ്ഠ, കുറ്റബോധം, വിഷാദരോഗം, മറ്റ് മാനസിക രോഗങ്ങൾ എന്നിങ്ങനെ പലതും ആഗ്രഹം നഷ്ടപ്പെടുന്നതിന് കാരണമാകാം.

മുൻപുണ്ടായ ലൈംഗിക ബന്ധങ്ങളിൽ രതിപൂർവ ലീലകളുടെ അഭാവം, പുരുഷ ശീഘ്രസ്ഖലനം എന്നിവയൊക്കെ പിൽക്കാലത്ത് സ്ത്രീകൾക്ക് ലൈംഗിക ആഗ്രഹം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ചികിത്സ തുടങ്ങുന്നതിന് മുൻപായി കാരണം വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. ഹോർമോണുകളുടെ പ്രവർത്തനത്തിലൊന്നും കുഴപ്പങ്ങളില്ലായെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തണം. ഹോർമോൺ തകരാറുകളും ശാരീരികമായ മറ്റ് കുഴപ്പങ്ങളോ ഇല്ലായെങ്കിൽ സെക്‌സ് തെറാപ്പിയാണ് ഏറ്റവും ഫലപ്രദമായ ചികിത്സാ രീതി.