ലൈംഗികാതിക്രമങ്ങളുടെ വാർത്തകളിലേക്കാണ് ഓരോ ദിവസവും പുലരുന്നത്. സ്ത്രീയെക്കണ്ട് ബഹുമാനിക്കുക എന്നത്‌ ഇന്ന് പുസ്തകങ്ങളിലെ വായിച്ചറിവുകൾ മാത്രമാകുകയാണ്. ലൈംഗികാവശ്യം പൂർത്തീകരിക്കാനുള്ള വസ്തുവായിമാത്രമാണ് സ്ത്രീയെ പലപ്പോഴും  കണക്കാക്കുന്നത്‌. കാണുകയും കേൾക്കുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ കുട്ടികൾ ജീവിതത്തിലേക്ക് പകർത്തുന്നത്. പുതിയ കാലത്തെ വാർത്തകൾ മാനസികാരോഗ്യമുള്ള ഒരു തലമുറയുടെ വളർച്ചയ്ക്ക് ഒട്ടും സഹായകരമല്ല.

വ്യക്തിയുടെ ശരീരത്തിലേക്ക് അതിക്രമിച്ചുകയറുന്നതുമുതൽ  നഗ്നതാപ്രദർശനംവരെ ലൈംഗികാതിക്രമങ്ങളുടെ പരിധിയിൽ വരുന്നുണ്ട്. പ്രവൃത്തികൊണ്ടുമാത്രമല്ല, വാക്കുകൊണ്ടും നോട്ടം കൊണ്ടും വ്യക്തിയെ പീഡിപ്പിക്കാം. വീടിന്റെ നാലുചുവരുകൾക്കകത്തു മുതൽ ജോലിസ്ഥലത്തും വിദ്യാലയങ്ങളിലുംവരെ സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അതിക്രമങ്ങൾ നടക്കുന്നു. തികച്ചും അപരിചിതരായവർ പ്രതിസ്ഥാനത്തുവരുന്ന കേസുകൾ വളരെ കുറവാണ്. ഭൂരിഭാഗം കേസുകളിലും അറിയാവുന്ന വ്യക്തികളാണ് പ്രതിസ്ഥാനത്ത്. ജാഗ്രതപാലിക്കേണ്ടത് ഏറെ ആവശ്യംതന്നെ.

പീഡനം ഒരു വ്യക്തിയിൽ മാനസികമായുണ്ടാക്കുന്ന ആഘാതം വലുതാണ്. പലരിലും ഇത് ജീവിതാവസാനംവരെ നിലനിൽക്കും. ലൈംഗികതയോടും എതിർലിംഗത്തോടുമുള്ള എതിർപ്പ്, ഭയം എന്നിവയെല്ലാം ഇതിന്റെ ബാക്കിപത്രമാണ്.

  • പീഡനങ്ങളിലൂെട കടന്നുപോകുന്ന ഓരോ വ്യക്തിക്കും ആദ്യം അനുഭവപ്പെടുക മാനസികമായ മുരടിപ്പുതന്നെയാണ്. എല്ലാവരോടും എല്ലാത്തിനോടും ദേഷ്യം, പക, ലജ്ജ, കുറ്റബോധം, ആത്മഹത്യാപ്രവണത തുടങ്ങിയവയും ഇതിനൊപ്പം ചേർത്തുവെയ്ക്കാം. ചില കണക്കുകൾ ഇങ്ങനെ:
  •  പീഡിപ്പിക്കപ്പെട്ട സ്ത്രീകളിൽ 94 ശതമാനവും കടുത്ത മാനസികസംഘർഷത്തിന് അടിപ്പെട്ടു
  • 30 ശതമാനം സ്ത്രീകളിൽ ഈ ആഘാതം ഒൻപതുമാസംവരെ നീണ്ടുനിന്നു
  •  33 ശതമാനം സ്ത്രീകൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു
  • 13 ശതമാനം ആത്മഹത്യയ്ക്ക് ശ്രമിച്ചു
  •  38 ശതമാനത്തിന് പിന്നീടുള്ള ജീവിതത്തിലും ജോലിയുമെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു
  • 37 ശതമാനം കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു.

അതിക്രമങ്ങൾക്കിരയായവർ മാനസികസംഘർഷം കുറയ്ക്കാൻ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്നതായും കണ്ടുവരുന്നു. ആരോഗ്യപ്രശ്നങ്ങളെയും ഇതിനൊപ്പം ചേർത്തുവായിക്കാം. ലൈംഗികമായി പടരുന്ന രോഗങ്ങളും ചിലർക്കെങ്കിലും പിന്നീടുള്ള ജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വയറിനകത്ത് പ്രശ്നങ്ങൾ, വേദന എന്നിവയും ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തിലുണ്ട്.