എന്റെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. കൂട്ടുകാരൊക്കെ പറയുന്നത് ആദ്യ രാത്രിയിൽ തന്നെ ആണത്തം തെളിയിക്കണം എന്നാണ്. എൻറെ മനസിലും അങ്ങനെയൊരു ധാരണ ഇല്ലാതില്ല. എന്ത് ചെയ്യണം ഡോക്ടർ ?

നമ്രശിരസ്‌കയായി പെൺകുട്ടി പാലുമായി വരുന്നു. ഒന്നോ രണ്ടോ വാക്കുകൾ. ലൈറ്റ് അണക്കട്ടെ എന്ന ചോദ്യം. കിടക്കയിലേക്ക് മറിയൽ. കുതിച്ചു പായുന്ന കുതിരകളുടെ ദൃശ്യമോ ലൈംഗീക ബന്ധം നടന്നുവെന്ന് വ്യക്തമാക്കുന്ന സിംപോളിക് ദൃശ്യമോ… കാലം മാറിയിട്ടും സിനിമകളിലെ ഇത്തരം ആദ്യ രാത്രി രംഗങ്ങൾ ഇപ്പോഴും മനസ്സിൽ അതേപടി സൂക്ഷിക്കുന്നവർ ഉണ്ടെന്ന ഒരു ഓർമപ്പെടുത്തലാണ് ഈ ചോദ്യം എനിക്ക് സമ്മാനിച്ചത്.

പൗരുഷത്തിന്റെ പ്രകടനമല്ല ആദ്യ രാത്രിക്ക് അനിവാര്യം. മറിച്ച് ജീവിതകാലം മുഴുവൻ നാം രണ്ടാളും അന്യോന്യം സ്‌നേഹിച്ചും സഹകരിച്ചും ഒരാൾക്കൊരാൾ താങ്ങായും നിലകൊള്ളുമെന്ന സന്ദേശം ആദ്യ രാത്രിയിൽ കൈമാറുക തന്നെയാണ് വേണ്ടത്. കാഴ്ചയിലൂടെ പെട്ടന്ന് ഉത്തേജിതരാകുമെന്നതിനാൽ ആദ്യരാത്രി തന്നെ ബന്ധപ്പെടുവാൻ നല്ലൊരു ശതമാനം പുരുഷന്മാർക്കും കഴിയും.

എന്നാൽ സ്ത്രീകൾ അങ്ങനെയല്ല. ഇണചേരുന്ന പുരുഷനുമായി മാനസികമായ അടുപ്പം രൂപപെട്ട ശേഷം മാത്രമേ അവർക്ക് ലൈംഗീകത സാധ്യമാകൂ… ലൈംഗിക സംതൃപ്തി ലഭിക്കൂ. മാത്രമല്ല, സ്ത്രീകൾക്ക് ഉത്തേജിതരാകാൻ കൂടുതൽ സമയം വേണം. കാഴ്ചയേക്കാൾ ഉപരി സ്പർശനത്തിലൂടെയാണ് അവർ ഉത്തേജിതരാകുന്നത്.

ഞാൻ ഭർത്താവാണ്, പുരുഷനാണ് , അതിനാൽ എന്റെ ഇഷ്ടത്തിന് ഞാൻ പെരുമാറും എന്ന ഭാവം വലിയ ദോഷം ചെയ്യും. അച്ഛനും അമ്മയും പൊന്നുപോലെ വളർത്തിക്കൊണ്ടു വന്നതാണ് നിങ്ങളുടെ ഭാര്യയെ. ആ കരുതൽ ഇപ്പോഴും വേണം. നിങ്ങളുടെ ലൈംഗിക വൈകൃതങ്ങൾക്കോ മറ്റെന്തിനോ ഉള്ളതല്ല ഭാര്യ. അവളെ ഒരു വ്യക്തി എന്ന നിലയിൽ കണ്ടുകൊണ്ടു അവളുടെ അവകാശങ്ങൾ കൂടി പരിപാലിച്ചു കൊണ്ട് മുന്നോട്ടു പോകട്ടെ കുടുംബജീവിതം. അതിനുള്ള ചുവടു വെക്കൽ എന്ന നിലയിൽ കാണണം ആദ്യ രാത്രിയെ. ഒരു മാനസിക അടുപ്പം രൂപപ്പെടുന്ന വരെ പൗരുഷം കാട്ടാതെ ഇരിക്കുന്നതാണ് നല്ലത്.