ഡയാന ഒരു നിമിഷം ഞെട്ടിത്തരിച്ചിരുന്നുപോയി. തന്നെ ചികിത്സിക്കാൻ കൊണ്ടുവന്നിട്ട് ഡോക്ടർ മരുന്നു കുറിച്ച് നൽകുന്നത് ഭർത്താവിന്. ഇതെന്താണെന്ന് മനസിലാകാതെ അവൾ ഇരുന്നു. അൽപനേരത്തേക്ക് അത്ഭുതപരതന്ത്രയായിരുന്നു ഡയാന. പക്ഷേ, ആ ഒരൊറ്റ രാത്രികൊണ്ട് കഴിഞ്ഞ ഒൻപത് വർഷങ്ങളിൽ സാധിക്കുവാൻ കഴിയാത്ത കാര്യം അവർക്ക് പൂർത്തീകരിക്കാനായി. എല്ലാം കഴിഞ്ഞപ്പോൾ ഡയാന വിതുമ്പലോടെ ശ്യാമിനെ കെട്ടിപ്പുണർന്നു. നമുക്കിത് കുറേക്കൂടി നേരത്തെ ആകാമായിരുന്നില്ലേ? കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ എത്ര ഡോക്ടർമാരെ കണ്ടു. ഏതെല്ലാം ആശുപത്രികളിൽ കയറിയിറങ്ങി. എന്തേ നേരത്തെ തന്നെ ഇവിടെ വരാൻ തോന്നിയില്ല. അവൾ ചോദിച്ചുകൊണ്ടേയിരുന്നു.

2008 ജനുവരിയിലായിരുന്നു ഡയാനയുടെയും ശ്യാമിന്റെയും വിവാഹം. ആറ് വർഷത്തെ പ്രണയത്തിന് ശേഷം ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്തുകൊണ്ടാണ് അവർ ഒന്നായത്. ശ്യാം ഹിന്ദുവായിരുന്നു. ഡയാന ക്രിസ്ത്യാനിയും. അതുകൊണ്ടുതന്നെ രണ്ടു കുടുംബത്തിനും വിവാഹത്തോട് ശക്തമായ എതിർപ്പായിരുന്നു. രണ്ടു വർഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇരുവരുടെയും വീട്ടുകാർ മനസില്ലാ മനസോടെ സമ്മതം മൂളിയത്. നീ കണ്ടെത്തിയ ആൾ, എല്ലാം നിന്റെ തീരുമാനം. ഈ ബന്ധം ശരിയായില്ലെങ്കിൽ എല്ലാം നീ തന്നെ സഹിക്കണം. ഒരു സപ്പോർട്ടും ഞങ്ങളിൽനിന്നുണ്ടാകില്ല. ഈ ഒരു താക്കീതോടെയാണ് ഡയാനയുടെ അപ്പച്ചൻ വിവാഹത്തിന് സമ്മതിച്ചത്.

അങ്ങനെ പട്ടണത്തിലെ ടൗൺഹാളിൽവെച്ച് അവർ വിവാഹ രജിസ്റ്ററിൽ ഒപ്പുവെച്ചു. വിവാഹ ശേഷം കുറച്ച് ദിവസത്തിന് ശേഷമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചത്. പക്ഷേ, നടക്കുന്നില്ല. ഡയാനക്ക് അൽപം പേടിയുമുണ്ടായിരുന്നു. ഓരോ തവണ ശ്രമിക്കുമ്പോഴും ശ്യാമിന് ഉദ്ധാരണം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. പരിചയമുള്ള ഒരു ഡോക്ടറെ കണ്ട് കുറേ മരുന്നുകൾ വാങ്ങി കഴിച്ചു. ആദ്യത്തെ ഒരാഴ്ചയോളം വലിയ കുഴപ്പമൊന്നും തോന്നിയില്ല. പക്ഷേ, ബന്ധം നടന്നില്ല. പിന്നെ മരുന്നിന് ഫലമില്ലാതെ പല ഡോക്ടർമാരെയും മാറിമാറി കണ്ടു. മരുന്നുകളും കഴിച്ചു. ഒരു ഫലവും ഇല്ലാതെ ദിവസങ്ങളും വർഷങ്ങളും പോയി.

