വൃഷ്ണ സഞ്ചിക്കുള്ളിലെ സിരകളിൽ (vein) രക്തം കെട്ടിനിൽക്കുന്നതുകൊണ്ട് ആ രക്തക്കുഴലുകൾ തടിച്ച് വീർത്ത് വരുന്നു. ഇങ്ങനെ വൃഷ്ണ സഞ്ചിക്കുള്ളിൽ രക്തക്കുഴലുകൾ തടിച്ചു കിടക്കുന്നതിനെയാണ് വേരീക്കോസീൽ എന്നു പറയുന്നത്.

വേരീക്കോസീൽ മൂലം പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും പ്രധാനം പുരുഷ ബീജത്തിന്റെ എണ്ണവും (Count) ചലനശേഷിയും (Motility) കുറയുന്നതാണ്. രക്തം കെട്ടിനിൽക്കുമ്പോൾ വൃഷണ സഞ്ചിക്കുള്ളിലെ ഊഷ്മാവ് കൂടുകയും തത്ഫലമായി ബീജത്തിന് കേടുപാട് സംഭവിക്കുകയും ചെയ്യുന്നു. ധാരാളം രക്തം അവിടെ കെട്ടിനിൽക്കുന്നതുകൊണ്ട് ശുദ്ധ രക്തത്തിന്റെ അഥവ ഓക്സിജൻ കലർന്ന രക്തത്തിന്റെ പ്രവാഹം കുറയുകയും ചെയ്യുന്നു. ഇക്കാരണങ്ങളാലാണ് ബീജത്തിന്റെ ചലനശേഷിയും എണ്ണവും ഗുണനിലവാരവും കുറഞ്ഞ് വന്ധ്യതയിലേയ്ക്ക് നീങ്ങുന്നത്.

പുരുഷ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊന്നാണ് വേരീക്കോസീൽ. കൂടാതെ കാലക്രമത്തിൽ വൃഷ്ണങ്ങളുടെ വലിപ്പം കുറഞ്ഞ് ശോഷിച്ചുപോകുന്നതിനും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്റെ ഉൽപാദനം കുറയുന്നതിനും വേരീക്കോസീൽ കാരണമാകുന്നു. വൃഷണ സഞ്ചിയിൽ വേദന അനുഭവപ്പെടുന്നതിന് വേരീക്കോസീൽ കാരണമാകാറുണ്ട്.