അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നാണ് സുധീഷിനെ ബലമായി പിടിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഞാനാദ്യം സുധീഷിനെ തനിച്ചുവിളിച്ച് കാര്യങ്ങള്‍ തിരക്കി. സുധീഷ്, ഒരല്‍പ്പം ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ‘എനിക്ക് യാതൊരു കുഴപ്പവുമില്ല. രോഗവുമില്ല. ഇവരെല്ലാം ചേര്‍ന്ന് വെറുതെ എന്നെ പിടിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുവന്നതാണ്. എനിക്ക് താങ്കളെ കാണാനോ സംസാരിക്കാനോ ഒരു താല്‍പര്യവും ഇല്ല” ഇത്രയും പറഞ്ഞ് അയാള്‍ പുറത്തേയ്ക്ക് ഇറങ്ങിപ്പോയി.

സുധീഷ് പോയ ഉടന്‍തന്നെ ഞാന്‍ മാതാപിതാക്കളെ വിളിപ്പിച്ചു. ഒരസുഖവുമില്ലാത്ത അവനെ നിങ്ങള്‍ എന്തിനാണ് കൊണ്ടുവന്നത്? ഞാന്‍ ചോദിച്ചു. നിറകണ്ണുകളോടെ അമ്മ പറഞ്ഞു എനിക്കാകെയുള്ള ഒരാണ്‍തരിയാണ് ഡോക്ടര്‍. ആകെ നാലു മക്കള്‍ ഉള്ളതില്‍ ബാക്കിയെല്ലാം പെണ്‍കുട്ടികളാണ്. അവരെയെല്ലാം കെട്ടിച്ചയച്ചു. എല്ലാവരും അവരവരുടെ പാട്ടിനു പോയി. ഞങ്ങള്‍ക്ക് എത്രകാലം ഇവനെനോക്കിയിരിക്കാന്‍ കഴിയും. ഞങ്ങളുടെ കാലശേഷം ഇവനാരാ ഉള്ളത്? നല്ലനല്ല കല്യാണാലോചനകള്‍ ഒത്തിരി വന്നു. ഒന്നിനും അവന്‍ തയ്യാറാകുന്നില്ല. എനിക്ക് കല്യാണമേ വേണ്ട എന്ന ഒരൊറ്റ വാശിയിതന്നെ.

ഞാന്‍ പറഞ്ഞു, സുധീഷ് സഹകരിക്കാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അച്ഛന്‍ പറഞ്ഞു ഡോക്ടറേ എന്തു വന്നാലും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടേ ഞങ്ങള്‍ ഇവിടുന്ന് മടങ്ങിപോകൂ. എത്ര ദിവസം വേണമെങ്കിലും ഇവിടെ താമസിക്കാന്‍ തയ്യാറായിട്ടാണ് ഞങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും രാവിലെതന്നെ പോന്നത്. അതുകൊണ്ട് താമസിക്കണമെന്നതോ മറ്റെന്തെങ്കിലുമോ ഞങ്ങളുടെ മകന്റെ കാര്യത്തില്‍ തടസ്സമാകരുത്. ഞങ്ങള്‍ക്ക് അവനാണ് വലുത്.

അങ്ങനെ സുധീഷിനേയും കുടുംബത്തെയും ആശുപത്രിയില്‍ തന്നെ താമസിക്കാന്‍ അനുവദിച്ചു. രണ്ട് മുറികളും നല്‍കി. ഒരാഴ്ചയ്ക്കു ശേഷമാണ് സുധീഷുമായി നല്ലരീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. വിവാഹമേ വേണ്ട എന്നുള്ള കടുത്ത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമായത് അപ്പോഴാണ്.

അന്നു സുധീഷിന് പ്രായം 17. നഗരത്തിലെ അറിയപ്പെടുന്ന കോളേജില്‍ രണ്ടാം വര്‍ഷം പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ സുധീഷ് വളരെ വൈകിയാണ് എത്തിയത്. ടീമില്‍ ഒരാളുടെ കുറവുണ്ടായിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അന്ന് കളത്തിലിറങ്ങാന്‍ സുധീഷ് തയ്യാറായതേയില്ല. രണ്ടു മൂന്നു ദിവസമായി നല്ല നടുവേദന. അതുകൊണ്ടാണ് കളി ഒഴിവാക്കാന്‍ സുധീഷ് ശ്രമിച്ചത്.

ദേഷ്യം വന്നപ്പോള്‍ കൂട്ടുകാരിലൊരാളായ രാജേഷ് പറഞ്ഞു. ഇത്ര ചെറുപ്പത്തിലെ ഇത്രയും വലിയ നടുവേദനയും കൊണ്ടു നടന്നാല്‍ ”നിന്റെ കാര്യം പോക്കാ” ഇങ്ങനെയാണെങ്കില്‍ നീ കല്യാണം കഴിക്കാതിരിക്കുകയാണ് ഭേദം. അല്ലെങ്കില്‍ അവള്‍ വല്ലവന്റേയും കൂടെ പോയെന്നുവരും. സുധീഷിന്റെ മനസ്സില്‍ ഒരായിരം കൊള്ളിയാനുകള്‍ ഒന്നിച്ചുമിന്നി.

പിന്നീടെപ്പോഴൊക്കെ നടുവേദന അനുഭവപ്പെടുന്നോ, അപ്പോഴൊക്കെ രാജേഷിന്റെ ശബ്ദമായിരുന്നു സുധീഷിന്റെ മനസ്സില്‍ മാറ്റൊലികൊണ്ടിരുന്നത്. പ്രായപൂര്‍ത്തിയായപ്പോഴേക്കും ഇടയ്ക്കിടെ നടുവേദന വന്നിരുന്നതിനാല്‍ അയാള്‍ തീരുമാനിച്ചു. ഇനി ജീവിതത്തില്‍ വിവാഹമേ വേണ്ടായെന്ന് അങ്ങനെ തന്റെ ദാമ്പത്യം തകരുമോ എന്ന ആകുലതയില്‍ അങ്ങനെയായാല്‍ ഭാര്യ അന്യപുരുഷനെ തേടിപ്പോകുമോ എന്ന ഭയം നിമിത്തമാണ് അയാള്‍ വിവാഹം ഒഴിവാക്കിയത്. ഏതാനും ദിവസങ്ങളിലെ കൊഗ്നിറ്റീവ് തെറാപ്പിയിലൂടെ സുധീഷിന്റെ ഉത്കണ്ഠ അകറ്റി ആത്മവിശ്വാസം വീണ്ടെടുക്കാനായി കഴിഞ്ഞ സെപ്തംബറിലായിരുന്നു സുധീഷിന്റെ കല്യാം. വിവാഹശേഷം സംതൃപ്തമായ ദാമ്പത്യമാണ് അയാള്‍ക്കുള്ളത്. ഒരു ദിവസം ഭാര്യയേയും കൊണ്ട് ഒരു വലിയ മധുരപലഹാര കൂട്ടവുമായി സുധീഷ് പ്രമോദ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തി. നിന്റെ കാര്യം പോക്കാണോ എന്ന എന്റെ തമാശ ആസ്വദിച്ച് ചിരിക്കുമ്പോള്‍ സുധീഷിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.