ഏകദേശം രണ്ടു വർഷത്തോളം അങ്ങനെ കടന്നുപോയി. അപ്പോഴാണ് ഡയാന പറഞ്ഞത് ഇതുവരെ ചേട്ടൻ തനിച്ചല്ലേ, ഡോക്ടർമാരെ കാണാൻ പോയത്. ഇനി ഞാനുംകൂടി വരാം. പിന്നീട് കണ്ട ഡോക്ടർ ഡയാനയെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് അയച്ചു. ആ പരിശോധനയിൽ ഡയാനക്ക് കുഴപ്പമൊന്നും കണ്ടെത്തിയില്ല. നിനക്കൽപം പേടി കൂടുതലാണ്, അതൊന്ന് മാറ്റിയാൽ മതി എന്ന ഉപദേശത്തോടെ ഡോക്ടർ ചില പൊസിഷനുകളും എക്‌സർസൈസുകളും നിർദ്ദേശിച്ചു. അതെല്ലാം ചെയ്തു നോക്കിയെങ്കിലും ഒരു ഫലവും കണ്ടില്ല.

സ്വന്തം ഇഷ്ടപ്രകാരം നടന്ന കല്യാണമായതിനാൽ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള അന്വേഷണവും പിന്തുണയും കുറവായിരുന്നു. എട്ടു വർഷമായപ്പോഴാണ് ഡയാനയുടെ അമ്മ ഒരിക്കൽ ചോദിച്ചത് കല്യാണം കഴിഞ്ഞിട്ട് ഇത്രയുമായില്ലേ? നിങ്ങൾക്ക് കുട്ടികൾ വേണ്ടേ? അതോ അത്തരമൊരു തീരുമാനം എടുത്തു കഴിഞ്ഞോ? ഡയാന വിങ്ങിപ്പൊട്ടി. അമ്മയെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങൾക്ക് ഇതുവരെ അതിന് സാധിച്ചിട്ടില്ല. പല ചികിത്സയും നടത്തി നോക്കിയെങ്കിലും ഇതുവരെ ഫലമില്ല. ഡയാനയുടെ അപ്പച്ചനാണ് അവരെയും കൂട്ടി ഇവിടെ വന്നത്. ഞങ്ങൾ ഇരുവരുടെയും പ്രശ്‌നങ്ങൾ വിശദമായി പഠിച്ചു. അതിനു ശേഷം പരിശോധനകളും അപഗ്രഥനങ്ങളും നടത്തി. ഡയാനയുടെ ഭയവും ശ്യാമിന്റെ ഉദ്ധാരണക്കുറവുമാണ് ബന്ധം നടക്കാത്തതിന് കാരണമെന്ന് മനസിലായി. ഇരുവരോടും രണ്ടാഴ്ച അഡ്മിറ്റാകാൻ പറഞ്ഞു. 12 ദിവസംകൊണ്ടു തന്നെ ഡയാനയുടെ ഭയം പൂർണ്ണമായും മാറി. അവളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടപ്പോൾ അവരോട് ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞു. അൽപം വിഷമത്തോടെയാണ് അടുത്ത ദിവസം ഇരുവരും ചികിത്സാ മുറിയിലേക്ക് വന്നത്. ശ്യാം വളരെ സങ്കടത്തോടെ പറഞ്ഞു. എത്ര ശ്രമിച്ചിട്ടും എനിക്ക് ഉദ്ധാരണം കിട്ടുന്നില്ല. ശ്യാമിനെ ആൻഡ്രോളജിസ്റ്റിനെ കാണിച്ചു. മരുന്നുകൾ തുടങ്ങി. ഇവിടെയാണ് ആദ്യമേ പറഞ്ഞ തരത്തിൽ ഡയാനയുടെ ചിന്തകൾ രൂപപ്പെട്ടത്. മരുന്നു നൽകി പിറ്റേന്നുതന്നെ അവർക്ക് നോർമലായി ബന്ധപ്പെടാൻ കഴിഞ്ഞു. മൂന്നു ദിവസമായപ്പോഴേക്കും വളരെ തൃപ്തികരമായ നിലയിലേക്ക് കാര്യങ്ങളെത്തി. അതോടെ ഇരുവരേയും ഡിസ്ചാർജ് ചെയ്തു. രണ്ടുപേരും ഇപ്പോൾ സന്തുഷ്ടരാണ്.