ആധുനികകാലത്ത് എല്ലാ തൊഴിൽ മേഖലകളിലും കടുത്ത മൽസരം നിലനിൽക്കുന്നുണ്ട്. ജോലിയിലെ പിരിമുറക്കം ലൈംഗിക ജീവിതത്തെയും ബാധിക്കാം. മാറുന്ന തൊഴിൽ സംസ്കാരവും സമയക്രമവുമെല്ലാം സ്ത്രീ-പുരുഷ ജീവിത രീതികളെ മാറ്റിമറിച്ചുകഴിഞ്ഞു.
ഇരുവരും ജോലി ചെയ്യുന്ന കുടുംബങ്ങളിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥ പ്രത്യേക പരിഗണന അർഹിക്കുന്നു. അടുക്കളയിൽ ഒരുകൈ സഹായം നൽകാത്ത ഭർത്താവാണെങ്കിൽ സ്ത്രീയുടെ ജീവിതം ദുരിതപൂർണമാകും. അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലി തീർത്തിട്ടു വേണം സ്ത്രീകൾക്ക് ഒാഫിസിലെത്താൻ. ഒാഫിസ് ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത ശേഷം വീട്ടിലെത്തിയാലും സ്ത്രീക്കു വിശ്രമത്തിനു സമയം കിട്ടില്ല.
വൈകിട്ടത്തെ അടുക്കളപ്പണിയും കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യവും നോക്കിക്കഴിഞ്ഞ് കിടക്കാറാകുമ്പോഴേക്കും സമയം പതിനൊന്നാകും. ക്ഷീണിച്ച്, ഉറങ്ങിയാൽ മതിയെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭർത്താവിന്റെ ലൈംഗികആഗ്രഹം. അതു ഭാര്യയെ വീണ്ടും തളർത്തും. ചിലപ്പോൾ ലൈംഗികബന്ധത്തിനു വഴങ്ങാതിരിക്കാനും സാധ്യതയുണ്ട്.
അത്തരം സാഹചര്യങ്ങളിൽ പങ്കാളികൾ പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിന് അനുയോജ്യമായ സമയം കണ്ടെത്തണം. ഭാര്യ ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെന്ന കാരണത്താൽ കുടുംബ ജീവിതത്തിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഭർത്താക്കന്മാരും കുറല്ല. ഒാഫിസിലെ പിരിമുറക്കം ഒാഫിസിൽ ഉപേക്ഷിച്ചു പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുകയാണ് ദാമ്പത്യജീവിതത്തിന്റെ ഉൗഷ്മളത നിലനിർത്താൻ നല്ലത്.
0 Comments