ബീജാണുക്കളുടെ കൗണ്ട് കുറയുന്നതിന്റെ കാരണങ്ങൾ പല കാരണങ്ങളുമുണ്ടാകാം. ഈ കാരണങ്ങൾ കണ്ടുപിടിച്ച് ഉചിതമായ ചികിത്സ നൽകിയാൽ വളരെയധികം ചെലവേറിയ കൃത്രിമ ഗർഭധാരണ മാർഗങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാരണം വേരിക്കോസീലാണ്  (Varicocele) ആണ്.

വൃഷ്ണ സഞ്ചിയിലെ രക്തക്കുഴലുകളിൽ രക്തംകെട്ടി നിൽക്കുന്നതുകൊണ്ട് കുഴലുകൾ വീർത്തുവരുന്ന അവസ്ഥയാണിത്. ഇതുമൂലം വൃഷ്ണ സഞ്ചിക്കുള്ളിലെ താപനില ഉയരുകയും ബീജങ്ങൾക്ക് കേടുവരികയും ബീജോൽപാദനത്തിൽ തടസമുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കേടായ അല്ലെങ്കിൽ അനാരോഗ്യകരമായ ബീജങ്ങളിൽനിന്നും ഗർഭിണിയായാൽത്തന്നെ അലസിപ്പോകുവാനുള്ള സാധ്യതയും കൂടുതലാണ്. ഇത് പരിഹരിക്കുവാൻ മരുന്നുകൾ കൊടുക്കാറുണ്ടെങ്കിലും ചെറിയ പ്രയോജനം മാത്രമേ ലഭിക്കാറുള്ളൂ. ഇങ്ങനെ രക്തക്കുഴലുകൾ തടിച്ച് കിടക്കുന്നത് കൃത്യമായ ശസ്ത്രക്രിയയിലൂടെ കറക്ട് ചെയ്യാവുന്നതാണ്.

താക്കോൽദ്വാര ശസ്ത്രക്രിയ, ടിവി ലൈഗേഷൻ തുടങ്ങിയ ശസ്ത്രക്രിയകളാണ് ഭൂരിഭാഗം ഡോക്ടേഴ്‌സും സ്വീകരിച്ചുവരുന്നത്. എന്നാൽ മൈക്രോ സർജറിയാണ് ഏറ്റവും ഉചിതമായ രീതി. മൈക്രോസ്‌കോപ്പിലൂടെയോ ലെൻസിലൂടെയോ ശരീരത്തിനുള്ളിലെ എല്ലാ രക്തക്കുഴലുകളും അനുബന്ധ ഭാഗങ്ങളും വലുതായും വ്യക്തമായും കണ്ട് മനസിലാക്കി ഓപ്പറേഷൻ നടത്തുമ്പോൾ രോഗം വീണ്ടും തിരിച്ചുവരുവാനുള്ള സാധ്യതയും സങ്കീർണ്ണതകളും ഏറ്റവും കുറവാണ്. അതുകൊണ്ട് വിവാഹം കഴിച്ചിട്ടില്ലാത്തവർക്കും വിവാഹശേഷം കുട്ടികളില്ലാത്തവർക്കും വേരിക്കോസീലുള്ള ഏറ്റവും ഉചിതവും സുരക്ഷിതവുമായ ശസ്ത്രക്രിയ മൈക്രോസ്‌കോപ്പിക്ക് മൈക്രോ സർജിക്കൽ വേരീക്കോസീലക്റ്റമിയാണ് എന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.

വേരീക്കോസീൽ മൂലം ബീജത്തിന്റെ കൗണ്ടും ചലനശേഷിയും കുറഞ്ഞുപോയവർക്ക് ഇത്തരം ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കുവാനും ഗർഭധാരണം കൈവരിക്കുവാനും സാധിക്കും. കൗണ്ടും ചലനശേഷിയും കുറയുവാനുള്ള മറ്റൊരു പ്രധാന കാരണം അണുബാധയാണ്. ഇതും ചികിത്സിച്ച് മാറ്റാവുന്നതാണ്.