ചോദ്യം
എൻറെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു. ഞങ്ങൾ നല്ല സ്നേഹത്തിലുമാണ്. പക്ഷേ, ഇതുവരെ പൂർണതോതിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യോനിയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ലിംഗത്തിൽ വേദന അനുഭവപ്പെടുന്നു. മിക്കവാറും ബലം നഷ്ടമാകുകയും ചെയ്യുന്നുണ്ട്. കുട്ടികൾ ഇല്ലാത്തതിന്റെ സമ്മർദം കൂടിയപ്പോൾ ഭാര്യ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടിരുന്നു, അവൾക്ക് കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത് . ബലം നഷ്ടപ്പെടാതെ ഇരിക്കാനായി എനിക്ക് ബന്ധത്തിന് മുൻപ് കഴിക്കാനുള്ള ഗുളികകളും തന്നു. അതുകഴിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. ചെറുപ്പം മുതൽക്കേ ആളുകളെ അഭിമുഖീകരിക്കാൻ മടിയുള്ള ആളാണ് ഞാൻ, അതുകൊണ്ടാണ് ഡോക്ടറെ നേരിട്ട് കാണാൻ മടിക്കുന്നത്. ഇതിനൊരു പരിഹാരം നിർദേശിക്കാമോ ?
ഉത്തരം
കത്തിലെ വിവരങ്ങൾ വിലയിരുത്തുമ്പോൾ ഇതൊരു അൺ കൺസ്യൂമേറ്റഡ് മാരിയേജ് ആണെന്ന് മനസിലാക്കുന്നു. ഭാര്യയെ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞ സ്ഥിതിക്ക് താങ്കൾക്കും പരിശോധനകൾ വേണം. ഉദ്ധാരണം നിലനിൽക്കാത്തതിന്റെ കാരണമെന്തെന്നത് പരിശോധനകളിലൂടെ മനസിലാക്കണം. ബന്ധത്തിന് ശ്രമിക്കുമ്പോൾ ലിംഗാഗ്രത്തിൽ വേദനയെടുക്കുന്നത് എന്തുകൊണ്ടാണെന്നും മനസിലാക്കണം. ചിലർക്ക് അഗ്രചർമ്മം പുറകോട്ട് മാറുമ്പോൾ വേദനയനുഭവപ്പെടാം. അത് ഉദ്ധാരണം നഷ്ടമാകുന്നതിനും കാരണമാകാം. ലിംഗാഗ്രചർമ്മം ഇറുകിയതാണെങ്കിൽ ചിലപ്പോൾ ഒരു ലഘു ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ചോദ്യത്തിലെ വിവരങ്ങൾ അനുസരിച്ച് നിങ്ങളൽപ്പം ഉത്കണ്ഠാകുലനായ വ്യക്തിയാണെന്ന് തോന്നുന്നു. ഇതും ബന്ധപ്പെടുന്ന സമയത്ത് ഉദ്ധാരണം നഷ്ടപ്പെടാൻ കാരണമാകാം. മേല്പറഞ്ഞ സാഹചര്യങ്ങളെല്ലാം വിലയിരുത്തി, ബന്ധം നടക്കാത്തതിന്റെ കൃത്യമായ കാരണം കണ്ടുപിടിച്ചെങ്കിലേ പ്രശ്നം പരിഹരിക്കുവാൻ കഴിയുകയുള്ളൂ. അതിന് താങ്കൾ നേരിട്ട് ഡോക്ടറെ കണ്ടുതന്നെ പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ട്. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മാത്രം നിങ്ങളുടെ ഭാര്യയെ ആവശ്യമെങ്കിൽ വീണ്ടുമൊരു പരിശോധനക്ക് വിധേയയാക്കേണ്ടി വന്നേക്കാം. എന്തായാലും താങ്കളുടെ പ്രശ്നം പൂർണമായും ചികിൽസിച്ച് മാറ്റാൻ കഴിയുന്നതാണ്.




0 Comments