മനസ്സിൽ പ്രണയം മൊട്ടിട്ടുകഴിഞ്ഞാൽ പിന്നെ ആകെയൊരു പരവേശമാണ്. സംസാരിക്കുമ്പോൾ ശബ്ദമിടറുന്നു. കാലുകൾക്ക് വിറയൽ ബാധിക്കുന്നു. ശബ്ദം നേർത്തുപോകുന്നു. നെഞ്ചിടിപ്പ് സ്വയമറിയുന്നു. ടെൻഷൻ. ഉത്കണ്ഠ. ഒരാൾ കാമുകനോ കാമുകിയോ ആയിക്കഴിയുമ്പോൾ സംഭവിക്കുന്ന ജൈവസവിശേഷതകളാണിവയൊക്കെ. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുമ്പോഴാണല്ലോ ഇത്തരം സ്വഭാവസവിശേഷതകൾ ആദ്യമായി സംഭവിക്കുന്നത്. അത് സ്വാഭാവികമാണ്. പ്യൂപ്പക്കുള്ളിൽ നിന്നും ഹോർമോണുകളുടെ ചിത്രശലഭങ്ങൾ കൂട്ടത്തോടെ പുറത്തുചാടുന്ന ”ഹോർമോൺ വസന്തകാല’മാണ് കൗമാരം.

പക്ഷേ, എത്ര പ്രണയിച്ചു നടന്നാലും കുറേ കഴിയുമ്പോൾ പലർക്കും അതിലെ ഒരു ത്രിൽ പോകുന്നതായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്. പ്രണയിച്ചു നടന്ന കാലത്ത് മോളൂ, ചക്കരേ, തേനേ, ഡാർലിംഗ് എന്നൊക്കെ വിളിച്ചിരുന്നവർക്ക് പിന്നീടങ്ങനെ വിളിക്കുമ്പോൾ ഒരു ജാള്യത തോന്നി തുടങ്ങും… അപ്പോൾ തുറക്കും പ്രണയിനിയുടെ പരാതിപ്പെട്ടി, ‘മുമ്പൊക്കെ എന്തായിരുന്നു? നീയിപ്പോ ആ പഴയ ആളേ അല്ല, ഒരുപാടങ്ങ് മാറിപ്പോയി’ എന്നൊക്കെ പരസ്പരം പരാതിപ്പെടാൻ തുടങ്ങും.

ശരിക്കും മാറിയത് ആ ആളല്ലാ, അയാളുടെ തലച്ചോറിലെ PEA യുടെയും ഡോപ്പമിൻറെയും അളവുകളാണ്. ഇവരുടെയൊക്കെ പ്രതാപകാലം (period of dominance) കഴിയുന്നതുകൊണ്ടാണങ്ങനെ തോന്നുന്നത്. ഇപ്പോൾ പരസ്പരമുള്ളതും ചുറ്റുപാടുകളുടെയുമൊക്കെ വിലയിരുത്തൽ കൂടുതൽ വസ്തുനിഷ്ഠമാകുന്നു. യുക്തിസഹമാകുന്നു. കാരണം, നിങ്ങളുടെ കണ്ണുകളെ അന്ധമാക്കിയിരുന്ന കെമിക്കലുകൾ പണിനിർത്തി പിൻവാങ്ങിത്തുടങ്ങി. ആരംഭത്തിലുണ്ടായിരുന്ന ത്രില്ലും ആവേശവുമൊക്കെ കെട്ടടങ്ങാൻ തുടങ്ങുന്നു.

 ഈ ഹോർമോണുകളും നാഡീവ്യൂഹത്തിലെ ”പോസ്റ്റ്മാൻ’ മാരായ ന്യൂറോട്രാൻസ്മിറ്റേഴ്‌സും അവരുടെ സഹായികളായ ചില രാസസംയുക്തങ്ങളും ചേർന്നാണ് പ്രണയം സൃഷ്ടിക്കുന്നത്. തലച്ചോറാണ് പ്രണയത്തിൻറെ കേന്ദ്രമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹൈപോതലാമസാണ് പ്രണയത്തിൻറെ ഉത്തേജനകേന്ദ്രം. പ്രണയത്തിൻറെ ജൈവഘടകങ്ങളായ സ്പർശം, കാഴ്ച, ഗന്ധം, കേൾവി തുടങ്ങിയവയുമായി ബന്ധപ്പെട്ട തലച്ചോറിൻറെ ഭാഗങ്ങൾ ഹൈപോതലാമാസുമായി ആശയസംവാദത്തിൽ ഏർപ്പെടുകയും പ്രണയം പോലുള്ള നിർമ്മലവികാരങ്ങൾ ജനിപ്പിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഏതുവിധത്തിൽ വർഗ്ഗീകരിച്ചാലും നിർവചിക്കാൻ ശ്രമിച്ചാലും ഏതൊരു നിർവചനങ്ങൾക്കും ശാസ്ത്രത്തിനുമപ്പുറമാണ്, പ്രണയമെന്ന വികാരം. എന്നാലും അതിനുപിന്നിലും ജീവശാസ്ത്രപരമായ പല രസതന്ത്രസമവാക്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. അതൊക്കെ കുറേയേറെ നമ്മൾ മനസിലാക്കിയിട്ടുമുണ്ട്. പ്രണയം, മനോഹരമായ ഒരു പെയിന്റിംഗാണെങ്കിൽ അത് വരയ്ക്കാനുള്ള ക്യാൻവാസ് ഒരുക്കുകയാണ് മുകളിൽ പറഞ്ഞ പ്രണയഹോർമോണുകൾ ചെയ്യുന്നതെന്ന് ഇപ്പോൾ നമുക്കറിയാം. ആ ചിത്രം വരയ്ക്കാനുള്ള വിവിധ വർണ്ണങ്ങളാകുന്നത് ഇനിപ്പറയുന്ന പ്രണയത്തിന്റെ നാഡീരസങ്ങളാണ്.

തലച്ചോറിലെ ഡോപ്പമിൻ എന്ന് പറയുന്ന നാഡീരസമാണ് ഈ കാര്യങ്ങളെയൊക്കെ കൃത്യമായി കൈകാര്യം ചെയ്യുന്നത്. ചിലർക്ക് ചിലതരം ആൾക്കാരോട് മാത്രമേ പ്രണയം തോന്നാറുള്ളൂ. അതിനുകാരണം ഈ ഡോപ്പമിനാണ്. അതുപോലെ ഡോപ്പമിനും ഒപ്പം വാസോപ്രെസ്സിനും ഹൈപോതലാമസ്സിൽ പ്രവർത്തിക്കുന്നതിൻറെ ഫലമായാണ് നമുക്കൊരാളോട് സ്‌നേഹമോ ഇഷ്ടമോ ആകർഷണമോ ഒക്കെ തോന്നുന്നത്. ഇതേ ഡോപ്പമിൻ തലച്ചോറിൻറെ ലിംബിക് സിസ്റ്റം എന്ന് പറയുന്ന ഭാഗത്തെ ഉത്തേജിപ്പിക്കുന്നതിൻറെ ഫലമാണ് ലൈംഗികചോദനകൾ. ഡോപ്പമിൻറെ അളവും പ്രവർത്തനക്ഷമതയും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് പ്രണയം ഓരോ വ്യക്തിയിലും ഓരോ രീതിയിൽ സംഭവിക്കുന്നത്.