വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും ഹരിപ്രസാദിനും നീനയ്ക്കും കുട്ടികളുണ്ടായില്ല. ആര്‍ക്കാണ്  പ്രശ്‌നം? ഡോക്ടറെ കണ്ടില്ലേ, ചികിത്സ നടത്തുന്നില്ലേ എന്നൊക്കെയുള്ള മാതാപിതാക്കളുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ നിരന്തമായ ചോദ്യങ്ങളെ ഇരുവര്‍ക്കും നേരിടേണ്ടി വന്നു.

ഒടുവില്‍ ഒരു വന്ധ്യതാചികിത്സാകേന്ദ്രത്തില്‍ ഇരുവരും പോയി. പക്ഷേ ശാരീരിക പരിശോധന നടത്താന്‍ ഡോക്ടറെ നീന അനുവദിച്ചില്ല. നിര്‍ബന്ധപൂര്‍വം പരിശോധിക്കാന്‍ നോക്കിയപ്പോള്‍ നീന ബലം പ്രയോഗിച്ച് അതിനെ എതിര്‍ക്കുകയുംചെയ്തു. ഭയന്നു വിറച്ചാണ് നീന അന്നു ഡോക്ടറുടെ അടുത്തു നിന്നു പോന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ പതിവുപോലെ തുടര്‍ന്നു.പിന്നീട് ഹരിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി അമ്മയുടെ പ്രായമുള്ള പരിചയ സമ്പന്നയായ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പരിശോധനയ്ക്കു പോകാന്‍ നീന തയാറായി. പക്ഷേ പേടി കാരണം അന്നും ശാരീരിക പരിശോധന നടന്നില്ല.മോള് പേടിക്കേണ്ട, രണ്ടു ദിവസം കഴിഞ്ഞു വന്നാല്‍ മതി, എന്നു സ്‌നേഹരൂപേണ പറഞ്ഞു ഡോക്ടര്‍ അവരെ വിട്ടു.

രണ്ടാം തവണ അനസ്‌തേഷ്യ നല്‍കി മയക്കിയ ശേഷം ഡോക്ടര്‍ നീനയെ പരിശോധിച്ചു. നീനയ്ക്ക് യാതൊരു വിധ ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. കന്യാചര്‍മം ഉണ്ടായിരുന്നത് ഡോക്ടര്‍ നീക്കം ചെയ്യുകയും ചെയ്തു. മൂന്നാഴ്ച കഴിഞ്ഞ് ശാരീരിമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു. പക്ഷേ എന്നിട്ടും ശ്രമങ്ങള്‍ പരാജയപ്പട്ടു. ബന്ധപ്പെടാന്‍ ശ്രമിക്കുേമ്പാഴെല്ലാം നീനയ്ക്ക് പേടി നിയന്ത്രിക്കന്‍ പറ്റുന്നില്ല. അവള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാകുന്നു.ഒടുവില്‍ ഒരു മന:ശാസ്ത്രജ്ഞനെ കണ്ടു. ഡോക്ടറോട് നീന മനസ്സു തുറന്നില്ല. ഒരു വര്‍ഷത്തോളം മരുന്നു കഴിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ഹിപ്‌നോട്ടിസം, ബാധ ഒഴിപ്പിക്കല്‍ നേര്‍ച്ച, വഴിപാട് ഒക്കെയായി ആറു വര്‍ഷങ്ങള്‍ കടന്നു പോയി.

നീനയ്ക്ക് മനോരോഗമാണന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള കാരണം പറഞ്ഞ് വിവാഹമോചനം നടത്താന്‍ ഹരിയുടെ വീട്ടുകാര്‍ അയാളെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഹരി. കുട്ടികളുണ്ടായില്ലെങ്കില്‍ തങ്ങളുടെ സന്തതിപരമ്പര ഹരിയോടു കൂടി അവസാനിക്കുമെന്ന മാതാപിതാക്കുളുടെ ആകുലത ഒടുവില്‍ വിവാഹ മോചനത്തിലേക്ക് നീങ്ങാന്‍ ഹരിയെ പ്രേരിപ്പിച്ചു.ശാരീരികമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല എന്നൊഴിച്ചാല്‍ ഹരിയും നീനയും തമ്മില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല, രണ്ടുപേര്‍ക്കും പരസ്പരം വളരെ സ്‌നേഹമുണ്ടെന്നു മനസ്സിലാക്കിയ വക്കീല്‍ അവസാന ശ്രമമെന്ന നിലയില്‍ അദ്ദേഹത്തിനു പരിചയമുള്ള ഒരു വനിതാ സൈക്കോളജിസ്റ്റിനെ കാണാന്‍ നിര്‍ദേശിച്ചു.

