ഒരു വ്യക്തി, തനിക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഏതെങ്കിലും തരത്തിലുള്ള ശാരീരിക രോഗങ്ങൾ പിടിപെട്ടാൽ അതേക്കുറിച്ച് വാചാലരാവുന്നതുകാണാം. അതേസമയം, ശാരീരിക രോഗത്തിന് പകരം ദാമ്പത്യ  പ്രശ്‌നങ്ങളാണെങ്കിലോ? അതേക്കുറിച്ച് മൗനംപാലിക്കാനോ ഒളിച്ചുവെക്കാനോ ശ്രമിക്കുന്നു. എന്തുകൊണ്ടാണിത്?

ദാമ്പത്യ പ്രശ്‌നങ്ങളിൽ 90 ശതമാനവും മനസ്സുമായി ബന്ധപ്പെട്ടതായിരിക്കും.  ഉദ്ധാരണക്കുറവ്, ലൈംഗിക വികാരമില്ലായ്മ, രതിയോട് അറപ്പ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം വിവാഹജീവിതത്തിൽ വളരെ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. രോഗികളുടെ പൂർണ സഹകരണമുണ്ടെങ്കിൽ സെക്‌സ് തെറാപ്പിയിലൂടെ ഇവയില്‍ ഭൂരിഭാഗം വിഷയങ്ങളും  പരിഹരിക്കാവുന്നതേയുള്ളൂ . ഇതിലുള്ള പരിഹാരം നീളുമ്പോള്‍ അത് പലപ്പോഴും ഒഴിവാക്കാവുന്ന ഒരു വിവാഹമോചനത്തിലേക്ക് ആണ് പല കുടുംബങ്ങളെയും എത്തിക്കുക.

വിവാഹ ജീവിതത്തിൽ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാൽ, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാൽ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാൻ കഴിയാത്തവരാണ്. നവദമ്പതികൾ വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലെങ്കിലും പൂർണാർഥത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടേ മതിയാകൂ. അതിന് സാധിക്കുന്നില്‌ളെങ്കിൽ ഒരു മടിയും കരുതാതെ തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടറോട് വിവരങ്ങൾ ധരിപ്പിക്കണം. അദ്ദേഹത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യമാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണേണ്ടിവരും. ശാരീരിക കാരണങ്ങൾ കൊണ്ടല്ലെന്ന് ഉറപ്പുവരുത്തിയാൽ പിന്നീട് തീർച്ചയായും സമീപിക്കേണ്ടത് ക്‌ളിനിക്കൽ സൈക്കോളജിസ്റ്റിനെയാണ്.