എന്റെ മകള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. അവള്‍ക്ക് ഇടയ്ക്കിടെ പനി വരുന്നു. മൂത്രത്തില്‍ അണുബാധയാണെന്നു ഡോക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഈ രോഗം വരുമെന്നതു പുതിയ അറിവായിരുന്നു. എന്താണിതിനു കാരണം.?

മുതിര്‍ന്നവര്‍ക്കു വരുന്നയത്ര കൂടുതലല്ലെങ്കിലും കുട്ടികളിലും യൂറിനറി ഇന്‍ഫെക്ഷന്‍ കുറവല്ല. ശാരീരികമായ പ്രത്യേകതകള്‍ മൂലം പെണ്‍കുട്ടികളില്‍ താരതമ്യേന ആണ്‍കുട്ടികളെക്കാള്‍ ഈ രോഗം കൂടുതല്‍ പിടിപെടുന്നു.

പെണ്‍കുട്ടികളില്‍ മൂത്രം പോകുന്ന ദ്വാരം, യോനീനാളം എന്നിവ വളരെ അടുത്തു സ്ഥിതിചെയ്യുന്നതു മൂലം അണുബാധ എളുപ്പത്തിലുണ്ടാകാം. സ്ത്രീകളില്‍ മൂത്രനാളിയുടെ നീളം കുറവായതും അണുബാധ കൂടാന്‍ കാരണമാണ്. മനുഷ്യരുടെ വിസര്‍ജ്യത്തില്‍ ഉള്ള ഇകോളി ബാക്ടീരിയയാണു പ്രധാനമായും മൂത്രാശയ അണുബാധയുണ്ടാക്കുന്നത്. സ്ട്രെപ്റ്റോകോക്കസ്, സ്റ്റെഫലോ കോക്കസ് തുടങ്ങിയ അണുക്കളും അണുബാധ യുണ്ടാക്കാറുണ്ട്. കുട്ടികളില്‍ ജന്മനാ മൂത്രക്കുഴലിനുണ്ടാകുന്ന വൈകല്യങ്ങളും തുടര്‍ച്ചയായ അണുബാധയ്ക്കു കാരണമാകാം. അണുബാധയുണ്ടാകുന്നവരില്‍ ഒന്നില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാം. പനി, വിറയല്‍, അടിവയറ്റില്‍ വേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

രോഗത്തിന്റെ തീവ്രത കുറയാനും ആവര്‍ത്തിക്കാതിരിക്കാനും ശുചിത്വശീലങ്ങളില്‍ ശ്രദ്ധിക്കണം. യോനീഭാഗം വൃത്തിയായി സൂക്ഷിക്കണം. വിസര്‍ജ്യത്തിന്റെ അംശങ്ങള്‍ യോനിയില്‍ കയറാതിരിക്കാന്‍ കരുതല്‍ വേണം. മുന്നില്‍ നിന്നു പുറകോട്ടു വേണം യോനി കഴുകി വൃത്തിയാക്കാന്‍. വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കണം. കൂടുതല്‍ നേരം മൂത്രം പിടിച്ചുവയ്ക്കുന്നതു അണുബാാധയ്ക്കു സാധ്യത കൂട്ടും. ഒമ്പതു വയസുള്ള കുട്ടി ദിവസവും കുറഞ്ഞത് ആറു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂത്രം കൂടുതല്‍ ഒഴിക്കുമ്പോള്‍ അണുബാധയ്ക്കു കാരണമായ ബാക്ടീരിയ പുറന്തള്ളപ്പെടും. മൂത്രം കള്‍ച്ചര്‍ ചെയ്താണ് അണുബാധ കണ്ടുപിടിക്കുക. അണുബാധയ്ക്കു കാരണമായ ബാക്ടീരിയക്കെതിരെ ആന്റിബയോട്ടിക് കഴിച്ചാല്‍ രോഗം മാറും.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)