പുരുഷന്മാരിലെ രതിമൂർച്ഛാഹാനി (Male Orgasmic Dysfunction / Delayed Ejaculation / Retarded Ejaculation)

ലൈംഗിക ബന്ധത്തിലോ പ്രവൃത്തിയിലോ പുരുഷന് രതിമൂർച്ഛ ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ വളരെ വൈകി ലഭിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് 13,402 പുരുഷന്മാരിൽ നടത്തിയ ഗവേഷണം കാണിക്കുന്നത് അവരിൽ മൂന്നു ശതമാനംപേർക്ക് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നുവെന്നതാണ്. വില്യം മാസ്‌റ്റേഴ്‌സും വെർജീനിയ ജോൺസണും നടത്തിയ പഠനത്തിൽ 448 പുരുഷന്മാരിൽ 3.8 ശതമാനംപേർക്കും രതിമൂർച്ഛാഹാനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. രതിമൂർച്ഛാഹാനിയുടെ മുഖ്യ കാരണം മാനസികമാണ്. ജീവിതത്തിലൊരിക്കലും സ്വയംഭോഗം ചെയ്തിട്ടില്ലാത്തവരിലാണ് ശുക്ല സ്ഖലനം നടത്തുവാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ഇവർക്ക് ലൈംഗിക ബന്ധത്തിലൂടെയോ സ്വയം ഭോഗത്തിന് ശ്രമിച്ചാലോ ശുക്ല വിസർജനം നടക്കുകയില്ലെങ്കിലും ഉറക്കത്തിൽ സ്വപ്‌ന സ്ഖലനത്തിന്റെ രൂപത്തിൽ അത് സംഭവിക്കാറുണ്ട്. കാരണം ശാരീരികമല്ലാത്തതിനാൽ രതിമൂർച്ഛാഹാനിയുടെ ചികിത്സയിൽ മരുന്നുകൾക്ക് കാര്യമായ പങ്കൊന്നും വഹിക്കാനില്ല. ചിട്ടയായും ക്രമമായുമുള്ള സെക്‌സ് തെറാപ്പിയാണ് രതിമൂർച്ഛാഹാനിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ. ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ രതിമൂർച്ഛയും ശുക്ല സ്ഖലനവുമില്ലാതിരുന്ന 137 രോഗികളിൽ 50 ശതമാനം പേരാണ് ചികിത്സയ്ക്ക് തയ്യാറായത്. അവരിൽ 84 ശതമാനംപേരും സെക്‌സ് തെറാപ്പിയിലൂടെ പൂർണ്ണ സുഖംപ്രാപിച്ചു.