രാജശ്രീ കുടുംബിനിയും ഒരു കുഞ്ഞിന്റെ മാതാവുമാണ്. വിദ്യാഭ്യാസം പത്താം ക്ലാസ് വരെ മാത്രം. അവരുടെ ഒരു അവിഹിതബന്ധം നാട്ടുകാർ ചേർന്ന് പിടിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. അവരെയും കാമുകനെയും പൂട്ടിയിട്ട ശേഷം നാട്ടുകാർ അകലെ ജോലി ചെയ്യുന്ന രാജനെ വിവരം അറിയിക്കുകയായിരുന്നു. മടങ്ങിയെത്തിയ രാജനും നാട്ടുകാരും ചേർന്ന് രണ്ടുപേരെയും നന്നായി കൈകാര്യം ചെയ്തു. 


രാജശ്രീയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെ  കൂടെ അവളെ അയക്കുകയും ചെയ്തു. പതിനേഴുകാരിയുടെ മാതാപിതാക്കളാണ് രാജശ്രീയും രാജനും. ഇതുകണക്കിലെടുത്താണ് ബന്ധുക്കൾ ഇടപെട്ട് സമവായ ശ്രമം ആരംഭിച്ചത്. രാജശ്രീക്ക് ശക്തമായ താക്കീത് നൽകിയാൽ  ഒരു ഒത്തുതീർപ്പിന്  തയ്യാറാണെന്ന് രാജൻ അറിയിച്ചതോടെ സ്ഥിതിഗതി നിയന്ത്രണത്തിലായി. അവിഹിതബന്ധത്തിലേക്ക് വഴുതിവീഴാനുള്ള കാരണം ചില ബന്ധുക്കൾ ചോദിച്ചതോടെ അതുവരെയുള്ള നിസംഗത കൈവെടിഞ്ഞു രാജശ്രീ പൊട്ടിത്തെറിച്ചു.

അവളുടെ ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു അവരുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തെ ദാമ്പത്യം പരിശോധിച്ചാൽ അവർ തമ്മിൽ ശാരീരികബന്ധം നടന്നത് കേവലം മൂന്നോ നാലോവട്ടം മാത്രം. ആദ്യബന്ധത്തിൽ തന്നെ രാജശ്രീ ഗർഭിണിയാകുകയും ചെയ്തു. പിന്നെ ഗർഭകാല പരിചരണം, പ്രസവം, കുഞ്ഞിനെ വളർത്തൽ..അങ്ങനെ നാലഞ്ചു വർഷം കടന്നുപോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല. 


രാജന്റെ മുഖ്യപ്രശ്‌നം ശീഘ്രസ്ഖലനമായിരുന്നു. ബന്ധത്തിനുള്ള ശ്രമം ആരംഭിക്കുമ്പോൾ തന്നെ മിക്കവാറും എല്ലാം അവസാനിക്കും. അനവധി തവണകൾ ശ്രമിച്ച ശേഷമാണ് മൂന്നോ നാലോ വട്ടം ലൈംഗിക ബന്ധം നടന്നത്. അതുതന്നെ ഏതാനും സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. രാജശ്രീയെ സംബന്ധിച്ചിടത്തോളം ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി അത്താഴം ഇല്ലെന്ന് പറയുന്ന അവസ്ഥ. എപ്പോഴെങ്കിലും രാജൻ താല്പര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും-എന്തിനാ നമ്മൾ വെറുതെ മെനക്കെടുന്നത് ?

രാജന് മറ്റൊരു പ്രശ്‌നം കൂടിയുണ്ടായിരുന്നു. ബന്ധപ്പെട്ടപ്പോൾ എല്ലാം കുറെ നേരത്തേക്ക് ലിംഗത്തിനുള്ളിൽ പുകച്ചിലും വേദനയും വരും. കുറച്ചു നേരത്തേക്ക് മൂത്രമൊഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടാകും. അക്കാരണത്താൽ അയാൾ സ്വയംഭോഗം ഉൾപ്പടെ നിർത്തി. ഇത്തരം സാഹചര്യത്തിലാണ് തന്റെ വീടിനു മുകളിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫുമായി രാജശ്രീക്ക് സൗഹൃദം ഉടലെടുത്തത്. അത് ശാരീരിക ബന്ധമായി വളർന്നപ്പോഴേക്കും നാട്ടുകാരുടെ കണ്ണിൽപെടുകയും ചെയ്തു.

രാജശ്രീയുടെ സഹോദരനും ഭാര്യയും ചേർന്നാണ് ഇരുവരെയും ചികിത്സക്കായി കൊണ്ടുവന്നത്. രാജന് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് നീർക്കെട്ടും അണുബാധയുമുണ്ടായിരുന്നു. ഈ അസുഖം പഴകിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഏകദേശം രണ്ടുമാസത്തെ ചികിത്സകൊണ്ട് നീർക്കെട്ടും അണുബാധയും പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കുറച്ചുനാൾ കൂടി തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തുഷ്ടരാണ്.