പുരുഷ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊന്നാണ് വേരീക്കോസീൽ. കൂടാതെ കാലക്രമത്തിൽ വൃഷ്ണങ്ങളുടെ വലിപ്പം കുറഞ്ഞ് ശോഷിച്ചുപോകുന്നതിനും പുരുഷ ഹോർമോണായ ടെസ്‌റ്റോസ്‌റ്റെറോണിന്റെ ഉൽപാദനം കുറയുതിനും വേരീക്കോസീൽ കാരണമാകുന്നു. വൃഷണ സഞ്ചിയിൽ വേദന അനുഭവപ്പെടുന്നതിന് വേരീക്കോസീൽ കാരണമാകാറുണ്ട്.
വൃഷണ സഞ്ചിയിലെ തടിച്ചു കിടക്കുന്ന രക്തക്കുഴലുകൾ ഇല്ലാതാക്കുന്നതിനോ അതിന്റെ തടിപ്പ് കുറക്കുന്നതിനോ ഒരു മരുന്നുകളും ഫലപ്രദമല്ല. എന്നാൽ വന്ധ്യതാ ചികിത്സയ്ക്ക് എത്തുമ്പോൾ പല ഡോക്ടേഴ്‌സും മരുന്നുകൾ കൊടുത്തു നോക്കാറുണ്ട്. ഇത് വേരീക്കോസീൽ മാറ്റുന്നതിനല്ല മറിച്ച് ബീജത്തിന്റെ കൗണ്ടും ചലന ശേഷിയും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമാണ്. ബീജത്തിന്റെ കൗണ്ടും ചലനശേഷിയും അൽപമൊക്കെ കൂട്ടാൻ ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കാറുണ്ട് എന്നതൊഴിച്ചാൽ ഗണ്യമായ മാറ്റമൊന്നും ഗുണനിലവാരത്തിൽ വരുത്താൻ കഴിയാറില്ല. വേരീക്കോസീൽ കറക്ട് ചെയ്യുവാനുള്ള മാർഗം ഓപ്പറേഷനാണ്. ഇതിന് പൊതുവേ വേരീക്കോസീലക്ടമി എന്ന് പറയുന്നു.