എറണാകുളത്തെ ഒരു പ്രമുഖ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽനിന്നാണ് ലാലിനെയും ജിഷയെയും ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് റഫർ ചെയ്തത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷവും പത്ത് മാസവുമായി. ഇതുവരെ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല. വീട്ടുകാരുടെ നിർബന്ധപ്രകരമാണ് കുഞ്ഞുങ്ങളുണ്ടാകാത്തതിനുള്ള പരിശോധനക്കും ചികിത്സക്കുമായി ഇൻഫെർട്ടിലിറ്റി സെന്ററിൽ എത്തിയത്. അവർ തമ്മിലുള്ള ശാരീരിക പൊരുത്തമില്ലായ്മ തിരിച്ചറിഞ്ഞ ഗൈനക്കോളജിസ്റ്റ് ഇങ്ങോട്ട് അയക്കുകയും ചെയ്തു.

ലാൽ ഒരു എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകനാണ്. ജിഷ ഒരു പ്രമുഖ കമ്പനിയിലെ ഫിനാൻസ് വിഭാഗത്തിലും. വിവാഹം കഴിഞ്ഞിട്ട് നാലു വർഷമാകാറായെങ്കിലും ഇതുവരെ അവർ ശാരീരിക ബന്ധത്തിന് ശ്രമിച്ചത് അഞ്ചോ ആറോ തവണ മാത്രം. മിക്കപ്പോഴും ലാൽ ഏറെ വൈകിയാണ് വീട്ടിലെത്തിയിരുന്നത്. ജിഷ താൽപര്യം പ്രകടിപ്പിച്ചാൽ തന്നെ എന്തെങ്കിലുമെല്ലാം പറഞ്ഞ് ഒഴിഞ്ഞു മാറും. ജിഷ വസ്ത്രം അഴിച്ചു കളയുന്നതുതന്നെ ലാലിന് അത്ര താൽപര്യമുണ്ടായിരുന്നില്ല. ഇരുവരുടെയും പ്രാഥമിക പരിശോധനകൾക്ക് ശേഷം വിവിധ ടെസ്റ്റുകൾ നിർദ്ദേശിച്ചു. അവർക്ക് ശാരീരികമായി ഒരു കുഴപ്പവുമില്ല. പിന്നെ എന്താണ് അവരുടെ പ്രശ്‌നം. എന്തുകൊണ്ട് ശാരീരിക ബന്ധം നടക്കുന്നില്ല. ലാലിന്റെ മടികൊണ്ടാണ് ഇതെന്നാണ് ജിഷ ആവർത്തിച്ച് പറയുന്നത്.

നിങ്ങൾപോയി രണ്ടാഴ്ച കഴിഞ്ഞ് വരൂ എന്ന് പറഞ്ഞുവിട്ടു. ഈ കാലയളവിൽ സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ രണ്ടാഴ്ച പോയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അവർ മടങ്ങി വന്നില്ല. ഒൻപത് മാസത്തിന് ശേഷമാണ് ലാലിന്റെ മാതാപിതാക്കൾ ഒരു ദിവസം ആശുപത്രിയിലേക്ക് വന്നത്. ലാലും ജിഷയും ഇവിടെ വന്ന കാര്യം അറിഞ്ഞതോടെ കാര്യങ്ങൾ തിരക്കാനായി എത്തിയതാണവർ. എന്നാൽ ചികിത്സക്ക് രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന നിർബന്ധ ബുദ്ധി ഉള്ളതിനാൽ അവരോട് ലാലിനെയോ ജിഷയേയോ കൂട്ടിക്കൊണ്ടു വരാതെ ഒന്നും വെളിപ്പെടുത്തില്ലെന്ന് തറപ്പിച്ച് പറയേണ്ടി വന്നു. ഇരുവരുടെയും സമ്മതത്തോടെ മാത്രമേ കാര്യങ്ങൾ വെളിപ്പെടുത്തൂവെന്ന് ഉറച്ച നിലപാടെടുത്തതോടെ അടുത്ത ദിവസം അവർ ലാലിനെയും ജിഷയെയും കൂട്ടിക്കൊണ്ടു വന്നു. ഇരുവരുടെയും അനുവാദത്തോടെ തന്നെ മാതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞു.

ഒൻപത് മാസം മുൻപ് എന്നെ കണ്ട് മടങ്ങുമ്പോൾ സ്ഥിരമായി ലൈംഗിക ബന്ധം പുലർത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അവർ അത് അനുസരിച്ചിരുന്നില്ല. ഇരുവർക്കും ശാരീരികമായി കുഴപ്പമൊന്നുമില്ലെന്ന് കേട്ടപ്പോൾ മാതാപിതാക്കൾക്കും സമാധാനമായി. എങ്കിലും ഈ പ്രശ്‌നത്തിനൊരു പരിഹാരം ഉണ്ടായേ തീരൂ എന്ന് അവർ ശഠിച്ചു. അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ലാലിനെയും ജിഷയെയും മൂന്നാഴ്ച അഡ്മിറ്റ് ചെയ്തു. ചികിത്സയും കൗൺസിലിങ്ങുമെല്ലാം പുരോഗമിച്ചപ്പോൾ ഒരാഴ്ചക്ക് ശേഷമാണ് അവരുടെ പ്രശ്‌നം എന്തെന്ന് മനസിലായത്. ലാലിന് സ്ത്രീകളുടെ ലൈംഗികാവയത്തോടും അതിൽനിന്ന് വരുന്ന സ്രവത്തോടും കടുത്ത അറപ്പായിരുന്നു. അതുകൊണ്ടാണ് ബന്ധത്തിന് തുനിയാതെ അതിനുള്ള അവസരംപോലും നൽകാതെ മിക്കവാറും വീട്ടിൽ വൈകി വന്നിരുന്നത്. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം അവരുടെ പ്രശ്‌നം പൂർണ്ണമായും പരിഹരിച്ചു. ജിഷ ഇപ്പോൾ നാലു മാസം ഗർഭിണിയാണ്.