മരുന്നുകള്‍കൊണ്ട് പ്രയോജനം ലഭിക്കാത്ത കേസുകളിലാണ് സാധാരണ ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കുന്നത്. ലിംഗത്തിന് ദൃഢത കിട്ടുവാന്‍വേണ്ടി ദണ്ഡുകള്‍പോലെയുള്ള വസ്തുക്കള്‍ (prosthesis) ലിംഗത്തിനുള്ളിലെ കോര്‍പ്പസ് ക്യാവര്‍ണോസ എന്ന രണ്ട് അറകളിലും ഓപ്പറേഷന്‍ ചെയ്ത് വെച്ചുപിടിപ്പിക്കുന്ന ചികിത്സയാണിത്. പിന്നീട് ഉള്ളില്‍ ഈ ദണ്ഡുകള്‍ ഇരിക്കുന്നതിനാല്‍ ബന്ധപ്പെടുന്നതിന് തൃപ്തികരമായ ബലം ലഭിക്കും. എപ്പോള്‍ വേണമെങ്കിലും നിഷ്പ്രയാസം ബന്ധപ്പെടാന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ ആകര്‍ഷണീയത.

പമ്പ് ചെയ്യാവുന്നതും അല്ലാത്തതുമായ ഇംപ്ലാന്റുകള്‍ ലഭ്യമാണ്. ഇവയില്‍ ഏറ്റവും ലളിതമായത് കേവലം ദണ്ഡ്‌പോലെയും എന്നാല്‍ വഴങ്ങുന്നതുമായ രണ്ട് ഇംപ്ലാന്റുകള്‍ ലിംഗത്തിനുള്ളില്‍ ഫിക്‌സ് ചെയ്ത്‌വെക്കുന്ന രീതിയാണ്. ആവശ്യാനുസരണം ഉയര്‍ത്തുവാനും താഴ്ത്തുവാനും സാധിക്കുകയും ചെയ്യും. രണ്ട് ട്യൂബുകളും ഒരു സംഭരണിയും ഒരു പമ്പും ചേര്‍ന്ന 3 പീസ് ഇംപ്ലാന്റാണ് മറ്റൊന്ന്. ഇതിന്റെ സംഭരണി വയറിനുള്ളിലും ട്യൂബുകള്‍ ലിംഗത്തിനുള്ളിലും പമ്പുകള്‍ വൃഷണ സഞ്ചിയിലും വെക്കുന്നു. വൃഷണ സഞ്ചിയിലെ പമ്പ് പ്രവൃത്തിക്കുന്നതനുസരിച്ച് വയറിനുള്ളിലെ സംഭരണിയില്‍ നിറച്ചിരിക്കുന്ന ദ്രാവകം ലിംഗത്തിലേയ്ക്ക് ഇറങ്ങുകയും ദൃഢത കൈവരിച്ച് ഉയര്‍ന്നുവരുകയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോള്‍ വൃഷണ സഞ്ചിയിലെ പമ്പിന്റെ ഒരു ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ ട്യൂബില്‍നിന്നും ദ്രാവകം തിരിച്ച് സംഭരണിയിലേയ്ക്ക് പോകുകയും ഉദ്ധാരണം ഇല്ലാതാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന ഇംപ്ലാന്റുകളുടെ തരവും വിലയുമനുസരിച്ച് ഓപ്പറേഷനു വേണ്ടിവരുന്ന ചെലവ് വ്യത്യാസപ്പെട്ടിരിക്കുന്നു.