ആദ്യകാലം മുതല്‍ നല്ലൊരു പുരുഷന്മാരെയും വേട്ടയാടിയിരുന്ന മുഖ്യ ആകുലതകളില്‍ ഒന്നാണ് ലിംഗവലിപ്പം. ലക്ഷക്കണക്കിന് ആളുകള്‍ തന്റെ ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുവാന്‍ വേണ്ടി ചികിത്സ തേടി തട്ടിപ്പുകള്‍ക്ക് ഇരയാകാറുണ്ട്. ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുവാന്‍ വേണ്ട ശസ്ത്രക്രിയ മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള പഠനത്തിന് ഇടയ്ക്കാണ് സാധാരണ ഒരാളുടെ ലിംഗത്തിന്റെ വലിപ്പം എത്രയാണെന്നുള്ള അന്വേഷണം ശാസ്ത്ര സമൂഹം തുടങ്ങിയത്. ഇതേപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

നമുക്ക് സക്കറിയയെ പരിചയപ്പെടാം അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. 2016 മാര്‍ച്ച് 14-ാം തീയതിയായിരുന്നു മാതാപിതാക്കളും അളിയനും ചേര്‍ന്ന് സക്കറിയയെ ഡോ. പ്രമോദ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. അവര്‍ക്ക് ഒരേയൊരു പരാതിമാത്രം ‘ഡോക്ടര്‍ ഇവനു വയസ്സ് 42 കഴിഞ്ഞു. ഒരു വിവാഹത്തിനും തയ്യാറാകുന്നില്ല. ഏതെങ്കിലും വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും ചെപ്പടിവിദ്യ പറഞ്ഞ് അവര്‍ പെണ്‍വീട്ടുകാരെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കും. ഇത് സ്ഥിരം പരിപാടിയാണ്. ഇവന് എന്തെങ്കിലും കുറവുകളുണ്ടോയെന്ന് പരിശോധിക്കണം.  എന്താണ് ഇവന്റെ പ്രശ്‌നമെന്ന് ഞങ്ങള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

കൂടെ വന്നവരെ പുറത്ത് ഇരുത്തിയിട്ട് ഞാന്‍ സക്കറിയയോട് ഏറെ നേരം സംസാരിച്ചു. സക്കരിയ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് വീണയുമായുള്ള പ്രണയം തുടങ്ങിയത്. അന്ന് പ്രായം 18. ആ പ്രണയം 28 വയസ്സുവരെ തുടര്‍ന്നു. വീണയെ വിവാഹം കഴിയ്ക്കുന്ന കാര്യം വീട്ടില്‍ ആവശ്യപ്പെട്ടെങ്കിലും യഥാസ്ഥിതിക മനോഭാവമുള്ള വീട്ടുകാര്‍ വഴങ്ങിയില്ല. വീണയുടെ വീട്ടുകാരും ഒട്ടും വഴങ്ങിയില്ല. അങ്ങനെ ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള 4 വര്‍ഷം ബുദ്ധിജീവിയുടെയും നിരാശാകാമുകന്റെയുമൊക്കെ വേഷമിട്ട് എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. 32-ാം വയസ്സില്‍ ബോംബൈയ്ക്കു വണ്ടി കയറി. അവിടെയൊരു ജോലിയും കണ്ടുപിടിച്ചു.

