അവൾ ഒഴികെയുള്ള എല്ലാവർക്കും നിസ്സാരമെന്നു തോന്നാവുന്ന ഒരു പ്രശ്‌നവുമായാണ് ആ പെൺകുട്ടി കടന്നുവന്നത്. വികാരാർദ്രമായി ചേർത്തുപിടിക്കേണ്ട ആ കരങ്ങളിൽ എപ്പോഴും അപശകുനം പോലൊരു ഫോൺ. ഒന്ന് പ്രണയം തോന്നി വരുമ്പോഴേക്കും ആ ഫോൺ ഒരു കരച്ചിലാണ്. പിന്നെ എന്നെ മറന്ന് അങ്ങേർ ഫോണിന് പിന്നാലെ. അവരുടെ ഹണിമൂൺ കാലത്താണ് എന്ന് ഓർക്കണം കേട്ടോ.

ആൾക്ക് ഏതെങ്കിലും സ്വന്തം കൈ കൊണ്ട് വെച്ചുണ്ടാക്കി കൊടുത്ത് ഒന്ന് പ്രീതി പിടിച്ച് പറ്റാൻ നോക്കിയപ്പോൾ ഡൈനിംഗ് ടേബിളിൽ വന്നതും തിന്നതും എണീറ്റ് കൈകഴുകിയതും ഒക്കെ ഫോൺ ചെവിയിൽ വെച്ച് ആരോടോ ചറപിറാ സംസാരിച്ചു കൊണ്ട്. എന്തിന് കുളിക്കാൻ പോകുമ്പോൾ പോലും കൈയ്യിൽ ഫോൺ ആണെന്നെ.. ഒന്നുകിൽ ഫോൺ വിളി, അല്ലെങ്കിൽ ചാറ്റിങ്..ഒന്ന് രണ്ടുവട്ടം ഫോൺ എടുത്തു മാറ്റിവെച്ചപ്പോൾ ആളുടെ തരമങ്ങ് മാറി..ഇത്തിരി നേരം വയലന്റ്..തടി വെടക്കാകാതെ ഇരിക്കാനായി ഫോൺ കണ്ടുപിടിക്കാൻ കൂടെ ചേർന്ന് ഒന്നുമറിയാത്ത പോലെ അത് തിരിച്ചു നൽകി. ഡോക്ടർ, കല്യാണം ഉറപ്പിച്ച സമയം മുതൽ ഞങ്ങൾ കിന്നരിച്ചിരുന്ന ആ ഫോണിനോട് എനിക്കിപ്പോൾ വെറുപ്പാണ്.. എന്തെങ്കിലും ചെയ്‌തേ തീരൂ..വീട്ടുകാരോട് പറയുമ്പോൾ മാർക്കറ്റിംഗ് വിഭാഗത്തിൽ പണിയെടുക്കുന്ന അവൻറെ ജോലിയുടെ ഭാഗമാണ് എന്നാണ് മറുപടി.

ആ പെൺകുട്ടിയുടെ പരാതി ഗൗരവതരമാണ് എന്നത് നൂറു തരം. ഭാര്യയുടെ പരാതി ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആ യുവാവിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഇതിപ്പോൾ ഇത്ര വലിയ കുറ്റമാണോ എന്ന ഭാവമായിരുന്നു അയാൾക്ക്. ഇങ്ങനെ ഒക്കെ തുടങ്ങിയാൽ എനിക്ക് ജോലി ചെയ്യാൻ ആകില്ല എന്നും എങ്ങനെ ജീവിക്കും എന്നും ചോദിച്ച അയാൾ തന്റെ ഭാഗം ന്യായീകരിക്കാൻ നന്നായി തന്നെ ശ്രമിച്ചു. മാർക്കറ്റിംഗുകാരനല്ലേ. വാചകമടിക്കു കുറവുണ്ടാകുമോ? ഭർത്താവിന്റെ ഫോൺ വിളിയിൽ സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു മാത്രമല്ല, അങ്ങേരെ നൂറു ശതമാനം വിശ്വാസമാണ് എന്നായിരുന്നു അവളുടെ മറുപടി. സംഗതി ആ ഫോൺ ഒഴിവാക്കിയാൽ രണ്ടുപേർക്കും ഇടയിൽ നല്ല പൊരുത്തമുണ്ടെന്നും ഇല്ലേൽ ഇരുവരും സമീപ ഭാവിയിൽ തന്നെ കലഹിച്ചു തീരുമെന്നും അതോടെ ഉറപ്പായി.

ഫോൺ സംബന്ധിച്ചുള്ള പെൺകുട്ടിയുടെ പരാതിയിലെ ന്യായം അയാളെ ബോധ്യപ്പെടുത്താനായി ശ്രമം. വീട്ടിൽ വന്നാൽ എത്ര സമയം ഫോണിൽ ചിലവിടും എന്ന ചോദ്യത്തിന് ഉറങ്ങുന്നത് വരെ എന്ന മറുപടി കിട്ടിയതോടെ അവളുടെ ന്യായം ശരിയാണ് എന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായി..കാര്യങ്ങൾ പറഞ്ഞു മനസിലാക്കി..ജോലി ചെയ്ത് ക്ഷീണിച്ചു വരുമ്പോൾ ഫോണിനേക്കാൾ നല്ലത് സഹധർമ്മിണിയുടെ സാമീപ്യം ആണെന്ന കാര്യം ഒരു കൗൺസിലിങ്ങിലൂടെ അയാളിൽ എത്തിച്ചു.

ഹണിമൂൺ കാലത്തുൾപ്പടെ കരുതലോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തത് കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിന് ഉദാഹരണമാണ് മേൽ സൂചിപ്പിച്ച സംഭവം. ഹണിമൂൺ ഭാര്യാ ഭർത്താക്കന്മാർക്ക് അന്യോന്യം അറിയാനും ലൈംഗീകമായി പൊരുത്തപ്പെടാനും ഉള്ള അവസരമാണ്. സോഷ്യൽ മീഡിയ നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയും ലൈംഗീകാസ്വാദനം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നത് ആണ് ഉത്തമം.