ദീർഘനിശ്വാസത്തിനൊടുവിൽ പത്മജ ഗദ്ഗദകണ്ഠയായി. ” ഇന്നാണ് ഞാൻ യഥാർത്ഥഭാര്യ ആയത്. ഈ ശിവരാത്രി ദിവസം എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ദിവസം-ഇത് എന്റെ രണ്ടാം ജന്മമോ മൂന്നാം ജന്മമോ,എന്താണെന്ന് പറഞ്ഞറിയിക്കാനാകുന്നില്ല ”
പാലക്കാട്ടെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു പത്മജയുടെ ജനനം. കഷ്ടിച്ച് പത്താം തരം വരെയായിരുന്നു വിദ്യാഭ്യാസം. 1996 മാർച്ച് 14 നു വിവാഹിതയായി. ഇതിനിടയിൽ ഈ നാൾ വരെ ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമുണ്ടായില്ല. പല ആശുപത്രികളിലും കയറിയിറങ്ങി. കണ്ട ഡോക്ടർമാരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു-തനിക്ക് കുഴപ്പമൊന്നുമില്ല, പേടി മാറ്റിയാൽ മതി. പക്ഷേ എത്രശ്രമിച്ചിട്ടും പത്മജക്ക് അതിനുകഴിഞ്ഞില്ല. രാഘവേന്ദ്രൻ വളരെ സ്നേഹമുള്ള ഭർത്താവാണ്. ഒരിക്കലും ഒന്നിനും നിർബന്ധിക്കുന്ന വ്യക്തിയല്ല. അതുകൊണ്ടെന്താ? പത്തുവർഷമായിട്ടും അവരുടെ ബന്ധം പൂർത്തിയാക്കാൻ ആയില്ല. പത്മജയുടെ അവസ്ഥക്ക് ആഘാതം കൂട്ടിക്കൊണ്ട് 2006 ൽ രാഘവേന്ദ്രൻ ഒരു വാഹനാപകടത്തിൽ മരിക്കുകയും ചെയ്തു.
കുറച്ചുനാളുകൾക്ക് ശേഷം പല ആലോചനകളും വന്നെങ്കിലും ഇനിയൊരു വിവാഹമേ വേണ്ട എന്നായിരുന്നു പത്മജയുടെ തീരുമാനം. ബന്ധുക്കൾ കൊണ്ടുവന്ന ആലോചനകളെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് പത്മജ മുടക്കിക്കൊണ്ടേയിരുന്നു.
അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോയപ്പോഴാണ് മധുവിനെ പത്മജ പരിചയപ്പെട്ടത്. വലിയമ്മയുടെ വീടിനടുത്ത് താമസിക്കുന്ന ആളെന്ന നിലയിൽ പരിചയപ്പെട്ടെങ്കിലും കൂടുതലൊന്നും സംസാരിച്ചില്ല. വലിയമ്മയാണ് മധുവിന്റെ വിവരങ്ങൾ പലപ്പോഴായി പത്മജയോട് പറഞ്ഞത്.അയാളുടെയും കുടുംബജീവിതം ഒരു പരാജയമായിരുന്നു. ഭാര്യ ഒരു മാനസിക രോഗിയായിരുന്നു. അതുമറച്ചു വെച്ചാണ് അവർ ആ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞയുടനെ രോഗവും ഇളകി. ഒരു വർഷത്തോളം മധു എല്ലാം സഹിച്ചു. ചികിൽസിച്ചിട്ടും രോഗം ഭേദമാകാതെ വന്നതോടെ വിവാഹമോചനം നേടി. വിവാഹജീവിതം ഇഷ്ടമായിരുന്നുവെങ്കിലും വിവാഹം കഴിക്കാൻ അയാൾക്ക് പേടിയായിരുന്നു. ഇനി വരുന്ന പെൺകുട്ടി ഏത് തരക്കാരി ആണെന്ന് അറിയില്ലല്ലോ എന്ന ചിന്ത മധുവിന്റെ പേടി കൂട്ടി.
