വിഷാദം എന്ന രോഗം അഞ്ചുപേരിൽ ഒരാളെ വെച്ച് ജീവിതത്തിലൊരിക്കലെങ്കിലും പിടികൂടാറുണ്ട്. മനുഷ്യരെ കൊല്ലാതെകൊല്ലുന്ന രോഗങ്ങളുടെ പട്ടികയിൽ രണ്ടായിരത്തിയിരുപതോടെ വിഷാദം രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്. താഴെപ്പറയുന്നവയാണ് വിഷാദത്തിന്റെ ലക്ഷണങ്ങൾ:

1.മിക്കനേരവും നൈരാശ്യമനുഭവപ്പെടുക.
2.ഒന്നിലും താൽപര്യം തോന്നാതാവുകയോ ഒന്നിൽനിന്നും സന്തോഷം കിട്ടാതാവുകയോ ചെയ്യുക.
3.വിശപ്പോ തൂക്കമോ വല്ലാതെ കുറയുകയോ കൂടുകയോ ചെയ്യുക.
4.ഉറക്കം നഷ്ടമാവുകയോ അമിതമാവുകയോ ചെയ്യുക.
5.ചിന്തയും ചലനങ്ങളും സംസാരവും, മറ്റുള്ളവർക്ക് തിരിച്ചറിയാനാകുംവിധം, മന്ദഗതിയിലോ അസ്വസ്ഥമോ ആവുക.
6.ഒന്നിനുമൊരു ഊർജ്ജം തോന്നാതിരിക്കുകയോ ആകെ തളർച്ചറയനുഭവപ്പെടുകയോ ചെയ്യുക.
7.താൻ ഒന്നിനും കൊള്ളാത്ത ഒരാളാണെന്നോ അമിതമായ, അസ്ഥാനത്തുള്ള കുറ്റബോധമോ തോന്നിത്തുടങ്ങുക.
8.ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കഴിവു കുറയുക.
9.മരണത്തെയോ ആത്മഹത്യയെയോ പറ്റി സദാ ആലോചിക്കാൻ തുടങ്ങുക.
മേൽനിരത്തിയവയിൽ ആദ്യ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്നുൾപ്പെടെ ആകെ അഞ്ചെണ്ണമെങ്കിലും, രണ്ടാഴ്ചയിലേറെ, മിക്ക ദിവസവും, നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രതയോടെ നിലനിൽക്കുന്നവർക്കാണ് വിഷാദം നിർണ്ണയിക്കപ്പെടുക. ആറു തൊട്ട് ഒമ്പതു മാസം വരെ നീളാറുള്ള ‘എപ്പിസോഡു’കളായാണ് പൊതുവെ വിഷാദം വരിക. ചിലരുടെ രോഗം ഒരൊറ്റ എപ്പിസോഡിൽ തീരാമെങ്കിൽ മിക്കവർക്കും മാസങ്ങളോ വർഷങ്ങളോ കൂടുമ്പോൾ, പ്രത്യേകിച്ചും വല്ല സമ്മർദ്ദ സാഹചര്യങ്ങളിലൂടെയും കടന്നുപോകുമ്പോൾ, വിഷാദത്തിന്റെ എപ്പിസോഡുകൾ വീണ്ടും വീണ്ടും വരാം.