ഞാന്‍ 26 വയസുള്ള യുവതിയാണ്. എനിക്ക് മിക്കവാറും യൂറിനറി ഇന്‍ഫെക്ഷന്‍ വരാറുണ്ട്. ഇതുണ്ടാകുമ്പോള്‍ ശക്തമായ വയറുവേദന ഉണ്ടാകും. യൂറിനറി ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യത കൂട്ടുന്ന കാരണങ്ങളെന്തൊക്കെയാണ്?

= ശുചിത്വക്കുറവ് ഒരു പരിധിവരെ യൂറിനറി ഇന്‍ഫെക്ഷനു കാരണമായേക്കാം. യോനീഭാഗത്തെ അമിതരോമ വളര്‍ച്ച, ഇറുകിയ അടിവസ്ത്രം, മാസമുറ സമയത്തുള്ള ശുചിത്വമില്ലായ്മ, വൃത്തിയില്ലാത്ത തുണി ഉപയോഗിക്കുക എന്നീ കാരണങ്ങള്‍ മൂലം ആ ഭാഗത്തു വിയര്‍പ്പു കൂടുകയും അണുബാധക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഈ അണുക്കള്‍ അനുകൂല സാഹചര്യം വരുമ്പോള്‍ മൂത്രനാളത്തെ ബാധിച്ചു യൂറിനറി ഇന്‍ഫെക്ഷനു കാരണമാകുന്നു.

തുടര്‍ച്ചയായ ലൈംഗികബന്ധം മൂത്രനാളത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കുന്നു. യോനീനാളത്തിലും മൂത്രനാളത്തിലുമുള്ള അണുക്കള്‍ സാധാരണ അവസ്ഥയില്‍ നിരുപദ്രവകാരികളാണെങ്കില്‍ മേല്‍പ്പറഞ്ഞ തരം മുറിവുകളില്‍ അണുബാധ ഉണ്ടാക്കുന്നു.
ഗര്‍ഭനിരോധനത്തിനായി ഡയഫ്രം തുടങ്ങിയ ഉപാധികള്‍ ഉപയോഗിക്കുമ്പോഴും യോനീനാളത്തോടൊപ്പം മൂത്രനാളത്തിനും ഇളക്കം സംഭവിക്കുകയും ചെറിയ മുറിവുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതും യൂറിനറി ഇന്‍ഫെക്ഷനിടയാക്കാം.

പ്രമേഹരോഗികള്‍, ഗര്‍ഭിണികള്‍, മാസമുറ നിന്നുപോയ സ്ത്രീകള്‍ എന്നിവരില്‍ മൂത്രത്തില്‍ പഴുപ്പു സാധാരണമാണ്. ഇവരില്‍ മൂത്രം കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലുള്ളതുകൊണ്ടാണ് അണുബാധ വര്‍ധിക്കുന്നത്.
ദീര്‍ഘദൂരയാത്രകളിലും വെയിലത്തു കൂടുതല്‍ സമയം കഴിച്ചു കൂട്ടേണ്ടിവരുമ്പോഴും വെളളം കുടിക്കുന്നതു കുറവാണെങ്കില്‍ യൂറിനറി ഇന്‍ഫെക്ഷനു സാധ്യതയേറുന്നു. ഇത്തരം അവസരങ്ങളില്‍ മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്നതും ഈ രോഗത്തിനു സാധ്യത കൂട്ടും.വൃക്കകള്‍, യൂറിറ്ററുകള്‍(വൃക്കകളില്‍ നിന്നു മൂത്രാശയത്തിലേക്കുള്ള മൂത്രവാഹിനിക്കുഴലുകള്‍) മൂത്രനാളം എന്നിവയ്ക്ക് ജന്മനാവൈകല്യങ്ങളുണ്ടെങ്കില്‍ യൂറിനറി ഇന്‍ഫെക്ഷനുസാധ്യത വളരെ കൂടുതലാണ്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)