പുരുഷന്മാരിലെ രതിമൂർച്ഛാഹാനി (Male Orgasmic Dysfunction / Delayed Ejaculation / Retarded Ejaculation)

ലൈംഗിക ബന്ധത്തിലോ പ്രവൃത്തിയിലോ പുരുഷന് രതിമൂർച്ഛ ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ വളരെ വൈകി ലഭിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് 13,402 പുരുഷന്മാരിൽ നടത്തിയ ഗവേഷണം കാണിക്കുന്നത് അവരിൽ മൂന്നു ശതമാനംപേർക്ക് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നുവെന്നതാണ്. വില്യം മാസ്‌റ്റേഴ്‌സും വെർജീനിയ ജോൺസണും നടത്തിയ പഠനത്തിൽ 448 പുരുഷന്മാരിൽ 3.8 ശതമാനംപേർക്കും രതിമൂർച്ഛാഹാനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പലപ്പോഴും വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിൽനിന്നുമാണ് ഇത്തരം കേസുകൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട് പുരുഷനോട് ബീജം പരിശോധിക്കുവാൻ ആവശ്യപ്പെടുമ്പോഴാണ് മനസിലാകുന്നത് അയാൾക്ക് ശുക്ലം എടുക്കുവാൻ സാധിക്കുന്നില്ല. ലൈംഗിക ബന്ധത്തിലൂടെയോ സ്വയംഭോഗത്തിലൂടെയോ ശുക്ലം പുറത്തുവരാത്ത അവസ്ഥയാണിത്. തത്ഫലമായി ഗർഭധാരണത്തിന് തടസമാകുന്നു. ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് 4003 പേരിൽ നടത്തിയ ഒരു പഠനത്തിൽ വന്ധ്യതാ ചികിത്സ തേടിയെത്തിയ 770 ദമ്പതികളിൽ കുട്ടികളുണ്ടാകാതിരുന്നതിന് കാരണം 12 ശതമാനം പുരുഷന്മാർക്കും ശുക്ല സ്ഖലനം നടത്താനുള്ള ബുദ്ധിമുട്ടായിരുന്നു.