കേരളത്തിലെ അറിയപ്പെടുന്ന ഒരു സർവകലാശാലയിൽ ഓഫീസ് സീനിയർ സുപ്രണ്ട് ആണ് ജോസഫ്. വയസ് 40. ഇരുപത്തിയാറാം വയസിൽ ആയിരുന്നു വിവാഹം. ഒരു കുട്ടിയുടെ പിതാവാണ്. ഭാര്യ മേഴ്സി. രണ്ടാമതൊരു കുഞ്ഞുവേണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ, എന്തുചെയ്യാം.. അപ്പുറത്തും ഇപ്പുറത്തും മാറി കിടന്നാൽ എങ്ങനെ സന്താനം ഉണ്ടാകും ? മേഴ്സി ദിവ്യത്വമൊന്നും ഇല്ലാത്ത വെറുമൊരു വീട്ടമ്മയല്ലേ ?
വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം വളരെ സാധാരണമായ ഒരു ദാമ്പത്യ ജീവിതമായിരുന്നു ജോസഫിന്റെയും മേഴ്സിയുടെയും. മേഴ്സി ഗർഭിണിയായതോടെ ലൈംഗീക ബന്ധം കുറഞ്ഞുതുടങ്ങി. പ്രസവശേഷം പിന്നീട് ഇതേവരെ അവർ തമ്മിൽ ബന്ധപ്പെട്ടതാകട്ടെ വിരലിൽ എണ്ണാവുന്ന തവണ മാത്രവും. കാരണം ജോസഫിന് താല്പര്യം കുറഞ്ഞു. പലപ്പോഴും മേഴ്സിയുടെ നിർബന്ധത്തിന് വഴങ്ങി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ആകട്ടെ ആ ശ്രമങ്ങൾ എല്ലാം പാതിവഴി വരെ മാത്രമേ എത്തിയുള്ളൂ. രതിമൂർച്ച എത്താതെ തന്നെ ഇരുവരും കിടക്ക വിട്ടു.
ഒരിക്കൽ സകല നിയന്ത്രണവും വിട്ടപ്പോൾ മേഴ്സി പൊട്ടിത്തെറിച്ചു, പൊട്ടിക്കരഞ്ഞു, പിന്നീട് വല്ലാതെ അങ്ങ് നിയന്ത്രണം വിട്ടു രൗദ്രഭാവത്തിൽ ആയി. അവളുടെ ആ പൊട്ടിത്തെറി അവസാനിച്ചപ്പോൾ ഒരൽപം പതിഞ്ഞ സ്വരത്തിൽ ജോസഫ് പറഞ്ഞു, ”മിന്നുകെട്ടിന് മുൻപ് നിന്റെ കാൽ ഞാൻ കണ്ടിരുന്നുവെങ്കിൽ ഞാൻ നിന്നെ കെട്ടില്ലായിരുന്നു മേഴ്സി.” മേഴ്സി തന്റെ കാലിലേക്ക് നോക്കി, യാതൊരു തരത്തിലുള്ള വൈകല്യവും ഇല്ലാത്ത ആരോഗ്യമുള്ള കാൽ പാദങ്ങൾ… ഇതിനെന്താ കുഴപ്പം എന്ന് ചോദിച്ച അവൾക്കു മുന്നിൽ അയാൾ മനസ് തുറന്നു.
നല്ല വെളുത്ത ചെറിയ കാൽപാദങ്ങൾ… ഇതായിരുന്നു ചെറുപ്പം മുതൽ ജോസഫിന് ഇഷ്ടം. വെളുത്ത ചെറിയ കാൽപാദങ്ങൾ ഓർത്തു കൊണ്ടായിരുന്നു ചെറുപ്പം മുതൽ അയാൾ സ്വയംഭോഗം ചെയ്തിരുന്നത് പോലും. അല്ലെങ്കിൽ മനസ്സിൽ അത്തരം കാൽ വന്നാൽ മാത്രമേ അയാൾക്ക് പൂർണ്ണ തൃപ്തി കിട്ടുമായിരുന്നുള്ളൂ.. പതുക്കെ പതുക്കെ അതൊരു വൈകല്യമായി മാറി. മേഴ്സിയുടെ കാൽ അൽപ്പം നീണ്ടതായിരുന്നു, അത്രയ്ക്ക് വെളുത്തതും അല്ല. അതായിരുന്നു അയാളുടെ പ്രശ്നം.
ഫെറ്റിഷിസം എന്ന് പറയുന്ന ഒരു രതി വൈകല്യത്തിന് അടിമയായിരുന്നു ജോസഫ്. ചെറുപ്പത്തിൽ എപ്പോഴോ താനറിയാതെ തന്നെ തുടങ്ങിവെച്ച സ്ത്രീകളുടെ ചെറിയ, വെളുത്ത പാദങ്ങളോടുള്ള ആരാധനയും ആകർഷണവും അയാളെ രതിവൈകല്യ അടിമയാക്കി. ദാമ്പത്യ അകൽച്ചയ്ക്കും ലൈംഗിക ബന്ധം ഒഴിവാക്കുന്നതിലും വരെയെത്തി കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾ മനസ്സിൽ രൂഡമൂലമാണ് എന്നുറപ്പുണ്ടെങ്കിൽ, അത് സ്വയം മാറ്റിയെടുക്കാൻ താൽപര്യവും ആഗ്രഹവും ഇല്ലെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുകയാണ് ഉചിതം. അല്ലെങ്കിൽ നിരപരാധിയായ ഒരു സ്ത്രീയുടെ ജീവിതം കൂടി താറുമാറായി പോകും. ഇതിനുള്ള ചികിത്സ ഏറെ വിഷമം പിടിച്ചതാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ രോഗിയുടെ ആത്മാൾത്ഥമായ ആഗ്രഹവും തുറന്ന സമീപനവും അതിനുള്ള പരിശ്രമവും ഉണ്ടെങ്കിലേ സാധ്യമാകൂ…

0 Comments