സ്‌ത്രീകളിലെ സ്‌തനാർബുദം പോലെതന്നെ പ്രധാനപ്പെട്ടതാണ് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാൻസർ. രോഗ ലക്ഷണങ്ങൾ പുറത്തു പറയാൻ മടിക്കുന്നത് പലപ്പോഴും പ്രശ്‌നമാകാറുണ്ട്. നേരത്തെ രോഗം കണ്ടെത്തുകയും കൃത്യമായ ചികിത്സകൾ നടത്തുകയും ചെയ്‌താൽ പ്രോസ്‌റ്റേറ്റിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. 


ജീവിതദൈർഘ്യം വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രായമായ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റിന്റെ വീക്കം കാണാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നടത്തുന്നതിനുമുള്ള ബോധവത്‌കരണത്തിലൂടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനു മരുന്നുകൾ കഴിച്ചാൽ മതിയാകും. ശസ്‌ത്രക്രിയ, റേഡിയേഷൻ തെറപ്പി, മരുന്നുകൾ എന്നിങ്ങനെ പ്രോസ്‌റ്റേറ്റ് കാൻസറിന് വിവിധ ചികിത്സകൾ ലഭ്യമാണ്. പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജൻ (പിഎസ്‌എ) തിരിച്ചറിയുന്നതിനുള്ള ലളിതമായ രക്തപരിശോധനയിലൂടെ വളരെയെളുപ്പത്തിൽ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തിരിച്ചറിയാനാകും. വീക്കം മാത്രമേയുള്ളോ കാൻസറിന്റെ ലക്ഷണങ്ങളുണ്ടോയെന്നതും പരിശോധനയിലൂടെ മനസിലാക്കാം.