ലൈംഗിക ബന്ധ സമയത്ത് പുരുഷ ലിംഗത്തിൽ വേദന അനുഭവപ്പെടുന്നതിന് വിവിധ കാരണങ്ങളുണ്ട്. സംഭോഗ സമയത്ത് സ്ത്രീയുടെ യോനിയിൽ വേണ്ടത്ര സ്‌നിഗ്ധത ഇല്ലാതിരുന്നാൽ വേദന അനുഭവപ്പെടാം. പുരുഷന്റെ അഗ്രചർമം പൂർണ്ണമായി പുറകോട്ടു മാറാതിരിക്കുകയോ പുറകിലേയ്ക്ക് മാറ്റുന്നതിന് ബുദ്ധിമുട്ടുള്ളതുമാണെങ്കിൽ സംഭോഗ സമയത്ത് വേദന അനുഭവപ്പെടുകയും ഒപ്പം ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യും.

പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ ബന്ധപ്പെടുമ്പോൾ സംഭോഗ സമയത്ത് ലിംഗാഗ്രത്തിലും അഗ്ര ചർമ്മത്തിലും നേരിയ മുറിവുകളുണ്ടാവുകയും അത് വേദനക്ക് കാരണമാവുകയും ചെയ്യും.

പുരുഷ ലിംഗം, മൂത്ര സഞ്ചി, പ്രോസ്‌റ്റേറ്റ് ഗ്രന്ഥി, വൃഷണ സഞ്ചി, എപ്പിഡിഡൈമിസ്, ബീജവാഹിനിക്കുഴൽ എന്നിവയിലുണ്ടാകുന്ന അണുബാധ ചിലപ്പോൾ സംഭോഗ സമയത്തും അതിനു ശേഷവും വേദന അനുഭവപ്പെടുന്നതിന്റെ മറ്റൊരു കാരണമാണ്.

സംഭോഗ സമയത്ത് ലിംഗത്തിൽ വേദന അനുഭവപ്പെടുന്നതിന്റെ ഒരു മുഖ്യ കാരണം പെയ്‌റോണീസ് ഡിസീസ് (Peyronie’s Disease) ആണ്. ലിംഗത്തിനുള്ളിലെ കോശങ്ങൾ കട്ടിയായി ഉള്ളിൽ ഒരു തടിപ്പുപോലെ രൂപാന്തരപ്പെടുകയും തത്ഫലമായി ലിംഗത്തിന് ചിലപ്പോൾ വളവുണ്ടാവുകയും ചെയ്യുന്ന ഒരു രോഗമാണിത്. ഇത്തരം രോഗികളിൽ സംഭോഗ സമയത്തും ലിംഗം ഉദ്ധരിക്കുമ്പോഴും വേദന അനുഭവപ്പെടാറുണ്ട്. ലിംഗത്തിനുള്ളിലുണ്ടാകുന്ന നേരിയ പരിക്കുകൾ പിൽക്കാലത്ത് കട്ടിപിടിച്ച് കല്ലുപോലെയായിത്തീരുന്നതാണ് ഈ രോഗത്തിന്റെ കാരണമെന്നാണ് ഒരു സിദ്ധാന്തം.

പുരുഷ ലിംഗത്തിലെ വേദനയുടെ കാരണം കണ്ടുപിടിച്ച ശേഷം അതിനനുസരിച്ച് ഉചിതമായ ചികിത്സ നൽകേണ്ടതാണ്.