ഭർത്താവിന്റെ പോൺ കാഴ്ചയും അതിനെ തുടർന്നുള്ള സ്വയംഭോഗത്തിലൂടെയുള്ള  സംതൃപ്തി നേടലും ദാമ്പത്യജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഭർത്താവിന്റെ പോണ്‍ അടിമത്തം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം തേടി സെക്സോളജിസ്റ്റിനെ സമീപിക്കുന്ന ഭാര്യമാരുടെ എണ്ണവും കൂടിയിട്ടുണ്ട്. 

ഏതു തരത്തിലുള്ള ലൈംഗികാസ്വാദനത്തേയും തൃപ്തിപ്പെടുത്തുന്ന പോണ്‍ വീഡിയോകൾ ഇന്നു സുലഭമാണ്. ഇത്തരം സൈറ്റുകളിലധികവും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ആവശ്യമുള്ളവർക്ക് അത്തരം വിഡിയോകളും മറ്റും സുലഭമായി ലഭിക്കുന്നുണ്ട്. വിവിധങ്ങളായ ലൈംഗികാതിക്രമങ്ങളുടേയും വൈകൃതങ്ങളുടേയും സഞ്ചയമാണ് പോൺസൈറ്റുകളിൽ മിക്കതിലെയും പ്രധാന വിഭവങ്ങൾ.ഇത്തരത്തിലുള്ള അശ്ലീല ദൃശ്യവിരുന്നിനു വിധേയപ്പെട്ടു പോകുന്നവരുടെ എണ്ണവും കുറവല്ല. ക്രമേണ അവർ യഥാർഥ ലൈംഗികത വേണ്ടവിധം ആസ്വദിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.

ഏതു തരത്തിലുള്ള പോണാണ് കാണുന്നത് എന്നതു വളരെ പ്രധാനമാണ്. അപക്വവും ലൈംഗിക വൈകൃതങ്ങളും നിറഞ്ഞവയുടെ പതിവു കാഴ്ചക്കാരന്റെ ലൈംഗിക താൽപര്യങ്ങളും മനസ്സും വികലമായ വഴികളിലൂടെ മാത്രം സഞ്ചരിക്കും. അത് അയാളുടെ ലൈംഗിക കാഴ്ചപ്പാടുകളെ വികലമായി പരുവപ്പെടുത്താൻ കാരണമാവും. ലൈംഗികതയിൽ വലിയതോതിലുള്ള അരാജകത്വത്തിലേക്കു നയിക്കുകയും ചെയ്യാം. അത്തരത്തിൽ രൂപപ്പെടുന്ന ലൈംഗിക അസമത്വങ്ങളും വൈകല്യങ്ങളും പുരുഷൻമാരിൽ കൂടിയതായി കാണുന്നുണ്ട്. പോൺ അഡിക്ഷനിൽ നിന്നും മോചനം നൽകുക എന്നത് അത്ര അനായാസം സാധ്യമാകുന്ന ഒന്നല്ല. രോഗിയുടെ ദൃഢമായ തീരുമാനവും കൃത്യതയാർന്ന കൗൺസിലിംഗും ഉണ്ടെങ്കിൽ മാത്രമെ അതിൽ നിന്നും ഒരു മോചനം സ്വപ്നം കാണാൻ പോലുമാകൂ എന്നുകൂടി തിരിച്ചറിയുക.