ബോംബൈയില്‍ താമസിക്കുന്ന കാലത്താണ് ഒരു സുഹൃത്തിനൊപ്പം അവിടെ ഒരു ചുവന്ന തെരുവില്‍ എത്തിപ്പെട്ടത്. സ്വതവേ അല്‍പം പിശുക്കനായിരുന്ന സക്കറിയയ്ക്ക് അവിടെയും തന്റെ ശീലങ്ങള്‍ നിയന്ത്രിക്കാനായില്ല. കാശിന്റെ കാര്യത്തിലുള്ള വിലപേശല്‍ അല്‍പ്പം തുടര്‍ന്നു. അതിനുശേഷമാണ് സമ്മതിച്ചത്. അയാളോട് ദേഷ്യം തോന്നിയിരുന്ന സ്ത്രീ, എല്ലാം കഴിഞ്ഞപ്പോള്‍ നന്നായിയൊന്നു പ്രതികരിച്ചു. ഹിന്ദിയില്‍ അവള്‍ പറഞ്ഞ വാചകങ്ങളുടെ ചുരുക്കം ഇതാണ്. ‘തന്നെയൊക്കെ എന്തിനു കൊള്ളാമെടോ. ഇത്രയും ചെറിയ ലിംഗവുമായി ചെന്നാല്‍ ഒരുപെണ്ണും തന്റെയൊന്നും കൂടെ ജിവിക്കില്ല. അവള്‍ മറ്റാരെയെങ്കിലും തേടിപ്പോകും. മേലാല്‍ ഇക്കാര്യവും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്.” ഒരു നിമിഷം സക്കറിയയുടെ കണ്ണില്‍ ഇരുട്ട് വ്യാപിച്ചു. തന്റെ ശവപ്പെട്ടിയുടെ മുകളില്‍ അവസാനത്തെ ആണിയും തറച്ചു കയറ്റിയതുപോലെ തോന്നി.

അതിന്റെ പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് സക്കറിയയ്ക്ക് തടി കൂടുതലായിരുന്നു. ഹോസ്റ്റലിലെ റാംഗിങിന്റെ സമയത്ത് സീനിയേഴ്‌സ് വസ്ത്രമഴിപ്പിച്ച് കളിയാക്കിയിട്ടുണ്ട്. ‘എടാ തടിയാ നിന്റെ തടിക്കൊത്ത് ഒന്നും കാണുന്നില്ലല്ലോ ഇത് തീരെ ചെറുതാണല്ലോ ഇതുകൊണ്ട് വലിയ കാര്യമൊന്നുമില്ല”. കൗമാരകാലത്തു തന്നെ അയാളുടെ മനസ്സില്‍ ഇതൊരു ആശങ്കയായി അടിഞ്ഞുകിടന്നു. ഒരു സ്ത്രീയുടെ ശകാരവും കുറ്റപ്പെടുത്തലും കൂടിയായപ്പോള്‍ അയാളുടെ ആശങ്കയും ദുഃഖവും അതിന്റെ ഔന്നത്യത്തിലെത്തി. ഏറെ അന്വേഷണങ്ങള്‍ക്കു ശേഷം ഒരു ചെറിയ ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ചകളില്‍ മാത്രം സന്ദര്‍ശിച്ചിരുന്ന ലൈംഗികരോഗ വിദഗ്ധന്‍ എന്ന ബോര്‍ഡ് വച്ച ഒരു വ്യാജ ഡോക്ടറെ കണ്ടത്തി.

തന്റെ വിഷമങ്ങളെല്ലാം ധരിപ്പിച്ചു. വസ്ത്രമഴിച്ചു പരിശോധിച്ചതിനുശേഷം ഡോക്ടര്‍ പറഞ്ഞു. ”കുഴപ്പമില്ല നമുക്ക് ശരിയാക്കാം ഒരു വര്‍ഷമെങ്കിലും മരുന്ന് മുടങ്ങാതെ കഴിക്കേണ്ടിവരും.” സക്കറിയ സമ്മതിച്ചു. പലനിറങ്ങളിലും രൂപത്തിലുമുള്ള പേരോ ലേബലോ ഇല്ലാത്ത നാല് തരം ഗുളികകളും പുരട്ടാനുള്ള ഒരു തൈലവും ലഭിച്ചു. ഒരു മാസത്തെ മരുന്നിന് 11000 രൂപ. അങ്ങനെ സക്കറിയ ഒരു വര്‍ഷം മരുന്നു കഴിച്ചു. ഓരോ തവണ ചെല്ലുമ്പോഴും തന്റെ സംശയം ആവര്‍ത്തിച്ചു. ”ഡോക്ടറെ ഇത്രയും നാളും മരുന്നു കഴിച്ചിട്ടും ഒരു മാറ്റവും കാണാനില്ലല്ലോ” ഡോക്ടര്‍ ഉറപ്പുകൊടുത്തു. ഈ കോഴ്‌സ് പൂര്‍ത്തിയാക്കൂ അതിനുശേഷമേ മാറ്റം വരുകയുള്ളൂ. എല്ലാം പൂര്‍ത്തിയാക്കിയെങ്കിലും സക്കറിയ്ക്ക് ഒരു മില്ലിമീറ്റര്‍ പോലും വലിപ്പവ്യത്യാസം അനുഭവപ്പെട്ടില്ല.

