കുട്ടികളാവട്ടെ മുതിർന്ന വരാവട്ടെ മൊബൈൽ ഫോണും ലാപ്‌ടോപ്പിലും സ്വന്തം ലോകം തീർത്ത് ഇരിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഒന്ന് സൈൻ ഔട്ട് ചെയ്താൽ തീരാത്ത എത്ര ബന്ധങ്ങളുണ്ട് നിങ്ങൾക്ക്? ആത്മാർത്ഥമായി ആലോചിച്ചു നോക്കൂ. നിത്യവും കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ നേരം ചെലവഴിക്കും എന്ന് തീരുമാനിക്കുക. എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് ഒരുമണിക്കൂർ നേരമെങ്കിലും കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കണം.
വിർച്വൽ ലോകമാണ് ലോകമെന്നും ജീവിതമെന്നും ചിന്തിക്കുന്നവർ അവയ്‌ക്കൊക്കെ താല്ക്കാലിക ബ്രേക്ക് കൊടുത്ത് കുടുംബത്തോടൊപ്പമോ പ്രിയപ്പെട്ടവരോടൊപ്പമോ കൂടുതൽ നേരം ചെലവഴിച്ചു നോക്കൂ, നിങ്ങളുടെ ജീവിതം കൂടുതൽ സുന്ദരമാവുന്നത് അനുഭവിച്ചറിയാം. ഓർക്കേണ്ടത് ഒന്നു മാത്രം, ജീവിതത്തിൽ പ്രശ്‌നങ്ങൾ നമ്മളെ പിന്തുടരുന്നതാണ്, നാം പ്രശ്‌നങ്ങളെ തേടിയല്ല ജീവിക്കുന്നത്. സൈബർ ലോകത്തിന്റെ ബഹളത്തിൽ നിന്നിറങ്ങി കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും കൂടുതൽ നേരം ചെലവഴിക്കുമെന്ന് തീരുമാനിച്ചു നോക്കൂ. അത്ഭുതകരമായ മാറ്റമാവും ആ തീരുമാനം നിങ്ങളുടെ വ്യക്തിജീവിതത്തിലും ചിന്താഗതിയിലും ഉണ്ടാക്കുക. കളിയും ചിരിയും കൊച്ചുവർത്തമാനവും തുറന്നു പറച്ചിലും പല മാനസിക പ്രശ്‌നങ്ങൾക്കും ഫുൾ സ്റ്റോപ്പിടും. മുതിർന്നവരുടെ ജീവിതത്തിൽ മാത്രമല്ല, കുട്ടികളിലും ഇത്തരം ശീലം വളർത്തുന്നത് പല കുടുംബങ്ങളും ഇന്ന് നേരിടുന്ന പല പ്രതിസന്ധിക്കും പരിഹാരമുണ്ടാക്കും. കുട്ടികൾക്ക് തുറന്നു പറയാൻ അവസരമില്ലാത്തതും കാരണവന്മാർ അതു കേൾക്കാൻ താത്പര്യപ്പെടാത്തതുമാണ് മിക്ക വീടുകളിലും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വിടവിനു കാരണമാകുന്നത്. ഈ വിടവാണ് വഴിതിരിഞ്ഞു പോകാൻ കുട്ടികൾക്കു പ്രേരണയേകുന്നത്. നിത്യവും ഒരുമിച്ചിരിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും മാറ്റിവെയ്ക്കുന്നത് കുടുംബത്തെ കൂടുതൽ ഇമ്പമുള്ളതാക്കി മാറ്റും.