പ്രോസ്റ്റേറ്റില്‍ പ്രധാനമായും മൂന്ന് തരം കോശങ്ങളാണുള്ളത്. സ്രവങ്ങളുണ്ടാക്കുന്ന കോശങ്ങള്‍, പ്രോസ്റ്റേറ്റിലെ മൃദു പേശികളിലെ കോശങ്ങള്‍, നാരു കലകള്‍ എന്നിവയാണവ. ഇവ മൂന്നും പെരുകുന്ന കോശങ്ങളാണ്. പ്രോസ്റ്റേറ്റ് മൂത്രനാളത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നതിനാല്‍ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന കോശങ്ങളുടെ വീക്കവും, പെരുക്കവുമെല്ലാം മൂത്രനാളിയില്‍ സമ്മര്‍ദമുണ്ടാക്കും.

പ്രോസ്റ്റേറ്റിന്‍െറ പുറന്തോടിന് കട്ടിയുള്ളതിനാല്‍ പെരുകുന്ന കോശങ്ങള്‍ അതിനുള്ളില്‍തന്നെ തിങ്ങിഞെരുങ്ങുന്നതോടൊപ്പം അതിലൂടെ കടന്നുപോകുന്ന മൂത്രനാളിയെ ഞെരുക്കി മൂത്ര തടസ്സത്തിനിടയാക്കും. കൂടാതെ ഗ്രന്ഥിക്കകത്തെ പേശീകോശങ്ങള്‍ പെരുകുമ്പോള്‍ പേശികള്‍ വലിഞ്ഞ് മുറുകിയും മൂത്രനാളിയെ സമ്മര്‍ദപ്പെടുത്താം. ഇതും മൂത്ര തടസ്സത്തിനിടയാക്കും. ചെറുതായി വീര്‍ത്ത പ്രോസ്റ്റേറ്റ്  പോലും കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.

പെരുകുന്ന പ്രോസ്റ്റേറ്റ് കോശങ്ങള്‍ മൂത്രതടസ്സത്തിന് പുറമെ അണുബാധ, കല്ലുകള്‍ ഇവ മൂത്രാശയത്തില്‍ ഉണ്ടാകാനുള്ള സാധ്യതയെ വര്‍ധിപ്പിക്കാറുണ്ട്. കൂടാതെ മൂത്രാശയത്തിന്‍െറ അടിഭാഗത്തിന് ചരിവ് വരുത്തുന്നതിനാല്‍ മൂത്രം പൂര്‍ണമായും ഒഴിഞ്ഞ് പോകാതിരിക്കാനും അതുവഴി അണുബാധക്കുമിടയാക്കും .

പ്രോസ്റ്റേറ്റ്  വീക്കം അണുബാധയെ തുടര്‍ന്നും ഉണ്ടാകാറുണ്ട്. പ്രോസ്റ്റേറ്റ്, മൂത്രനാളി, മൂത്രസഞ്ചി തുടങ്ങിയവയിലുണ്ടാകുന്ന അണുബാധയത്തെുടര്‍ന്നും, പ്രോസ്റ്റേറ്റ്  വീങ്ങും. മൂത്രസഞ്ചിയില്‍നിന്ന് മൂത്രം പൂര്‍ണമായും ഒഴിഞ്ഞ് പോകാത്ത അവസ്ഥയുണ്ടാകുന്നതും അണുബാധക്കിടയാക്കും. കൂടാതെ അമിത വ്യായാമം, മൂത്രസഞ്ചി നിറഞ്ഞിരിക്കുമ്പോള്‍ കുനിഞ്ഞ് ഭാരമെടുക്കല്‍, വളരെക്കൂടുതല്‍ നേരം മൂത്രം പിടിച്ചുനിര്‍ത്തുക, മൂത്രനാളി ചുരുങ്ങുക തുടങ്ങിയവയും അണുബാധക്കിടയാക്കാറുണ്ട് .

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)