ശരീരം വെളുത്തിരിക്കുമ്പോള്‍ ഗുഹ്യഭാഗം കറുത്തതും ചുളിഞ്ഞതും ആയിരിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. പ്രമേഹം, അമിതവണ്ണം , ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വൃത്തിയില്ലായ്മ, ത്വക്കിനെ പ്രതികൂലമായി ബാധിക്കുന്ന ഡിയോകള്‍-സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം, ഇറുകിയ അടിവസ്‌ത്രങ്ങള്‍, ത്വക്കിലെ അലര്‍ജി, ചൊറിച്ചില്‍, വിവിധതരം അണുബാധകള്‍ ഇവയെല്ലാം ഗുഹ്യ ഭാഗത്തെ ത്വക്കിന്റെ നിറം മങ്ങുന്നതിനും കറുപ്പ് നിറം വര്‍ദ്ധിക്കുന്നതിനും കാരണമാകാറുണ്ട്.

കക്ഷത്തിലും കഴുത്തിന്റെ പിന്‍ഭാഗത്തും ഗുഹ്യഭാഗങ്ങളിലും ഉള്ള ത്വക്കിന് കട്ടികൂടിയ കറുത്ത നിറമോ, പാടുകളോ കാണപ്പെടുന്നത് അക്കാന്‍തോസിസ് ( Acanthosis Nigricans )എന്ന അവസ്ഥയാണ്. കുറേക്കാലം കൊണ്ട് സാവധാനം വര്‍ധിച്ചു വരുന്ന നിരുപദ്രവകരമായ ഒന്നാണിത്. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ കറുത്ത പാടുകള്‍ വര്‍ധിക്കുകയോ പടരുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഒരു ത്വക് രോഗ വിദഗ്ദനെ കാണുന്നതാണ് നല്ലത്.