27-ാം വയസിൽ ഒത്തിരി മോഹങ്ങളുമായാണ് ആശ വിവാഹ ജീവിതത്തിലേക്ക് കാലുകുത്തിയത്. ബിരുദാനന്തര ബിരുദവും സർക്കാർ ജോലിയും സ്വന്തമായുണ്ടവൾക്ക്. ഇത്രയും നാൾ വിവാഹം നീട്ടിവെച്ചതുതന്നെ പഠനം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ്.

24-ാം വയസിൽ അവൾക്കൊരു പ്രണയമുണ്ടായിരുന്നു. അഞ്ച് വർഷമായി കൂടെ പഠിച്ചിരുന്ന ഒരാൾ. ആശ അവനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വീട്ടിൽ വിഷയം അവതരിപ്പിച്ചപ്പോൾ വീട്ടുകാർ അത്ര താൽപര്യം കാട്ടിയില്ല. ജാതിമത വ്യത്യാസങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും പയ്യന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നത് മാതാ പിതാക്കൾക്ക് അത്ര പിടിച്ചില്ല. മനസില്ലാ മനസോടെ അവൾ ആ പ്രണയം വേണ്ടെന്നുവച്ചു. തൽക്കാലം ഇനി വിവാഹം വേണ്ടെന്ന മട്ടിൽ മൂന്നു വർഷം കടന്നുപോയി. ഒപ്പം പഠനവും ജോലിക്കായുള്ള ശ്രമവും. 27-ാം വയസിലാണ് അരുണിന്റെ ആലോചന വന്നത്.

വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആശ ആകെ പരിക്ഷീണിതയായി. അരുണിന് ലൈംഗിക കാര്യങ്ങളിൽ തീരെ താൽപര്യമില്ല. അവൾ അതിന് മുൻെൈക എടുത്താൽതന്നെ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറും. പലപ്പോഴും രതിപൂർവ ലീലകൾ തുടങ്ങിയ ശേഷം ഒന്നും പൂർത്തീകരിക്കാതെ അയാൾ ഉറങ്ങിപ്പോകും. ക്ഷമയോടെ കാത്തിരുന്നെങ്കിലും അവർ തമ്മിൽ അഞ്ചോ ആറോ വട്ടമാണ് ആകെ ബന്ധപ്പെട്ടത്. അതിൽ ഏതോ ഒരു ദിവസത്തിൽ അവൾ ഗർഭിണിയായി. ആ കുഞ്ഞിനിപ്പോൾ അഞ്ച് വയസും.

കുഞ്ഞിനെ ഗർഭിണിയായതു മുതൽ നാളിതുവരെ ഒരിക്കൽപ്പോലും അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ രതിയിലേർപ്പെട്ടത് അഞ്ചോ ആറോ വട്ടം മാത്രം. എന്നാൽ ആശക്കാകട്ടെ ലൈംഗിക കാര്യങ്ങളിൽ നല്ല താൽപര്യവുമാണ്. പലപ്പോഴും അത് കടിച്ചമർത്തി അവൾ അരുണിനോടുള്ള പകയുമായി ജീവിച്ചു.

ഇടക്കെപ്പോഴോ ആശക്ക് വളരെ സൗഹൃദംപുലർത്തിയിരുന്ന ഒരു സഹപ്രവർത്തകനോട് താൽപര്യം തോന്നി. അവർ നല്ല സുഹൃത്തുക്കളായി മാറി. ജീവിതത്തിലെ സന്തോഷങ്ങളം സങ്കടങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു അവർ. സൃഹൃത്ത് പലപ്പോഴും ആശയുമായി ശാരീരിക ബന്ധത്തിലേർപ്പെടുവാനുള്ള താൽപര്യം കാട്ടിയെങ്കിലും അവൾ തന്ത്രപൂർവം ഒഴിവായി. കാരണം ഭർത്താവിനെ വഞ്ചിച്ചുകൊണ്ട് മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ അവൾക്ക് താൽപര്യമില്ലായിരുന്നു. ഒരുവശത്ത് ലൈംഗികതയോടുള്ള അതിയായ ആഗ്രഹം. ഒപ്പം ഭർത്താവിനോടുള്ള ദേഷ്യം. മറുവശത്ത് ഒത്തിരി സ്‌നേഹിക്കുന്ന ഒരു സുഹൃത്ത്. എല്ലാറ്റിനുമിടയിൽ അവൾ ആകെ വലഞ്ഞു.

