നോമ്പ് കാലത്ത് കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മൂത്രത്തിൽ പഴുപ്പ്. ശരീരത്തിൽ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന് കാരണം. ഇത്തവണ നോമ്പ് കാലം നീണ്ടു കിടക്കുന്നത് നല്ല ചൂടൻ മെയ് മാസത്തിലായതിനാൽ ഈ വർഷം പ്രത്യേകിച്ചു ഈ വിഷയത്തിനു പ്രാധാന്യമുണ്ട്.

നോമ്പ് തുറക്കാൻ നേരത്തും, അത്താഴ നേരത്തും പലരും വെള്ളത്തെ മറക്കും. ആവശ്യത്തിനു വെള്ളം ശരീരത്തിൽ എത്തില്ല. കൂട്ടത്തിൽ വേനൽചൂടിലെ വിയർപ്പു കാരണം ഉള്ള ജലനഷ്ടവും. ഇത് രണ്ടും അവസാനം ചെന്നെത്തിക്കുക മൂത്രത്തിലെ അണുബാധയിലേക്കാവും. ജലപാനം താരതമ്യേന കുറവുള്ള നോമ്പ് കാലത്ത് ഈ പ്രശ്നം എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.

മൂത്രാശയ അണുബാധ വരാതിരിക്കാൻ വെള്ളം ധാരാളം കുടിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമാർഗം. മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ ഉണ്ടാകുമ്പോൾ മാത്രം വെള്ളം കുടിക്കുക എന്നതല്ലാതെ എന്നും അതൊരു ശീലമാക്കുക. അടിക്കടി അണുബാധ വരുന്നവർ കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണം. നോമ്പ് തുറക്കുമ്പോഴും അത്താഴ സമയത്തും വെള്ളവും , പഴച്ചാറുകളും , മറ്റു ജലാംശം കൂടിയ ഭക്ഷ്യ വസ്തുക്കളും കഴിക്കുക. ജലാംശം അടങ്ങിയ പഴങ്ങൾ നോമ്പുതുറ വിഭവങ്ങളിൽ ഉൾപ്പെടുത്തുക.

വെള്ളം കുടിച്ചാൽ മാത്രം പോര, കൃത്യമായ ഇടവേളകളിൽ മൂത്രം പിടിച്ചു വയ്ക്കാതെ മൂത്രമൊഴിച്ചു കളയാനും ശ്രദ്ധിക്കണം. പകൽ വെള്ളം കുടിക്കുന്നില്ല എന്ന കാരണം മനസിൽ കരുതി പലരും കൃത്യമായി മൂത്രമൊഴിച്ചു കളയുന്നതിൽ മടി കാണിക്കാറുണ്ട് . ഇത് ശരിയല്ല .വ്യക്തി ശുചിത്വമാണ് മറ്റൊന്ന്. അടിവസ്ത്രങ്ങളിലെ വിയർപ്പ് നനവ് എന്നിവ കഴിയുന്നതും ഒഴിവാക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ പങ്കാളികൾ ശ്രദ്ധിക്കുക. അണുബാധകൾക്ക് അവസരം നൽകാതെ, ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചു വ്രതക്കാലം ആരോഗ്യപ്രദമാക്കാം .

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)