കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 31ന് തിങ്കളാഴ്ച രാവിലെതന്നെ വസുന്ധരാദേവി എന്റെ കണ്‍സള്‍ട്ടേഷനു റൂമിനു മുന്നില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ റൂമിലേക്ക് പ്രവേശിച്ചു, അല്പസമയത്തിനുള്ളില്‍ തന്നെ ഫയലുമെത്തി. വസുന്ധരാദേവിയെ വിളിക്കാന്‍ പറഞ്ഞു. എന്താണ് ഇന്ന് തനിച്ചുവന്നത്? സാധാരണ ഭര്‍ത്താവും കണ്‍സള്‍ട്ടേഷനു വരാറുണ്ടല്ലോ? ഞാന്‍ ചോദിച്ചു.

വിതുമ്പിക്കൊണ്ടാണ് വസുന്ധരാദേവിയുടെ മറുപടി വന്നത് – ഡോക്ടര്‍ എന്റെ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി – രാജനിപ്പോള്‍ ഉദ്ധാരണം വന്നുതുടങ്ങിയിരിക്കുന്നു – ഇന്നലെരാത്രി ശ്രമിച്ചപ്പോള്‍ പത്ത് മിനിറ്റോളം അത് ബലമായി തന്നെ നിന്നു. ഇവിടെ വരുമ്പോള്‍ ഒരിക്കലും ഞാന്‍ അങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ടില്ല. മുമ്പൊക്കെ നടത്തിയ ചികിത്സപോലെതന്നെ വേറൊരു ശ്രമമായി മാത്രമേ ഞാന്‍ ഇതിനെ കണ്ടിരുന്നുള്ളൂ. ഡോക്ടര്‍ മൂന്നു മാസത്തെ സമയം പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഈ മൂന്നുമാസം കൂടി ക്ഷമിച്ചാല്‍ മതിയല്ലോ. അതിനുശേഷം എനിക്ക് സ്വാതന്ത്ര്യം നേടാമല്ലോ എന്നാണ്. ആ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയാണ്. ഞാനാകെ ആശയക്കുഴപ്പത്തിലാണ്.

പിരിയാന്‍ വേണ്ടി വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം പാക്ക് ചെയ്ത സൂട്ട്‌കേസുമായി വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്താണ് ഡോക്ടറായ അമ്മായിയും കൂടെ ജോലിചെയ്തിരുന്ന മറ്റൊരു ഡോക്ടറും കൂടി ഒരു കോണ്‍ഫറന്‍സ് കഴിഞ്ഞ് നേരെ വസുന്ധരാദേവിയുടെ വീട്ടിലേക്ക് വന്നത്. അവള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്നറിഞ്ഞപ്പോള്‍ മോളെ എനിക്കൊരു ചാന്‍സ് തരൂ, ഇതൊരു അവസാന ശ്രമമാണ്. ഇതുംകൂടി പരാജയപ്പെട്ടാല്‍ പിന്നെ നിന്നെ ഞങ്ങള്‍ തടയില്ല. നിനക്കു പോകാം എന്നു പറഞ്ഞാണ് ആ ഡോക്ടര്‍ അവിടെ തടുത്ത് നിര്‍ത്തിയത്. ആ പ്രതീക്ഷയും വെച്ചാണ് വസുന്ധര ചികിത്സക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷ തകര്‍ന്നിരിക്കുന്നു. അതാണ് വസുന്ധരയുടെ ആശയക്കുഴപ്പത്തിനും കണ്ണീരിനും കാരണം. ഏറെനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഞാന്‍ വസുന്ധരയെ സമാധാനിപ്പിച്ച് മടക്കിയയച്ചത്.

ജൂലൈ ആറിനായിരുന്നു ഡോ. അഭയ രാജിനെയും വസുന്ധരയെയും കൂട്ടി ആദ്യമായി ഹോസ്പിറ്റലില്‍ എത്തിയത്. മുന്‍പ് പരാജയപ്പെട്ട പല ചികിത്സയുടെയും കഥകള്‍ വിശദമായി പറഞ്ഞു. ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി സ്വന്തമായി ബിസിനസ്സ് ചെയ്യുകയായിരുന്നു രാജ്. വസുന്ധര അധ്യാപികയും. വിവാഹം കഴിഞ്ഞ് നാല് വര്‍ഷം ഒരുമിച്ച് താമസിച്ചെങ്കിലും അവര്‍ ശരീരംപോലും പരസ്പരം കണ്ടിരുന്നില്ല. രാജ് ഒരു അന്തര്‍മുഖനായിരന്നു. ഏറെ ലജ്ജാലുവും. വസുന്ധര നിര്‍ബന്ധിച്ച് രണ്ടുമൂന്നുവട്ടം ശ്രമം നടത്തിയെങ്കിലും ഒന്നു സ്പര്‍ശിക്കാന്‍ പോലും രാജ് തയ്യാറായില്ല. സമ്മതിച്ചതുമില്ല. ഡോക്ടര്‍മാരെ കണ്ടപ്പോള്‍ പല മരുന്നും കൊടുത്തു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല.

മരുന്നുകളൊന്നുമില്ലാത്ത ഒരു ചികിത്സയ്ക്കാണ് ഞാന്‍ ശ്രമിച്ചത്- സെക്‌സ് തെറാപ്പി. ആഴ്ചയില്‍ ഒരു ദിവസമാണ് ഇരുവരേയും കണ്ടിരുന്നത്. ഏഴ് തവണ ഇരുവരേയും കണ്ടതിനുശേഷമാണ് രാജന് മാറ്റങ്ങള്‍ വന്നത്. ആ മാറ്റങ്ങള്‍കണ്ട് പകച്ചുപോയപ്പോഴാണ് വസുന്ധര ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് വന്നത്. പിന്നീട് കുടുംബത്തിലെ ചിലരുടെ മരണവും രോഗവും കൊണ്ടെല്ലാം അവരുടെ ചികിത്സ നീണ്ടുപോയി. ഒക്ടോബര്‍ ആയപ്പോഴേക്കും അവര്‍ക്ക് ഒരു മരുന്നിന്റേയും സഹായം കൂടാതെതന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. അപ്പോള്‍ മറ്റൊരു പ്രശ്‌നം തലപൊക്കി. രാജന് സ്ഖലനം നടത്താനാകുന്നില്ല. വീണ്ടുമൊരു മൂന്നുമാസം ചികിത്സ വേണ്ടിവന്നു അതു നേരെയാക്കാന്‍. വസുന്ധര അമ്മയായ വാര്‍ത്തയുമായിട്ടാണ് അവരുടെ അമ്മായിയായ ഡോ. അഭയ പിറ്റേ വര്‍ഷം കാണാന്‍ വന്നത്.