ഉറക്കമില്ലായ്മയും സങ്കടവും കടുത്ത മാനസിക സമ്മർദ്ദവും സഹിക്കവയ്യാതെ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു. അവൾ വിഷാദ രോഗത്തിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങി. ആശക്ക് വിവാഹ ജീവിതം മടുത്തു എന്ന നിലവരെ എത്തി. വിവാഹ മോചനത്തെക്കുറിച്ചുള്ള ചിന്തകൾ വല്ലാതെ അധികരിച്ചപ്പോഴാണ് അവൾ മാതാ പിതാക്കളോട് കാര്യം തുറന്നു പറഞ്ഞത്. അങ്ങനെയാണ് അവർ ഇടപെട്ട് ആശ എന്റെ മുന്നിലെത്തിയത്. ആശയോടും അരുണിനോടും കൂടുതൽ സമയം ചെലവിടേണ്ടി വന്നു. കാര്യങ്ങൾ മനസിലാക്കി. ആശക്ക് അരുണിനെ വലിയ ഇഷ്ടമാണ്. അരുണിനുമതേ. ഇതെല്ലാം ആശക്കുമറിയാം. ഇതേപ്പറ്റി ആശയോട് ചോദിച്ചപ്പോൾ അരുണിന് എന്നോട് ഒത്തിരി സ്‌നേഹമുണ്ട്. എന്റെ എല്ലാ കാര്യങ്ങളും നോക്കും. അരുണിനൊപ്പം ഞാൻ സുരക്ഷിതയാണ്. പക്ഷേ, ഞങ്ങളുടെ ബന്ധം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നിലയിലാണ്. ഒരച്ഛനും മകളും തമ്മിലുള്ള ബന്ധം വിവാഹ ജീവിതത്തിലും തുടരുന്നത് ഞാൻ എങ്ങനെ സഹിക്കും- അതേ, അതു തന്നെയായിരുന്നു അവരുടെ പ്രശ്‌നം.

മതപരമായ കാര്യങ്ങളിൽ ഏറെ അറിവും പാണ്ഡിത്യവുമുള്ള ഒരു പെന്തക്കോസ്ത് കുടുംബത്തിലാണ് അരുൺ ജനിച്ചത്. ചെറുപ്പം മുതൽക്കേ തന്നെ സെക്‌സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെറ്റാണെന്നും പാപമാണെന്നും ഒക്കെ എങ്ങിനെയോ അയാളുടെ മനസിൽ കടന്നുകൂടി. ശാരീരിക ബന്ധം എന്നത് ഒരു പ്രത്യുൽപ്പാദനോപാധി മാത്രമായാണ് അയാൾ കണ്ടിരുന്നത്. വിദ്യാ സമ്പന്നനാണെങ്കിലും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഈ ഒരു ചിന്തയിൽ ഒരിക്കലും മാറ്റം വന്നതുമില്ല. അതായിരുന്നു അയാളുടെ പ്രശ്‌നം. ലൈംഗിക കാര്യങ്ങളിലുള്ള അറിവും പരിചിതമായിരുന്നു. രണ്ടുപേരെയും രണ്ടാഴ്ചയോളം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ചികിത്സിച്ചു. പിന്നീട് ആഴ്ചയിൽ ഒരിക്കലുള്ള ഫോളോ അപ്പുകളിലേക്ക് മാറി. അരുണിനെ ഒരു ഭർത്താവിന്റെ കടമകളിൽപ്പെട്ട ഒന്നാണ് ഭാര്യക്ക് നൽകേണ്ട ലൈംഗികത എന്ന അറിവ് നൽകി ഒരു ഉത്തമ കുടുംബസ്ഥനാക്കി. ഇന്ന് ഇരുവരും സന്തുഷ്ടരാണ്. അരുൺ ആശക്ക് അച്ഛനല്ല ഇപ്പോൾ ഭർത്താവ് തന്നെയാണ്.