വനിത ആയതുകൊണ്ട് അവരുടെ മുന്നില്‍ നീന മനസ്സു തുറന്നു. ബന്ധപ്പെടാനുള്ള ഭയം മാത്രമാണ് നീനയുടെ പ്രശ്‌നമെന്നു മനസ്സിലാക്കിയ സൈക്കോളജിസ്റ്റാണ് നീനയെ എന്‍റെ ആശുപത്രിയിലേക്ക് റഫര്‍ചെയ്യുന്നത്.വജൈനിസ്മസ് (vaginismus) ആയിരുന്നു നീനയുടെ പ്രശ്‌നം. ഈ പ്രശ്‌നമുള്ളവരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ യോനിയുടെ ഉപരിതലത്തിലുള്ള മൂന്നിലൊരു ഭാഗം സങ്കോചിക്കുകയും അതിന്റെ ഫലമായി യോനീനാളം അടഞ്ഞിരിക്കുകയും െചയ്യും. അതുെകാണ്ട് ലിംഗം ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. ബന്ധപ്പടാന്‍ ശ്രമിക്കുമ്പോള്‍ തുടകള്‍ ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച് പങ്കാളിയെ തള്ളിമാറ്റുകയോ പുറകിലേക്ക് സ്വയം മാറുകയോ ചെയ്യും ചിലര്‍. ഫോര്‍പ്ലേ നന്നായി ആസ്വദിച്ച് ഒടുവില്‍ ലൈംഗികബന്ധത്തിലേക്ക് കടക്കുമ്പോഴായിരിക്കും ചിലരില്‍ ഭാവമാറ്റമുണ്ടാവുക. ചിലര്‍ ഭയന്ന് നിലവിളിക്കും. വിരലു കെണ്ടു പോലും യോനീ ഭാഗത്ത് സ്പര്‍ശിക്കാന്‍ അനുവദിക്കില്ല.

മന:ശാസ്ത്രചികിത്സയിലൂടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാമെന്നു ഞാന്‍ ഉറപ്പു നല്‍കി. മൂന്നാഴ്ച ആശുപത്രിയില്‍ താമസിച്ച് ചിട്ടയായ സെക്‌സ് തെറാപ്പിക്ക് ഇരുവരും വിധേയരായി. ആദ്യത്തെ ആഴ്ചയിലെ ചികിത്സകൊണ്ടു തന്നെ നീനയുടെ ഭയവും ഉത്കണ്ഠയും കുറയ്ക്കാന്‍ സാധിച്ചു. രണ്ടാമത്തെ ആഴ്ചയുടെ അവസാനമായപ്പോഴേക്ക് ശാരീരികബന്ധത്തോടുള്ള പേടിമാറി ഇഷ്ം തോന്നിത്തുടങ്ങി. മൂന്നാമത്തെ ആഴ്ച ബന്ധപ്പെടല്‍ വിജയകരമായി.നീന ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. എറണാകുളത്തു വരുമ്പോഴെല്ലാം ഹരിയും നീനയും എന്നെ കാണാന്‍ വരാറുണ്ട്. പെരുകിക്കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങളുടെ പിന്നില്‍ പലപ്പോഴും ൈലംഗിക പ്രശ്‌നങ്ങളാവാം കാരണം. ചികിത്സയിലൂടെ പരിഹരിക്കാന്‍ പറ്റാവുന്നതാണ് പലതും. ഒരു വക്കീലിന്റെയും സൈക്കോളജിസ്റ്റിന്റെയും സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ നീനയും ഹരിപ്രസാദും ഒരു സെക്‌സോളജിസ്റ്റിന്റെ സഹായം തേടുകയില്ലായിരുന്നു, വിവാഹമോചനവും നടന്നിട്ടുണ്ടാകുമായിരുന്നു.

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം..