വിവാഹ ശേഷം എത്ര ശ്രമിച്ചിട്ടും വിജയകരമായ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാന്‍ കഴിയാത്ത അവസ്ഥയ്ക്കാണ് അണ്‍ കണ്‍സ്യൂമേറ്റഡ് മാര്യേജ് എന്നു പറയുന്നത്.  സാധാരണ നവ ദമ്പതികളുടെ ഇടയിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരിക. ഇത് ദമ്പതികളുടെ ഇടയിൽ പലതരത്തിലുള്ള മാനസിക സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നിൽ വിവിധ കാരണങ്ങളാണുള്ളത്. 

പുരുഷന്‍റെ ഉദ്ധാരണക്കുറവ്, ശീഘസ്ഖലനം, ലൈംഗിക ബന്ധത്തിന് താൽപര്യമില്ലാത്ത അവസ്ഥ, ലൈംഗിക കാര്യങ്ങളോടുള്ള അറപ്പ്, ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭയം, വേണ്ടത്ര അറിവില്ലായ്മ തുടങ്ങി പല കാരണങ്ങളുമാകാം. സ്ത്രീകളുടെ ആഗ്രഹക്കുറവ്, ബന്ധത്തിലേര്‍പ്പെടുവാനുള്ള ഭയം, യോനീ സങ്കോചം, ലൈംഗിക കാര്യങ്ങളിലുള്ള അറപ്പ് ഇവയെല്ലാം കാരണമാകാം. ദമ്പതികള്‍ തമ്മിലുള്ള കലഹവും പലപ്പോഴും ശരിയായ ലൈംഗിക ബന്ധത്തിന് തടസം സൃഷ്ടിക്കുന്നു. വന്ധ്യതയ്ക്കുവേണ്ടി ചികിത്സ തേടിയെത്തുന്ന അനവധി ദമ്പതികളുടെ യഥാര്‍ത്ഥ പ്രശ്നവും ഇത് തന്നെയാണ്-വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ചിട്ടും ശരിയായ രീതിയിൽ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്ത അവസ്ഥ.

ചികിത്സ

വിവാഹ ശേഷം ലൈംഗിക ബന്ധം നടത്താന്‍ കഴിയാത്ത അവസ്ഥ  പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണ്. ഭാര്യയെയും ഭര്‍ത്താവിനെയും കണ്ട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കിയ ശേഷം ഇരുവരുടെയും ശാരീരിക പരിശോധനകളും കഴിയുമ്പോള്‍ ബന്ധം നടക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്തെന്ന് കണ്ടെത്തുവാന്‍ കഴിയും. ഈ കാരണത്തെ അടിസ്ഥാനമാക്കി ചികിത്സിച്ചാൽ പ്രശ്നം പൂര്‍ണമായും പരിഹരിക്കുവാന്‍ കഴിയും. ഈ ചികിത്സയ്ക്ക് രണ്ട് മുതൽ മൂന്നാഴ്ച മാത്രമേ സമയം വേണ്ടി വരികയുള്ളൂ.