മധു പത്മജക്ക് ചേർന്ന വരൻ തന്നെയെന്ന് വലിയമ്മക്ക് തോന്നിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തരംകിട്ടുമ്പോഴൊക്കെ വലിയമ്മ മധുവിനെക്കുറിച്ചും അയാൾ അനുഭവിച്ച കഷ്ടതകളെക്കുറിച്ചും പത്മജയോട് പറഞ്ഞു. പതിയെ വിവാഹത്തിനുള്ള നിർബന്ധവും തുടങ്ങി. ഈ സമീപനത്തിലൂടെ വലിയമ്മ പതുക്കെ പതുക്കെ പത്മജയുടെ മനസ് മാറ്റിയെടുത്തു. അവളുടെ മനസിന്റെ കോണിൽ മധുവിനോട് സഹതാപവും താല്പര്യവും ജനിച്ചു. അങ്ങനെയാണ് പത്മജ രണ്ടാം വിവാഹത്തിന് സമ്മതിച്ചത്.
ഔദ്യോഗിക പെണ്ണുകാണലിനിടെ മധു പത്മജയോട് പഴയ വിവാഹത്തെക്കുറിച്ച് ചോദിച്ചെങ്കിലും അവളൊന്നും വിട്ടുപറഞ്ഞില്ല. ഒരു കാര്യം മാത്രം പറഞ്ഞു-ഞാനിപ്പോഴും ഫ്രഷ് ആണ്. മധു അത് പൂർണ അർത്ഥത്തിൽ ഗ്രഹിച്ചോ എന്നുതന്നെ വ്യക്തമല്ല. പത്മജക്ക് ആദ്യ വിവാഹത്തിൽ ശാരീരിക ബന്ധം സാധ്യമായിരുന്നില്ല എന്നത് വിവാഹത്തിന് ശേഷമാണ് മധു മനസിലാക്കിയത്. ആദ്യത്തെ ആറേഴു മാസം ശാരീരിക ബന്ധത്തിന് അവർ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. അവർ നഗരത്തിലെ ഒരു പ്രധാന ഗൈനക്കോളജിസ്റ്റിനെ കണ്ടു. പരിശോധനക്ക് ശേഷം ഡോക്ടർ പറഞ്ഞു- ഈ കുട്ടിയുടെ കന്യാചർമം പോലും പോയിട്ടില്ല. അത് നീക്കം ചെയ്യാൻ ഒരു ഓപറേഷനുണ്ട്. അത് ചെയ്താൽ നിങ്ങളുടെ പ്രശ്നമൊക്കെ മാറും.
അങ്ങനെ ഓപ്പറേഷൻ നടന്നു. അവർ പലകുറി ശ്രമിച്ചെങ്കിലും ഫലം പഴയതു തന്നെ. ഒടുക്കം ആ ഡോക്ടർ തന്നെയാണ് അവരെ ഡോ. പ്രമോദുസ് ഇൻസ്റ്റിട്യൂട്ടിലേക്ക് റഫർ ചെയ്തത്.
ഞങ്ങളുടെ ഗൈനക്കോളജിസ്റ്റിന് പത്മജയെ പരിശോധിക്കാൻ പോലും ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല. അവൾ അത്രമാത്രം പേടിക്ക് അടിമപ്പെട്ടു പോയിരുന്നു. അവരുടെ ചികിത്സക്ക് പതിനേഴു ദിവസങ്ങൾ വേണ്ടിവന്നു. മരുന്നുകൾ ഒന്നുംകൂടാതെ സെക്സ് തെറാപ്പിയിലൂടെ അവരുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. അതും ഒരു ശിവരാത്രി ദിനത്തിൽ. വിജയകരമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ കഴിഞ്ഞുവെന്നത് പത്മജക്ക് വിശ്വസിക്കാൻപോലുമായില്ല. ആ നിറഞ്ഞ സന്തോഷത്തിനിടയിലും അവൾ കരഞ്ഞുകൊണ്ടേ ഇരുന്നു. അതിനിടയിൽ അവൾ ഞങ്ങളോട് ഗദ്ഗദകണ്ഠയായി പറഞ്ഞ വാക്കുകളാണ് ആദ്യമേ കുറിച്ചത്.

0 Comments