കുട്ടികളോടുള്ള ലൈംഗികപീഡന കേസുകൾ ദിനം പ്രതി വർധിക്കുമ്പോള്‍ ക്കളുടെ സുരക്ഷിത്വത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയും വര്‍ധിക്കുകയാണ് . പെൺകുട്ടികളുടെ കാര്യത്തിൽ പൊതുവേ ശ്രദ്ധനൽകാറുള്ള നാം ആൺകുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധനൽകാറില്ല. പലപ്പോഴും അപരിചിതരെക്കാളും ബന്ധുക്കളിൽ നിന്നാവും കുട്ടികൾക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടിവരിക.

കുടുംബത്തിനേൽക്കുന്ന അപമാനഭാരം ഒാർത്തു പലപ്പോഴും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. എന്തെങ്കിലും മാനസിക രോഗമുളളവർ മാത്രമാണ് പൊതുവായി കുട്ടികളെ പീ‍ഡിപ്പിക്കാൻ മുതിരുന്നത്. പ്രായപൂർത്തിയായ ആൾക്ക് പ്രായപൂർത്തിയാവാത്ത കുട്ടിയോടുണ്ടാവുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’. കുട്ടികളെ രസിപ്പിച്ചും കൊഞ്ചിയും അവരെ തങ്ങളിലേക്ക് അടുപ്പിക്കും. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ വൈകൃതങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് അതു വലിയ നടുക്കമുണ്ടാക്കും.

മാതാപിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

∙ ദിവസവും കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക
∙ കുട്ടികളുടെ ശരീരത്തോ ജനനേന്ദ്രിയത്തിലോ മുറിവുകളോ പാടുകളോ ഉണ്ടോയെന്ന് അവരുടെ സമ്മതത്തോടെ മാത്രം പരിശോധിക്കുക.
∙ നല്ല സ്പര്‍ശങ്ങളും ചീത്ത സ്പര്‍ശങ്ങളും തമ്മിലുള്ള വ്യത്യാസം കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക
∙ എന്തു പ്രശ്നം വന്നാലും നേരിടാൻ മാതാപിതാക്കള്‍ കൂടെയുണ്ടെന്ന വിശ്വാസം കുട്ടിയില്‍ വളര്‍ത്തിയെടുക്കുക
∙ എന്തെങ്കിലും ദുരനുഭവങ്ങൾ നേരിട്ടാൽ മാതാപിതാക്കളോട് പറയാൻ കുട്ടിയെ പ്രേരിപ്പിക്കുക