യുവഡോക്ടറെ ബലാല്‍സംഗം ചെയ്തു തീ കൊളുത്തിക്കൊന്ന പ്രതികളെ പോലീസ് ഷൂട്ട്‌ഔട്ടിലൂടെ കൊന്നപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ സാമാന്യ ജനം കൈയ്യടിച്ചത് എന്തുകൊണ്ട് എന്നതില്‍ ഒരു മാനസീകാവസ്ഥ ഒളിച്ചിരിക്കുന്നുണ്ട്. സൗമ്യയുടെ കേസിലും  കേസിലും അടക്കം പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ സമയത്ത് ലഭിച്ചില്ല എന്ന തോന്നല്‍ പൊതുസമൂഹത്തിന്റെ ഉള്ളില്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം .വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യം എന്ന പൊതുബോധം ജനങ്ങളില്‍ രൂഡമൂലമാണ്. അതിക്രമങ്ങൾ തടയുന്നതിനുള്ള പദ്ധതികൾ രൂപവത്കരിക്കേണ്ടത് ഇരയുടെ പക്ഷത്തുനിന്നാണ്. പീഡനം ഒരു വ്യക്തിയിൽ മാനസികമായി  ജീവിതാവസാനം വരെ ഉണ്ടാക്കുന്ന ആഘാതം കണക്കിലെടുത്ത് ഇരയുടെ പക്ഷത്ത് നിസംശയം നിലയുറപ്പിക്കുന്ന തരത്തില്‍ വേണം നിയമപാലനം നടക്കാന്‍.

  • നിയമത്തിലും നിയമപാലനത്തിലുമെല്ലാം മാറ്റംവരേണ്ടത് ഏറെ ആവശ്യമാണ്‌. കുറ്റംനടന്ന് വർഷങ്ങൾക്കുശേഷമാണ് പലപ്പോഴും പ്രതിയെ ശിക്ഷിക്കുന്നത്. കുറ്റക്കാർക്ക് ഒരാനുകൂല്യവും നൽകാതെ കടുത്തശിക്ഷതന്നെ നൽകണം. ഇത്തരം കേസുകളുടെ വിചാരണയ്ക്ക് അതിവേഗകോടതിയും സംവിധാനങ്ങളും വേണം
  •  ചില കേസുകളിൽ പ്രതികളിൽ രതിവൈകൃതം മാനസികരോഗത്തിന്റെ തലത്തിലേക്ക് വളർന്നിട്ടുണ്ടാകും. എന്നാൽ, മാനസികരോഗത്തിന്റെ ആനുകൂല്യം നേടി ഒരു പ്രതിപോലും രക്ഷപ്പെടരുത്
  •  കുട്ടികൾക്ക് ചെറുപ്പംമുതലേ ലൈംഗികവിദ്യാഭ്യാസം നൽകണം. ലൈംഗികതൃഷ്ണ കൂടുതലുള്ള പ്രായമാണ് കൗമാരം. ഈ കാലഘട്ടത്തിൽ എതിർലിംഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അതിനാൽത്തന്നെ നല്ലതേത്, ചീത്തയേത് എന്ന ബോധവത്കരണം ഏറ്റവുംകൂടുതൽ ആവശ്യമുള്ളതും ഈ കാലഘട്ടത്തിൽത്തന്നെ. ഇഷ്ടമില്ലാത്തത് വേണ്ടെന്നുപറയാൻ ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിക്കണം.
  •  സാമൂഹിക ബോധവത്കരണപരിപാടികൾ വേണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇതിന് മുൻകൈയെടുക്കണം