അങ്ങനെ എല്ലാത്തിലും നിരാശനായപ്പോള്‍ മദ്യത്തില്‍ അഭയം തേടി. വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറുവാനുള്ള കാരണവും ഇതൊക്കെ തന്നെയായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ ഇടപെട്ട് മദ്യപാനം ചികിത്സിച്ചു മാറ്റിയതിനുശേഷമാണ് ഡോ. പ്രമോദുസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയത്. സക്കറിയയുടെ എല്ലാ പരിശോധനാഫലങ്ങളും ലിംഗവും പൂര്‍ണമായും നോര്‍മലാണെന്ന് കണ്ടെത്തി. ധൈര്യമായി വിവാഹവുമായി മുന്നോട്ടുപോകാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കി. ആത്മവിശ്വാസവും പകര്‍ന്നു നല്‍കി. നാല് മാസങ്ങള്‍ക്കു ശേഷം സക്കറിയ വിവാഹിതനായി. ഇന്നയാള്‍ ഒരു കുഞ്ഞിന്റെ അച്ഛനാണ്. 42 വയസ്സുവരെയുള്ള ജീവിതം ലിംഗവലിപ്പത്തെപ്പറ്റിയുള്ള ആശങ്കകാരണം നഷ്ടപ്പെട്ടു.

ഒരു കാര്യം മനസ്സിലാക്കുക. പുരുഷ ലിംഗത്തിന്റെ വലിപ്പം അത്ര പ്രശ്‌നമല്ല. വലിപ്പമല്ല രതിസുഖത്തിന് നിദാനം. മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹവും പങ്കുവയ്ക്കലും രതീപൂര്‍വ്വരീതികളില്‍ ഇടപെടുന്ന രീതികളുമാണ് പ്രധാനം. ലിംഗത്തിന്റെ വലിപ്പം കൂട്ടാന്‍ പ്രാപ്തമായ മരുന്നുകളൊന്നും ലഭ്യമല്ല. ലിംഗവലിപ്പത്തെപ്പറ്റി ഇന്ത്യയില്‍ നടന്നിട്ടുള്ള ഏക ശാസ്ത്രീയ പഠനം ഈ ലേഖകനും സംഘവും നടത്തിയതാണ്. അതിന്റെ റിപ്പോര്‍ട്ട് 2007ലെ ഇന്റര്‍നാഷണല്‍ ഓഫ് ഇംപൊട്ടന്‍സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍ പ്രകാരം ഉദ്ധരിച്ച ലിംഗത്തിന്റെ ശരാശരി നീളം 13സെമി ഉം ശരാശരി വണ്ണം 11.46 സെമി ഉം ആണ്. ഇതില്‍ നിന്നും കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള വ്യത്യാസങ്ങള്‍ സാധാരണമാണ്. ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാമെന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളില്‍ വീഴാതിരിക്കുക. സംശയം തീരുന്നില്ലെങ്കില്‍ ഏതെങ്കിലും വിദഗ്ധനായ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.